അരൂരില്‍ പുതിയ കെമിക്കല്‍ കമ്പനി; മത്സ്യമേഖല ആശങ്കയിൽ
text_fieldsആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലക്ക് വിനയായി അരൂരില്‍ പുതിയ കെമിക്കല്‍ റീഫിലിങ് കമ്പനി വരുന്നു. കാര്‍ബണ്‍ മോണോക്സൈഡ്, സോഡിയം സയനൈഡ്, അമോണിയ, മെര്‍ക്കുറി, വിനൈല്‍ ക്ലോറൈഡ്, സള്‍ഫ്യൂറിക് ആസിഡ് തുടങ്ങിയ 300ലേറെ രാസവസ്തുക്കള്‍ ഇവിടെ ചെറിയ ബോട്ടിലുകളിലാക്കുന്ന ജോലിയാണ് ചെയ്യുന്നത്.
കൈതപ്പുഴ കായലിനോട്ചേര്‍ന്നാണ് കമ്പനി വരുന്നത്. നൂറുകണക്കിന് ചീനവലകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. കമ്പനിയില്‍നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളം പ്രദേശത്തെ മത്സ്യസമ്പത്തിനെ ഇല്ലാതാക്കും. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് ബാധിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
മാതാ കെമിക്കൽസ് എന്ന പേരില്‍ പുന്നപ്ര പറവൂര്‍ വ്യവസായ മേഖലയിലാണ് ആദ്യം സ്ഥലം എടുപ്പ് നടന്നത്. ഇവിടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ചേര്‍ത്തല മായിത്തറയില്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടവും ഉപേക്ഷിച്ചു. പിന്നീടാണ് അരൂരില്‍ തുടങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഫൈബര്‍ ബോട്ടുകള്‍ നിര്‍മിക്കുന്ന ബ്രിസ്ടോള്‍ ബോട്സ് എന്ന കമ്പനിയാണ് ഇതിനായി വിലക്കെടുക്കുന്നത്. വ്യവസായ കേന്ദ്രത്തിലെ സ്ഥാപനങ്ങള്‍ കൈമാറുന്നതില്‍ ചില നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് പാലിക്കാതെയാണ് മാതാ കെമിക്കൽസിന് കമ്പനി കൈമാറാന്‍ നീക്കം നടക്കുന്നതെന്നും ആരോപിക്കുന്നു. 15 കോടി രൂപക്ക് അടുത്തമാസം കമ്പനി മാതാ കെമിക്കൽസിന് കൈമാറും.
ദിവസവും മൂന്ന് ഷിഫ്റ്റുകളിലാണ് തൊഴിലാളികളെ നിയമിക്കുന്നത്. ഒരു ഷിഫ്റ്റില്‍ 400ഓളം തൊഴിലാളികളാണ് ജോലിയെടുക്കുക.കമ്പനിയിലേക്ക് ആവശ്യമായ ബോട്ടിലിങ് യന്ത്രങ്ങള്‍ അടുത്ത ദിവസം അരൂരില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

