സാമൂഹിക സുരക്ഷ പെൻഷൻ വരുമാന സർട്ടിഫിക്കറ്റിന് പുതിയ സംവിധാനം
text_fieldsആലപ്പുഴ: സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വരുമാന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിക്കാൻ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. എല്ലാവരും ഒരുമിച്ച് ഓൺലൈനായി അപേക്ഷിക്കുന്നതുമൂലം വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റുന്ന സാഹചര്യത്തിലാണ് നടപടി. പരിഹാരമായി വാർഡ് അടിസ്ഥാനത്തിലോ അതതു സ്ഥലങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചോ പ്രാദേശിക ഭരണകൂടങ്ങൾ സൗകര്യമേർപ്പെടുത്താനാണ് സർക്കാർ നിർദേശം. ജനപ്രതിനിധികൾ, വില്ലേജ് ഓഫിസർമാർ എന്നിവരുടെ യോഗം ഉടൻ വിളിച്ചുചേർത്ത് ക്രമീകരണങ്ങൾ തീരുമാനിക്കണം. ഓരോ വാർഡിലുള്ളവർക്കും നിശ്ചിതദിവസം കണക്കാക്കി നൽകിയാൽ തിരക്കൊഴിവാക്കാനാകുമെന്നാണു വിലയിരുത്തൽ.
ഓൺലൈനായി നൽകിയ അപേക്ഷകളിൽ മിക്കതും തീർപ്പാക്കാനാകാതെ വില്ലേജ് ഓഫിസുകളിൽ കെട്ടിക്കിടക്കുകയാണ്. വരുമാന സർട്ടിഫിക്കറ്റ് കിട്ടാത്തതുമൂലം വില്ലേജ് ഓഫിസുകളിലെത്തി പെൻഷൻ ഗുണഭോക്താക്കൾ ബഹളമുണ്ടാക്കുന്നതു പതിവാണ്. ഇതോടെയാണ് അപേക്ഷകരെ നിയന്ത്രിക്കാനുള്ള നടപടി സർക്കാർ ആലോചിച്ചത്.
സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയിൽനിന്ന് അനർഹരെ ഒഴിവാക്കാനാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിച്ചത്. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളാണിത് നൽകേണ്ടത്.
2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ, സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വൈകിയാൽ പെൻഷൻ നഷ്ടമാകുമെന്ന ഭീതിയിൽ ആളുകൾ കൂട്ടത്തോടെ അപേക്ഷയുമായെത്തിയതാണ് പ്രശ്നമായത്. രണ്ടുലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ളവരെയും രണ്ടേക്കറിലധികം ഭൂമി സ്വന്തമായുള്ളവരെയും ഒഴിവാക്കി പെൻഷൻ പദ്ധതി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഓൺലൈൻ അപേക്ഷകൾ കുന്നുകൂടിയതോടെ നേരിട്ട് അപേക്ഷ സ്വീകരിച്ച് ചില വില്ലേജുകൾ സർട്ടിഫിക്കറ്റ് നൽകിത്തുടങ്ങിയിട്ടുണ്ട്.
എന്നാൽ, അക്ഷയ സംരംഭകർ ഇതിനെ എതിർക്കുകയാണ്. വരുമാനമില്ലാതാകുമെന്നാണ് അവരുടെ പരാതി. വാർഡ് അടിസ്ഥാനത്തിൽ ക്രമവത്കരണം കൊണ്ടുവരുന്നതിനെയും ചിലർ എതിർക്കുന്നു. ജനപ്രതിനിധികളുടെ സ്വാധീനത്തിൽ അനർഹർ കടന്നുകൂടാനിടയുണ്ടെന്നാണ് ആരോപണം. അതിനാൽ ഓൺലൈൻ സംവിധാനത്തിലൂടെ എളുപ്പത്തിൽ സർട്ടിഫിക്കറ്റ് നൽകാനാണ് ശ്രമിക്കേണ്ടതെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

