Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെഹ്​റു ട്രോഫി:...

നെഹ്​റു ട്രോഫി: ഓളപ്പരപ്പിൽ ആ​രവമുയർത്താൻ ചുണ്ടൻ വള്ളങ്ങൾ

text_fields
bookmark_border
നെഹ്​റു ട്രോഫി: ഓളപ്പരപ്പിൽ   ആ​രവമുയർത്താൻ ചുണ്ടൻ വള്ളങ്ങൾ
cancel
camera_alt

നെ​ഹ്​​റു ട്രോ​ഫി ജ​ല​മേ​ള​ക്ക്​ മു​ന്നോ​ടി​യാ​യി പ​ള്ളാ​ത്തു​രു​ത്തി​യാ​റ്റി​ൽ കാ​രി​ച്ചാ​ൽ ചു​ണ്ട​നി​ലെ പ​രി​ശീ​ല​ന​ത്തു​ഴ​ച്ചി​ൽ

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ ഓളപ്പരപ്പിൽ ആരവമുയർത്താൻ ചുണ്ടൻ വള്ളങ്ങളുടെ പരിശീലനം തകൃതി. ജലായശങ്ങളിൽ എങ്ങും ആർപ്പുവിളികളും ആരവങ്ങളും വഞ്ചിപ്പാട്ടുകളും ഉയർന്നു. ദുരിതങ്ങളുടെ മടവീഴ്ചയിൽ പതറാതെ കാരിരുമ്പിന്‍റെ കരുത്തുമായാണ് ഇക്കുറി ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തുഴച്ചിൽ.

കുട്ടനാട്ടിലെ ജലാശയങ്ങൾ കേന്ദ്രീകരിച്ചാണ് പലരുടെയും തുഴച്ചിൽ. പല ചുണ്ടൻ വള്ളങ്ങളും പുതുക്കിപ്പണിതാണ് നീറ്റിലിങ്ങിയത്. ചിട്ടയായ പരിശീലനത്തോടെയാണ് ക്ലബുകൾ തുഴച്ചിൽക്കാരെ മത്സരത്തിനായി തയാറാക്കുന്നത്. ഇതിനായി പ്രത്യേക കായിക പരിശീലകരെയും ക്ലബുകൾ നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രഫഷനൽ തുഴച്ചിൽക്കാരും പല ടീമുകളുടെയും ഭാഗമാകും.

രണ്ടുവർഷത്തെ ഇടവേളക്കുശേഷം സെപ്റ്റംബർ നാലിനാണ് പുന്നമടയിൽ നെഹ്റു ട്രോഫി ജലമേള നടക്കുന്നത്. 16 ചുണ്ടൻ വള്ളങ്ങൾ മത്സരിക്കും. ഹീറ്റ്സിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് ചുണ്ടൻ വള്ളങ്ങൾ ഫൈനലിലെത്തും. ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, വെപ്പ് എന്നീ ചെറുവള്ളങ്ങളുടെ മത്സരവുമുണ്ടാകും. വള്ളങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല. ഇക്കുറി കുമരകത്തുനിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ പത്തിലധികം വള്ളങ്ങളാണ് മത്സരിക്കുന്നത്.

കുമരകം ടൗൺ ബോട്ട് ക്ലബിന്റെ സെന്‍റ് പയസ്, കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ പായിപ്പാടൻ, കുമരകം ബോട്ട് ക്ലബിന്റെ ആയാപറമ്പ് പാണ്ടി, കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബിന്റെ നടുഭാഗം, സമുദ്ര ബോട്ട് ക്ലബിന്റെ ജവഹർ തായങ്കരി എന്നിവയാണ് മത്സരിക്കുന്നത്. ഇതിൽ സമുദ്ര ബോട്ട് ക്ലബ് ഒഴികെയുള്ള ടീമുകൾ തുടർന്നുള്ള സി.ബി.എൽ മത്സരങ്ങളിലും ഇതേ വള്ളങ്ങളിൽ മത്സരിക്കും.

ഇതിനിടെ, സമൂഹമാധ്യമങ്ങളിലടക്കം സജീവമായി പരമാവധി വള്ളംകളി പ്രേമികളെ ആലപ്പുഴയിൽ എത്തിക്കാനാണ് സംഘാടകരുടെ ശ്രമം. ജലമേളയുടെ പ്രചാരണത്തിന് നെഹ്റു ട്രോഫിയുടെ ചെറുവിഡിയോയും തയാറാക്കുന്നുണ്ട്. സെപ്റ്റംബർ നാലിന് നെഹ്റു ട്രോഫിക്കൊപ്പം സി.ബി.എൽ മത്സരവും തുടങ്ങും. എല്ലാ വർഷവും ആഗസ്റ്റിലെ രണ്ടാം ശനിയാണ് വള്ളംകളി നടക്കാറുള്ളത്.

കോവിഡിനുശേഷം വിദേശസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവുണ്ട്. ഇത് നികത്താൻ കൂടുതൽ പ്രാമുഖ്യം നൽകിയാണ് ടിക്കറ്റ് വിൽപനയടക്കം പുരോഗമിക്കുന്നത്. 100 മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകൾ 10 ജില്ലകളിലെ സർക്കാർ ഓഫിസുകൾ വഴിയാണ് വിറ്റഴിക്കുന്നത്. ഇതിനു പുറമെ ജീനി, പേ ടിഎം ഇന്‍സൈഡര്‍, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് എന്നിവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ടിക്കറ്റ് വില്‍പനയുണ്ട്.

പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും ക്ലബുകളും

സെന്‍റ് പയസ് (കുമരകം ടൗൺ ബോട്ട് ക്ലബ്), ആയാംപറമ്പ് പാണ്ടി (കുമരകം ബോട്ട് ക്ലബ്), നടുഭാഗം (കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്), ജവഹർ തായങ്കരി (സമുദ്ര ബോട്ട് ക്ലബ്), ചമ്പക്കുളം ചുണ്ടൻ (കേരള പൊലീസ് ബോട്ട് ക്ലബ്), മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), കാരിച്ചാൽ ചുണ്ടൻ (യുനൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി), പായിപ്പാടൻ ചുണ്ടൻ (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം),

നിരണം പുത്തൻ ചുണ്ടൻ (നിരണം ബോട്ട് ക്ലബ്), വീയപുരം ചുണ്ടൻ (പുന്നമട ബോട്ട് ക്ലബ്), ദേവസ് ചുണ്ടൻ (എടത്വ വില്ലേജ് ബോട്ട് ക്ലബ്), ചെറുതന ചുണ്ടൻ (ഫ്രീഡം ബോട്ട് ക്ലബ് കൊല്ലം), ആനാരി ചുണ്ടൻ (കൈനകരി വില്ലേജ് ബോട്ട് ക്ലബ്). ചുണ്ടൻ വള്ളങ്ങളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായശേഷം മാത്രമേ അന്തിമ പട്ടിക തയാറാകൂ. ഇതിനുശേഷം ഹീറ്റ്സിൽ ആരൊക്കെയാണ് മത്സരിക്കുന്നതെന്ന് തീരുമാനിക്കും.

നിറച്ചാര്‍ത്ത് മത്സരങ്ങള്‍ ഇന്ന്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നിറച്ചാര്‍ത്ത് മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ 10ന് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഴ്സറി-എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിങ് മത്സരവും യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന (പെയിന്‍റിങ്) മത്സരവുമാണ് നടത്തുക.

കളര്‍ പെന്‍സില്‍, ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ ‍എന്നിവയില്‍ ഏതു മാധ്യമവും ഉപയോഗിക്കാം. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. കളറിങ് മത്സരത്തില്‍ ജില്ലയിലെ നഴ്സറി, എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നിറം നല്‍കാനുള്ള രേഖാചിത്രം സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം.

ഒരു മണിക്കൂറാണ് മത്സരം. ചിത്രരചന (പെയിന്‍റിങ്) മത്സരത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. രണ്ടു മണിക്കൂറാണ് മത്സരം.

തുഴച്ചില്‍ക്കാര്‍ ഫോറം നല്‍കണം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചിൽക്കാര്‍ക്കുള്ള ഫോറം ആലപ്പുഴ സബ് കലക്ടര്‍ ഓഫിസില്‍ ലഭിക്കും. ഫോറം പൂരിപ്പിച്ച് ഈമാസം 29ന് മുമ്പ് ബോട്ട് ജെട്ടിക്ക് എതിര്‍വശത്തുള്ള മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സിന്റെ രണ്ടാംനിലയിലെ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ എത്തിക്കണം.

ക്യാപ്​റ്റന്മാരുടെ യോഗം 27ന്​

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് മീറ്റിങ് ഈമാസം 27ന് ആലപ്പുഴ വൈ.എം.സി.എ ഹാളില്‍ നടക്കും.ജലോത്സവത്തിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയും ചെയ്യും.ഈ വര്‍ഷത്തെ വള്ളംകളിക്കായി ആലപ്പുഴ റവന്യൂ ഡിവിഷന്‍ ഓഫിസില്‍നിന്ന് രജിസ്‌ട്രേഷന്‍ ഫോറം വാങ്ങിയ എല്ലാ ചുണ്ടന്‍ വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിങ് ക്യാപ്റ്റൻമാരും നിര്‍ബന്ധമായും മീറ്റിൽ പങ്കെടുക്കണമെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറും എന്‍.ടി.ബി.ആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറുമായ ബിനു ബേബി അറിയിച്ചു.

ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കുന്ന രജിസ്‌ട്രേഷന്‍ സംബന്ധിച്ച സൂക്ഷ്മ പരിശോധനക്കു ശേഷമായിരിക്കും ജലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ ഉറപ്പിക്കുക. ക്യാപ്റ്റനും ലീഡിങ് ക്യാപ്റ്റനും യോഗത്തിൽ പങ്കെടുക്കാത്ത വള്ളങ്ങളുടെ ബോണസില്‍ 25 ശതമാനം കുറവുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nehru Trophy boat race
News Summary - Nehru Trophy: boats Training is active
Next Story