Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകപ്പടിക്കാൻ

കപ്പടിക്കാൻ കരുത്തൻമാർ

text_fields
bookmark_border
കപ്പടിക്കാൻ കരുത്തൻമാർ
cancel
camera_alt

നെ​ഹ്​​റു​ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​നൊ​രു​ങ്ങു​ന്ന കൈ​ന​ക​രി യു.​ബി.​സി ടീം ​കാ​രി​ച്ചാ​ൽ ചു​ണ്ട​നി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു

ആലപ്പുഴ: നെഹ്‌റുട്രോഫി ജലോത്സവത്തിൽ പ്രവചനങ്ങളെ നിലംപരിശാക്കിയ വിജയം അപൂർവമായേ സംഭവിച്ചിട്ടുള്ളൂ. എന്നാൽ, വള്ളംകളിയിൽ ചില വമ്പന്മാരുണ്ട്‌. ചരിത്രമെടുത്താൽ പ്രധാനമായും അത്‌ യു.ബി.സി കൈനകരിയും കുമരകം ബോട്ട്‌ ക്ലബുമാണ്‌.

പള്ളാത്തുരുത്തി ബോട്ട്‌ ക്ലബിനെയും പുതിയ താരോദയമായ കേരള പൊലീസ്‌ ടീമിനെയുംകൂടി ആ പട്ടികയിൽ ചേർക്കാം. കൊല്ലം ജീസസ്‌ ക്ലബ്‌ നെഹ്‌റുട്രോഫിയിൽ അത്ഭുതം സൃഷ്‌ടിച്ച്‌ കൊള്ളിമീൻപോലെ മിന്നിമറഞ്ഞ കരുത്തന്മാരാണ്‌. വള്ളത്തി‍െൻറ പേരുകൾക്ക്‌ പ്രാധാന്യം കൊടുക്കുന്നതായിരുന്നു നെഹ്‌റുട്രോഫിയുടെ ആദ്യഘട്ടം.

അങ്ങനെയാണ്‌ ജവഹർ തായങ്കരിയും കാരിച്ചാലും കല്ലൂപ്പറമ്പനുമൊക്കെ ആരാധകരുടെ പൊന്നോമനകളായത്‌. പക്ഷേ, വള്ളംകളിയുടെ രീതിയും മുഖച്ഛായയും മാറിയതോടെ ടീമുകൾക്കായി പ്രധാന്യം.വള്ളംകളിയിലെ വമ്പന്മാരിൽ മുമ്പനാരെന്ന് ചോദിച്ചാൽ ഉത്തരമൊന്നേയുള്ളൂ- രണ്ടു ഹാട്രിക്കുൾപ്പെടെ ഒരു ഡസൻ കിരീടങ്ങൾ നേടിയ യു.ബി.സി കൈനകരി തന്നെ.

ഏറ്റവും പഴയ ക്ലബുകളിൽ ഇന്നും സജീവമായി നിൽക്കുന്നതും അവർതന്നെ. കുട്ടനാടിന്റെ കരുത്തിന്റെ നിദർശനമായി ഫൈനലിൽ മിക്കപ്പോഴും കൈനകരിയുടെ സാന്നിധ്യമുണ്ടാകും.

ആറുതവണ ഇവർ കിരീടം നേടിയപ്പോൾ ഒന്നാംതുഴക്കാരനായിരുന്ന ആന്റണി തോമസ്‌ എന്ന തൊമ്മിച്ചായൻ, ഹാട്രിക്‌ നേടിയ കാലത്ത്‌ ടീമിനെ നയിച്ച എ.കെ. ലാലസൻ, സി.ജി. വിജയപ്പൻ തുടങ്ങി ഭാരവാഹികൾ മാറിവന്നപ്പോഴും കൈനകരിക്കാരുടെ വിജയക്കുതിപ്പി‍െൻറ വേഗം മാറിയില്ല.

മാസ്‌ഡ്രിൽ അവതരിപ്പിച്ചതി‍െൻറ റെക്കോഡും യു.ബി.സി കൈനകരിക്കാണ്‌. 1979ൽ സി.കെ. സദാശിവൻ ക്യാപ്‌റ്റനായിരിക്കെ അവതരിപ്പിച്ച മാസ്‌ഡ്രില്ലാണ്‌ പിന്നീട്‌ വള്ളംകളിയുടെ അഭിവാജ്യഘടകമായി മാറിയത്‌. 2013ൽ ഹരിത അനിൽ എന്ന വനിതയെ ക്യാപ്‌റ്റനാക്കിയും യു.ബി.സി വിസ്‌മയിപ്പിച്ചു.

സ്‌പോൺസർമാരുടെ അഭാവവും സാമ്പത്തിക പ്രയാസങ്ങളും പലപ്പോഴും യു.ബി.സിക്ക് വിലങ്ങുതടിയായി. കൈനകരിയിലെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളപ്പൊക്കത്തി‍െൻറ പിടിയിലാണ്‌.

പക്ഷേ, കപ്പ്‌ കൈപ്പിടിയിലൊതുക്കാനുള്ള കൈനകരിക്കാരുടെ ആവേശത്തിന്‌ കുറവില്ല. ചരിത്രം സൃഷ്‌ടിച്ച കാരിച്ചാലിലാണ്‌ ഇത്തവണ യു.ബി.സി മത്സരത്തിനിറങ്ങുന്നത്‌. 12 വർഷം വിജയംകൊയ്‌ത യു.ബി.സിയും 15 വർഷം കിരീടത്തിൽ മുത്തമിട്ട കാരിച്ചാലും ചേരുമ്പോൾ കപ്പ്‌ കൈനകരിയിലേക്ക് പോകുമോ?. കാത്തിരുന്ന്‌ കാണാം.

Show Full Article
TAGS:nehrutrophy Water Festival 
News Summary - Nehrutrophy water festival has rarely had a prediction-defying success
Next Story