വിഹിതമില്ല; നഗരസഭയില്‍ പി.എം.എ.വൈ പദ്ധതി പ്രതിസന്ധിയിൽ
text_fieldsആലപ്പുഴ: നഗരസഭ വിഹിതമില്ലാതെ പി.എം.എ.വൈ പദ്ധതി പ്രതിസന്ധിയിൽ. ഡിസംബറിൽ പദ്ധതി അവസാനിക്കാനിരിക്കെ 11.83 കോടിയാണ് ആലപ്പുഴ നഗരസഭയിൽ കുടിശ്ശികയായത്. പദ്ധതിയുടെ ആവശ്യത്തിന് ഓരോ വർഷവും തുക മാറ്റി വെക്കാത്തതിനെതുടർന്നാണിത്. 108 കോടിയുടെ പദ്ധതിയിൽ നഗരസഭയുടെ വിഹിതം 65.48 കോടിയാണ്. ഇതിൽ 16.77 കോടി പ്ലാൻ ഫണ്ടിൽ നിന്ന് നഗരസഭ നൽകി. 36.88 കോടി ഹഡ്കോയിൽനിന്ന് വായ്പ എടുത്തും നൽകി. കുടിശ്ശിക വന്ന 11.83 കോടിയിൽ നിന്നുവേണം നിർമാണം നടക്കുന്നവർക്ക് പണം നൽകാൻ.
കേന്ദ്ര വിഹിതം 1,50,000 രൂപ, സംസ്ഥാന സർക്കാർ വിഹിതം 50,000 രൂപ നഗരസഭവിഹിതം രണ്ടു ലക്ഷം എന്നിങ്ങനെ നാലു ലക്ഷം രൂപയാണ് ഒരു വീട് നിർമിക്കാൻ ഗുണഭോക്താക്കൾക്ക് നൽകുന്നത്. നിലവിൽ ഏഴു ഘട്ടത്തിലായി 4118 കുടുംബത്തിനാണ് വീട് നിർമാണത്തിന് അനുമതി ലഭിച്ചത്. ഇതിൽ 2373 കുടുംബമാണ് നാലുഘട്ട തുകയും വാങ്ങി വീട് നിർമാണം പൂർത്തിയാക്കിയത്. പദ്ധതിയുടെ എട്ടാം ഘട്ടത്തിൽ 65ഓളം നഗരസഭകൾ പദ്ധതിയിൽ ഉൾപ്പെടുമ്പോൾ സാമ്പത്തികപ്രതിസന്ധിയിൽപെട്ടു നഗരസഭക്ക് പുതിയ ഡി.പി.ആർ എടുക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഡിസംബറിൽ പദ്ധതി പൂർത്തിയാക്കുന്നതിനു മുമ്പ് എല്ലാ ഗുണഭോക്താക്കൾക്കും മുഴുവൻ തുക നൽകാൻ സാധിച്ചില്ലെങ്കിൽ കേന്ദ്ര- സംസ്ഥാന വിഹിതവും നഗരസഭ നൽകേണ്ട അവസ്ഥ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

