മുഹമ്മ-കുമരകം ജലപാതയിൽ ബോട്ടില്ല; യാത്രാദുരിതം ഇരട്ടി
text_fieldsമുഹമ്മ ബോട്ട് ജെട്ടി
മുഹമ്മ: മുഹമ്മ-കുമരകം ജലപാതയില് ഒരുബോട്ട് മാത്രമായി ചുരുങ്ങിയതോടെ ദുരിതം ഇരട്ടിയായി. നിലവിൽ ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ട് മാത്രമുള്ളത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്ന ബോട്ടിനുപകരം എത്താത്തതാണ് ദുരിതം ഇരട്ടിയാക്കിയത്. ഒരുമണിക്കൂർ ഇടവിട്ട് നേരത്തേ ബോട്ടുണ്ടായിരുന്നു. ഇപ്പോൾ രണ്ടുമണിക്കൂർ ഇടവിട്ടാണ് സർവിസ് നടത്തുന്നത്. രണ്ടാഴ്ച മുമ്പാണ് എസ്.52 ബോട്ട് അറ്റകുറ്റപ്പണിക്കായി ഡോക്കിലേക്ക് കൊണ്ടുപോയത്.
ആദ്യരണ്ട് ദിവസങ്ങളിൽ കണ്ണങ്കര-മണിയാപറമ്പ് റൂട്ടിൽ സർവിസ് നടത്തിയിരുന്ന ബോട്ട് മുഹമ്മ-കുമരകം റൂട്ടിൽ സർവിസ് നടത്തിയിരുന്നു. മണിയാപറമ്പിലെ ജനപ്രതിനിധികൾ ഇടപെട്ട് ബോട്ട് തിരികെ കൊണ്ടുപോയതോടെയാണ് പ്രശ്നം രൂക്ഷമായത്. മുഹമ്മ-കുമരകം റൂട്ടിലെ ബുദ്ധിമുട്ടുകൾ ജലഗതാഗത വകപ്പ് അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പ്രധാന പരാതി.
മുഹമ്മ-കുമരകം റൂട്ടിൽ സ്പെയർ ബോട്ട് അനുവദിക്കണമെന്ന അപേക്ഷയിലും ഇതുവരെ തീരുമാനമായിട്ടില്ല. ഇരുചക്രവാഹനങ്ങൾ കയറ്റിക്കൊണ്ടുപോകാനുള്ള സൗകര്യം ബോട്ടുകളിലുണ്ടായിരുന്നു.ബോട്ടില്ലാതായതോടെ കോട്ടയത്തേക്ക് പോകേണ്ട ഇരുചക്രവാഹന യാത്രികർ തണ്ണീർമുക്കം ബണ്ടുവഴി മണിക്കൂറുകൾ യാത്രചെയ്താണ് പോകുന്നത്. ഒറ്റ ബോട്ട് മാത്രമായതോടെ കോട്ടയം മേഖലകളിലേക്ക് ജോലിക്കും പഠനാവശ്യത്തിനും സ്ഥിരമായി പോകുന്നവർ വലഞ്ഞു. പരീക്ഷക്കാലമായതിനാൽ വിദ്യാർഥികളാണ് ഏറെ വലയുന്നത്.
നിലവിലുള്ള യാത്രദുരിതം പരിഹരിക്കുക, കൂടുതൽ ഇരുചക്ര വാഹനങ്ങൾ ഉൾകൊള്ളാൻ പറ്റുന്ന സൗരോർജ ബോട്ടുകൾ അനുവദിക്കുക, മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ഒരു സ്പെയർ ബോട്ട് അനുവദിക്കുക, മുഹമ്മയിലും കുമരകത്തുമുള്ള ബോട്ട് ജെട്ടികളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന് നേതൃത്വത്തിൽ മുഹമ്മ ബോട്ട്ജെട്ടിയിൽ പ്രതിഷേധ യോഗം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

