അപകടഭീഷണിയായി പഴയ കെട്ടിടം: ആലപ്പുഴ നഗരസഭ നോട്ടീസ് നൽകി
text_fieldsആലപ്പുഴ-തണ്ണീർമുക്കം റോഡരികിൽ ജില്ല കോടതിക്ക് വടക്ക് പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായ പഴയകെട്ടിടം
ആലപ്പുഴ: വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണി ഉയർത്തി പഴയകെട്ടിടം. എത്രയുംവേഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭാധികൃതർ ഉടമകൾക്ക് നോട്ടീസ് നൽകി.ആലപ്പുഴ-തണ്ണീർമുക്കം റോഡരികിൽ ജില്ല കോടതിക്ക് വടക്ക് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് കീഴിലുള്ള ആഹാര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കാലപ്പഴക്കംചെന്ന കെട്ടിടം. രണ്ടുമാസം മുമ്പ് മുകളിലത്തെ നില വിണ്ടുകീറി നിലംപതിക്കാറായ നിലയിലായിരുന്നു.
അന്ന് നഗരസഭ നോട്ടീസ് നൽകിയിരുന്നു. സ്വന്തം നിലക്ക് കെട്ടിടം പൊളിച്ചുനീക്കാമെന്ന് അന്ന് ഉടമസ്ഥർ അറിയിച്ചെങ്കിലും അതിനുള്ള നടപടി സ്വീകരിച്ചില്ല. മഴക്കാലമെത്തുന്നതോടെ കെട്ടിടം ഇടിഞ്ഞുവീണ് ആളപായമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നഗരസഭയുടെ ഇടപെടൽ.
ചൊവ്വാഴ്ച പൊളിച്ചുമാറ്റണമെന്ന് കാണിച്ചാണ് ആലപ്പുഴ നഗരസഭാധികൃതർ നോട്ടീസ് നൽകിയത്. ഉടമകൾ അതിന് തയാറായിലെങ്കിൽ ബുധനാഴ്ച നഗരസഭ പൊളിച്ചുനീക്കുമെന്ന് മുന്നറിയിപ്പ് നൽകി.കെട്ടിടം ജീവനുഭീഷണിയാണെന്ന് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. അഭിഭാഷകരുടെ ഓഫിസുകൾ, റേഷൻവ്യാപാരി സംഘടനയുടെ ഓഫിസ്, മെഡിക്കൽ സ്റ്റോർ തുടങ്ങിയവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

