മൃഗങ്ങളുടെ സര്‍ജറിയിൽ ഇനി ടെന്‍ഷന്‍ വേണ്ട; മൊബൈല്‍ വെറ്ററിനറി യൂനിറ്റ് സജ്ജം
text_fieldsമൊബൈല്‍ വെറ്ററിനറി യൂനിറ്റ് വാഹനത്തിന്റെ ഫ്ലാഗ്ഓഫ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കുന്നു
ആലപ്പുഴ: വളര്‍ത്തുമൃഗങ്ങള്‍ക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കാൻ മൊബൈൽ വെറ്ററിനറി യൂനിറ്റ് ജില്ലയിൽ പ്രവർത്തനം തുടങ്ങി. ജില്ല പഞ്ചായത്തിന് കീഴിലുള്ള ജില്ല വെറ്ററിനറി കേന്ദ്രത്തിലും തെരഞ്ഞെടുത്ത അഞ്ച് സ്ഥാപനത്തിലുമാണ് യൂനിറ്റിന്റെ സേവനം ലഭ്യമാകുക.
വാഹനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, ഡ്രൈവര്‍ കം അറ്റന്‍ഡര്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുടങ്ങിയ സജ്ജീകരണമുണ്ട്. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തനം.
തിങ്കളാഴ്ച: ചെങ്ങന്നൂര്‍ വെറ്ററിനറി പോളി ക്ലിനിക്, ചൊവ്വാഴ്ച: മാവേലിക്കര വെറ്ററിനറി പോളി ക്ലിനിക്, ബുധനാഴ്ച: അമ്പലപ്പുഴ വെറ്ററിനറി ആശുപത്രി, വ്യാഴാഴ്ച: പാണാവള്ളി വെറ്ററിനറി ഡിസ്പെന്‍സറി, വെള്ളിയാഴ്ച: ആലപ്പുഴ ജില്ല മൃഗാശുപത്രി, ശനിയാഴ്ച: മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക് തുടങ്ങിയ ക്രമത്തിലാണ് സേവനം.
സര്‍ക്കാര്‍ നിരക്കില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വന്ധ്യംകരണം ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ മുന്‍കൂട്ടി അറിയിക്കുന്ന മുറക്ക് നടത്തും. 24 മണിക്കൂറും സജീവമായ 1962 എന്ന ടോള്‍ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് സേവനം ബുക്ക് ചെയ്യേണ്ടത്.
ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി.വി. അരുണോദയ, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എസ്. രമ, ജില്ല പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി.വി. വിനോദ്, ജില്ല വെറ്ററിനറി കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്ജന്മാരായ ഡോ. പി. രാജീവ്, ഡോ. എല്‍ ദീപ, മൊബൈല്‍ സര്‍ജറി യൂനിറ്റ്, ജില്ല വെറ്ററിനറി കേന്ദ്രം, ജന്തുരോഗനിയന്ത്രണ പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

