വഴിയില്ല; മൺതിട്ടയിൽ പിടിച്ചു കടന്നില്ലെങ്കിൽ തോട്ടിൽ വീഴും
text_fieldsചുനക്കര ആറാം വാർഡ് തെക്കുംമുറിയിൽ കരിങ്ങാലി
പുഞ്ചയുടെ സമീപത്തെ വഴി
ചാരുംമൂട്: ദിവസവും വീടുകളിൽനിന്ന് പുറത്തേക്കും തിരിച്ചുമുള്ള സഞ്ചാരത്തിന് മൺതിട്ടയുടെ പിൻബലം വേണം. ചുനക്കര പഞ്ചായത്ത് ആറാം വാർഡിൽ തെക്കുംമുറി എൻ.എസ്.എസ് സ്കൂളിന് സമീപം കരിങ്ങാലി പുഞ്ചയുടെ ഓരത്ത് താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളാണ് വഴിയില്ലാത്തതിനാൽ വർഷങ്ങളായി ഈ ദുരിതം അനുഭവിക്കുന്നത്. മുന്നൂറു മീറ്ററോളമുള്ള ഈ വഴി കടന്നുവേണം ഗതാഗതയോഗ്യമായ വഴിയിലെത്താൻ.
ചാരുമൂടിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. കളീക്കൽ തോടിനും മതിലിനും ഇടയിലൂടെ കഷ്ടിച്ച് ഒരാൾക്ക് നടന്നുപോകാൻ കഴിയുന്നതാണ് ഏക വഴി. കാലൊന്നു തെറ്റിയാൽ തോട്ടിലേക്ക് മറിയുമെന്നതിനാൽ മതിലിൽ പിടിച്ച് മാത്രമേ പോകാനാകൂ. ചെറുപ്പക്കാർക്ക് പോലും ഈ 'ഞാണിൻമ്മേൽ കളി' കൂടാതെ കഴിയില്ല.
പ്രായമായവരും, കുട്ടികളും, സ്ത്രീകളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാത്രി കാലങ്ങളിലാണെങ്കിൽ ബാലൻസ് തെറ്റിയാൽ തീർച്ചയായും തോട്ടിലേക്ക് വീണിരിക്കും. ദിവസങ്ങൾക്ക് മുമ്പ് വീട്ടമ്മക്ക് കാൽ തെറ്റി തോട്ടിൽ വീണ് പരിക്കേറ്റു.
മഴക്കാലത്താണെങ്കിൽ തോട് നിറഞ്ഞു കവിയുന്നതോടെ വഴിയിലൂടെയുള്ള യാത്രയും അസാധ്യമാകും. അടിയന്തര സാഹചര്യമുണ്ടായാൽ രോഗികളെ എടുത്തു കൊണ്ടോ, കസേരയിൽ ഇരുത്തിയോ മാത്രമേ കൊണ്ടുപോകാൻ കഴിയു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ തുടർച്ചയായ അവഗണനയുടെ ഫലമാണ് ഇവരുടെ ദുരിതം.