അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ല; അക്വഡേറ്റ് പാലങ്ങള്‍ അപകടാവസ്ഥയിൽ
text_fieldsചാരുംമൂട്: യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കനാല്‍ അക്വഡേറ്റ് പാലങ്ങള്‍ തകർച്ചയിൽ. കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദികാട്ടുകുളങ്ങര-രിഫായി മുള്ളംകുറ്റി, തലക്കോട്-കരിമാന്‍കാവ് അക്വഡേറ്റ് പാലങ്ങളാണ് വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ അപകട ഭീഷണിയുയർത്തി തകർച്ചയിലായത്.
ആദികാട്ടുകുളങ്ങര-രിഫായി മുള്ളംകുറ്റി അക്വഡേറ്റ് പാലം ഒരു കിലോമീറ്റർ നീളത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 40 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ പാലത്തിലൂടെ മുമ്പ് ചെറിയ വാഹനങ്ങള്‍ കടന്നു പോയിരുന്നുവെങ്കിലും അപകടാവസ്ഥയിലായതോടെ പാലത്തിന്റെ ഇരുഭാഗവും വർഷങ്ങൾക്ക് മുമ്പ് അധികൃതര്‍ കെട്ടിയടച്ചിരുന്നു. എന്നാൽ കെട്ടിയടച്ചതും നിലവിൽ തുറന്ന നിലയിലാണ്.
ആദികാട്ടുകുളങ്ങരയില്‍ നിന്ന് പന്തളം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയിലും അടിഭാഗത്തെ കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു മാറിയ നിലയിലുമാണ്. അടിഭാഗം തകര്‍ന്നതിനാല്‍ വേനൽക്കാലത്ത് കനാൽ തുറന്നു വിടുമ്പോൾ നൂറടിയോളം താഴ്ചയിലേക്ക് വെള്ളം കുത്തിയൊലിച്ച് റോഡ് തകരുന്നതും സ്ഥിരമാണ്. കനാല്‍ തുറന്ന് വിട്ടാൽ താഴ്ന്ന ഭാഗങ്ങളിലെ റോഡും വീടുകളും വെള്ളത്തിലായി നാട്ടുകാർ ദുരിതത്തിലാവും.
അര കിലോമീറ്ററോളം നീളമുള്ള തലക്കോട് കരിമാന്‍കാവ് അക്വഡേറ്റ് പാലത്തിന്റെ അടിഭാഗവും കോണ്‍ക്രീറ്റ് ദ്രവിച്ച് ഇളകിമാറി തകര്‍ന്ന നിലയിലാണ്. അക്വഡേറ്റില്‍ നിന്നുള്ള വെള്ളം വീണ് ഇതുവഴിയുുള്ള റോഡ് തകരും. ആദികാട്ടുകുളങ്ങര ടൗണ്‍ വാര്‍ഡ് വഴി കുടശ്ശനാടിലേക്ക് പോകുന്ന ഈ റോഡ് കനാല്‍ തുറന്നാൽ കാൽനട പോലും കഴിയാത്ത നിലയിൽ ചെളിക്കുണ്ടായി മാറുകയാണ് പതിവ്.
രണ്ട് അക്വഡേറ്റ് പാലങ്ങളുടെയും സമീപത്തായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ബലക്ഷയമുള്ള പാലങ്ങൾ തകര്‍ന്ന് വീണാല്‍ വൻ ദുരന്തത്തിന് വഴിവെക്കും. പാലങ്ങളുടെ ബലക്ഷയം പരിശോധിച്ച് സുരക്ഷനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇരു പാലങ്ങളുടെയും ബലക്ഷയം പരിശോധിച്ച് അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

