ഒരു മുന്നറിയിപ്പും നൽകിയില്ല ആരും ആ കുഴി ജോയിയുടെ ജീവനെടുത്തു
text_fieldsകലുങ്ക് നിർമാണത്തിന് എടുത്ത കുഴി. ഇതിൽ വീണാണ് സൈക്കിൾ യാത്രികൻ ജോയി പീറ്റർ മരിച്ചത്
ആലപ്പുഴ: കൊമ്മാടി പാലത്തിനു സമീപത്തെ അപ്രോച് റോഡ് ജോയിക്ക് സുചരിചിതമാണ്. എന്നും അതിലേ സൈക്കിളിൽ പോകുന്നയാൾ. എന്നാൽ, അപ്രതീക്ഷിതമായി കലുങ്ക് നിർമാണത്തിന് അവിടെ എടുത്ത കുഴി ആ യാത്രക്കാരന് മരണക്കെണിയായി. ആലപ്പുഴ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയി പീറ്ററാണ് (ചിന്നപ്പൻ -50) ഒരാൾ താഴ്ചയുള്ള കുഴിയിൽ വീണ് മരിച്ചത്. ബന്ധുവീട്ടിൽനിന്ന് മടങ്ങുമ്പോൾ സ്ഥിരമായി സഞ്ചരിക്കുന്ന പാതയിൽ ‘ഭീമൻകുഴി’ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആത്മവിശ്വാസത്തോടെ സൈക്കിളിൽ മുന്നോട്ടുനീങ്ങിയ ജോയിയാണ് പെട്ടെന്ന് കുഴിയിൽ വീണത്. പ്രദേശത്തെ ഇരുട്ടിൽ കുഴി കാണാനും സാധ്യത കുറവാണ്.
ബുധനാഴ്ച വൈകീട്ട് നാലിനാണ് കലുങ്കിനായി മണ്ണുമാന്തി ഉപയോഗിച്ച് ഒരാൾ താഴ്ചയിൽ കുഴിയെടുത്തത്. പണിക്കിടെ കേബിൾ പൊട്ടിയിരുന്നു. ഇതോടെ കുഴിയെടുക്കൽ താൽക്കാലികമായി നിർത്തി. ഈസമയത്താണ് ജോയി എത്തിയതെന്നാണ് നിഗമനം. വീണതിന് പിന്നാലെ കേബിൾ ശരിയാക്കാൻ എത്തിയവരാണ് ജോയിയെ കണ്ടത്. മുന്നറിയിപ്പില്ലാതെ കുഴിയെടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടമരണത്തിനുശേഷമാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതെന്നും ഇവർ ആരോപിച്ചു. രാത്രി 9.30നുശേഷം മുന്നറിയിപ്പ് ബോർഡും റിബണും വലിച്ചുകെട്ടിയതായി കരാറുകാരൻ പറഞ്ഞു. പുതിയ കലുങ്കിനെക്കുറിച്ച് കുഴിയെടുത്തപ്പോഴാണ് പലരും അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

