വിസ്മയക്കാഴ്ചകളൊരുക്കി ഓച്ചിറ കാളകെട്ടുത്സവം ഇന്ന്
text_fieldsകായംകുളം: ഓണാട്ടുകരയിലെ ഉത്സവങ്ങൾക്ക് തുടക്കംകുറിച്ചുള്ള വിസ്മയക്കാഴ്ചകളുടെ ആഘോഷമായ കാളകെട്ടുത്സവത്തിന് നാടൊരുങ്ങി.
28ാം ഓണാഘോഷത്തോടനുബന്ധിച്ച കാളകെട്ടുത്സവം ബുധനാഴ്ചയാണ് നടക്കുന്നത്. ഓണാട്ടുകരയിലെ 52 കരകളിൽനിന്ന് 200ഓളം കാളകളാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പടനിലം ലക്ഷ്യമാക്കി എത്തുന്നത്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ചയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളയായ ഓണാട്ടുകതിരവൻ മുതൽ കൈവെള്ളയിൽ എഴുന്നള്ളിക്കുന്ന കെട്ടുകാളകൾ വരെയാണ് കളിക്കണ്ടത്തിലേക്ക് എത്തുന്നത്.
തലപ്പൊക്കത്തിന്റെയും കരവിരുതിന്റെയും മെയ്ക്കരുത്തിന്റെയും വർണവിസ്മയം തീർക്കുന്ന കെട്ടുകാഴ്ചയാണ് നടക്കുന്നത്. ഉച്ചക്ക് 2.30 മുതൽ കെട്ടുകാളകൾ ഓച്ചിറ പടനിലം ലക്ഷ്യമാക്കി പ്രയാണം തുടങ്ങും. ചെറിയ കെട്ടുകാളകളാണ് ആദ്യം ക്ഷേത്രവഴിയിലെത്തുന്നത്. നാലോടെ കൂറ്റൻ കെട്ടുകാളകളുടെ എഴുന്നള്ളത്തിന് തുടക്കമാകും. ‘ഓണാട്ടുകതിരവൻ, കാലകേയൻ, തിരുമുഖ വേടൻ, കാലഭൈരവൻ, കിണർമുക്ക് കൊമ്പൻ തുടങ്ങി 48 കൂറ്റൻ കാളകൾ കെട്ടുത്സവത്തിന് മാറ്റുപകരും. മാവേലിക്കര, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലെ വിവിധ കരകളിൽനിന്നാണ് കാളകൾ പുറപ്പെടുന്നത്. കെട്ടുത്സവം കാണാൻ ജനസാഗരമാണ് തിങ്ങിനിറയുന്നത്. ഓച്ചിറ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ വഴികളും കെട്ടുകാളകൾ കയ്യടക്കും. വൈകീട്ട് 5.30ന് മുമ്പ് കെട്ടുകാളകളെ പടനിലത്ത് എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം.
കെട്ടുകാളകൾ കടന്നുവരുന്ന ഭാഗത്തെ വൈദ്യുതി ബന്ധം പൂർണമായി നിലക്കും. ദേശീയപാതയിൽ കായംകുളം മുതൽ ചങ്ങൻകുളങ്ങര വരെ രാവിലെ ആറുമുതൽ വാഹനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കായംകുളത്തുനിന്ന് കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ കെ.പി റോഡിൽ ചാരുംമൂട്-ചക്കുവള്ളി-ഭരണിക്കാവ് വഴി പോകണമെന്നാണ് നിർദേശം. കായംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കരുനാഗപ്പള്ളിയിൽനിന്ന് തീരദേശ റോഡ് വഴി കായംകുളം-ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കർശന മുൻകരുതൽ നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

