നഗ്ന വിഡിയോ വിവാദം; നടപടിയെച്ചൊല്ലി സി.പി.എം നേതാക്കളിൽ ഭിന്നത
text_fieldsആലപ്പുഴ: പാർട്ടി പ്രവർത്തകയടക്കമുള്ള സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ സി.പി.എം നേതാവ് എ.പി. സോണക്കെതിരെ നടപടിയെടുക്കാൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ ഭിന്നത. രണ്ടുമാസം മുമ്പ് നടന്ന സംഭവത്തിൽ ജില്ല നേതൃത്വത്തിന് പരാതി കിട്ടിയിട്ടും വേണ്ടത്ര അന്വേഷണം നടന്നില്ല. ഇതിനിടെ പരാതിക്കാരെ പിന്തിരിപ്പിക്കാനുള്ള നീക്കവും നടന്നു. ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായ സി.പി.എം കൗൺസിലർ എ. ഷാനവാസിനെ പുറത്താക്കിയത് വേഗത്തിലായിരുന്നു. എന്നാൽ, ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായ എ.പി. സോണയെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ല നേതൃത്വം സ്വീകരിച്ചത്. പാർട്ടിയിലെ ഒരുവിഭാഗം ഇതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചതോടെയാണ് ജില്ല സെക്രട്ടേറിയറ്റ് നടപടിയെടുത്തത്.
എ. മഹീന്ദ്രൻ, ജി. രാജമ്മ എന്നിവർ അംഗങ്ങളായ രണ്ടംഗ കമീഷൻ നൽകിയ റിപ്പോർട്ടിൽ വിഡിയോ വിവാദത്തെക്കുറിച്ച് വിശദമായ വിവരങ്ങളുണ്ടെന്നാണ് വിവരം. 30ലധികം സ്ത്രീകളെ നേരിൽക്കണ്ട് സംസാരിച്ച് ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിക്ക് തീരുമാനിച്ചത്.
ഇത് സംബന്ധിച്ച് ശനിയാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ദൃശ്യങ്ങൾ ആരും കണ്ടിട്ടില്ലെന്നും അതിൽ സംശയമുണ്ടെന്നും ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞത് ചേരിതിരിവിനിടയാക്കി. ജില്ല സെക്രട്ടറിയുടെ അഭിപ്രായത്തോട് ചില നേതാക്കൾ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. തുടർന്ന് ജില്ല കമ്മിറ്റി ഓഫിസിൽ സജ്ജീകരിച്ച സ്റ്റുഡിയോയിൽ പെൻഡ്രൈവിലൂടെ ദൃശ്യങ്ങൾ കണ്ട് ബോധ്യപ്പെട്ടതോടെയായിരുന്നു നടപടി.
കമ്യൂണിസ്റ്റ് പാർട്ടി അംഗത്തിന് ഉണ്ടാവേണ്ട സദാചാര മര്യാദകൾ പാലിക്കാതെ സഹപ്രവർത്തകരായ സ്ത്രീകളുടെയും പാർട്ടി കുടുംബാംഗങ്ങളുടെയും ദൃശ്യങ്ങൾ അടങ്ങുന്ന നഗ്ന വിഡിയോകൾ ഫോണിൽ സൂക്ഷിച്ചത് ഗുരുതര കുറ്റമാണെന്ന് യോഗം വിലയിരുത്തി. മൂന്ന് ഫോണുകൾ കേന്ദ്രീകരിച്ചാണ് ഈ വിഡിയോകളും ദൃശ്യങ്ങളും ഒളിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജില്ല സെക്രട്ടറി പങ്കെടുത്ത കുതിരപ്പന്തി, ആലപ്പുഴ ഏരിയ കമ്മിറ്റി യോഗങ്ങളിൽ സോണയുടെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് പരാതിയുയർന്നിട്ടും വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. ഡിജിറ്റൽ തെളിവുകൾ നിരത്തിയിട്ടും നടപടിയെടുക്കാൻ വൈകിയത് ചില നേതാക്കളുടെ ഇടപെടൽ മൂലമാണെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

