പാലങ്ങൾക്ക് പകിട്ടേകി ‘നാൽപ്പാലം’ ഒരുങ്ങി
text_fieldsആലപ്പുഴ നഗരത്തിൽ പുനർനിർമിച്ച നാൽപ്പാലം
ആലപ്പുഴ: ‘ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും’എന്നാണല്ലോ ചൊല്ല്, എന്നാൽ ആലപ്പുഴയിലെ പുതിയനാൽപ്പാലം കണ്ടാൽ ഈ ചൊല്ലൊന്ന് മാറ്റിപ്പിടിക്കേണ്ടി വരും. കൊമേഴ്സ്യൽ കനാലിനും വാടക്കനാലിനും ചുറ്റുമുള്ള കരകളെ ബന്ധിപ്പിക്കുന്ന പഴയമുപ്പാലം ഇന്ന് നാല് ദിക്കിലേക്കും തുറക്കുന്ന നാൽപ്പാലമാണ്.
പുനർനിർമിച്ച മുപ്പാലത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എച്ച്. സലാം എം.എൽ.എ എന്നിവർ സംസാരിക്കും. കെ.സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയാവും.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച മുപ്പാലം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെയാണ് പുതുക്കിപ്പണിതത്. 23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മൂന്ന് പാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള നാലാം പാലവും ഉൾപ്പെടുന്നതാണ് പുതിയ നാൽപ്പാലം. 17.82 കോടി രൂപയാണ് നിർമാണച്ചെലവ്. ആലപ്പുഴ നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള മുപ്പാലമാണ് നവകേരളത്തിൽ നാൽപ്പാലമായി പുതുക്കിപ്പണിത്.
കൊമേഴ്സ്യൽ കനാലിനും വാടക്കനാലിനും കുറുകെ നിർമിച്ച പാലങ്ങൾ മുപ്പാലമെന്നാണ് അറിയപ്പെട്ടിരുന്നത്. പാലത്തിന്റെ കിഴക്ക് വശത്ത് തെക്ക് വടക്കായി എസ്.പി ഓഫിസിന്റെ മുന്നിൽനിന്ന് സീ വ്യൂ വാർഡിനെ ബന്ധിപ്പിക്കുന്ന പുതിയപാലം കൂടി ചേർന്നപ്പോഴാണ് മുപ്പാലം നാൽപ്പാലമായത്.
പ്രേംനസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ മുതൽ ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ അഭിനയിച്ച നിരവധി സിനിമകൾ ചിത്രീകരിച്ച ലൊക്കേഷൻ കൂടിയായിരുന്നു മനോഹരമായ മുപ്പാലം. ഈ പാലത്തെയാണ് അഴകും സാങ്കേതികതയും കോർത്തിണക്കി നാൽപ്പാലമാക്കിയത്. നഗരത്തിലെ ഗതാഗതകുരുക്ക് അഴിക്കുന്നതിനൊപ്പം വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ പാലത്തിലൂടെ സാധിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് അഞ്ച് മുതൽ പ്രശസ്ത വയലിനിസ്റ്റ് ബിജു മല്ലാരി അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതവും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

