പൊതു വിഭാഗത്തിൽ നിന്ന് പിങ്ക് റേഷൻ കാർഡിലേക്ക് മാറ്റാൻ ജില്ലയിൽ അപേക്ഷകർ കുറവ്
text_fieldsആലപ്പുഴ: പൊതുവിഭാഗമായ (നീല, വെള്ള) റേഷൻ കാർഡിൽനിന്ന് മുൻഗണന വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റാൻ ജില്ലയിൽ അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ്. ഇതുവരെ 984 അപേക്ഷകർ മാത്രമാണ് നൽകിയത്. ഇതോടെ, അപേക്ഷിക്കാനുള്ള തീയതി ഈമാസം 30 വരെ നീട്ടി. നിരവധി സർട്ടിഫിക്കുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതിനാൽ അർഹരായവരിൽ പലരും പിൻവലിഞ്ഞതാണ് എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡ് ഉടമകളിൽ അർഹർക്ക് പിങ്ക് കാർഡിലേക്ക് മാറാൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും സിറ്റിസൻ ലോഗിൻ പോർട്ടലും (ecitizen.civilsupplieskerala.gov.in) ഉപയോഗിച്ചാണ് അപേക്ഷ നൽകേണ്ടത്. കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ അത് തിരുത്താനും അവസരമുണ്ട്. മുൻകാലങ്ങളിൽ ആയിരക്കണക്കിന് അപേക്ഷകളാണ് ഓരോ താലൂക്ക് പരിധിയിലും ലഭിച്ചിരുന്നത്.
അപേക്ഷകരുടെ വീടിന്റെ തറവിസ്തീർണം തെളിയിക്കാനും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണെന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ സമ്മതപത്രവും ഇക്കുറി നിർബന്ധമാക്കിയിരുന്നു. ഇത് ലഭിക്കാനുള്ള കാലതാമസമാണ് പലർക്കും അപേക്ഷ നൽകാൻ കഴിയാത്തതിന്റെ പ്രധാന കാരണം. വില്ലേജ് ഓഫിസിൽനിന്ന് വരുമാന സർട്ടിഫിക്കറ്റ്, പട്ടികവിഭാഗങ്ങൾ ജാതി സർട്ടിഫിക്കറ്റ് എന്നിവയും നൽകണമായിരുന്നു. ഇത് കിട്ടാനും ഏറെ സമയമെടുക്കുന്നതും തിരിച്ചടിയായി.
സർട്ടിഫിക്കറ്റുകൾ വിശകലനം നടത്തിയാണ് ഓരോ അപേക്ഷകരുടെയും അർഹത നിശ്ചയിക്കുക. അനർഹരായവർ മുൻഗണന കാർഡിന് ഉടമകളാകുന്നത് ഒഴിവാക്കാനായിരുന്നു നടപടി. തീയതി നീട്ടിയതോടെ കൂടുതൽ ആളുകൾക്ക് അപേക്ഷിക്കാൻ അവസരമൊരുക്കും. അനധികൃതമായി മുൻഗണന കാർഡ് കൈവശം വെച്ചവരിൽനിന്ന് പിടിച്ചെടുത്തതിന്റെ ഒഴിവും തുടർച്ചയായി റേഷൻ വാങ്ങാത്തതിനാൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയവരുടെ ഒഴിവും നികത്താനാണ് പുതുതായി അപേക്ഷ സ്വീകരിക്കുന്നത്. മുൻഗണന കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യമായി ലഭിക്കും. ചികിത്സ ആനുകൂല്യങ്ങൾക്കും ഉപയോഗിക്കാം.
അർഹത ഇവർക്ക്
- പരമ്പരാഗത-അസംഘടിത തൊഴിലാളി കുടുംബങ്ങൾ
- തദ്ദേശ വകുപ്പിന്റെ ബി.പി.എൽ പട്ടികയിലുള്ളവർ
- ആശ്രയ പദ്ധതി അംഗങ്ങൾ
- സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ
- കുടുംബാംഗങ്ങളിൽ അർബുദ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര ശാരീരിക-മാനസിക വെല്ലുവിളിയുള്ളവർ, കിടപ്പുരോഗികൾ
- ഭവന നിർമാണ പദ്ധതിവഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ
സർട്ടിഫിക്കറ്റ് ഇവ
- മാരകരോഗമുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ്
- വില്ലേജ് ഓഫിസിൽനിന്ന് വരുമാനം, ജാതി സർട്ടിഫിക്കറ്റ്
- ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണെന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ സമ്മതപത്രം
- വൈദ്യുതി, കുടിവെള്ള കണക്ഷൻ, കക്കൂസ് എന്നിവയില്ലെന്നതിന് സാക്ഷ്യപത്രം
- പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

