നെഹ്റു ട്രോഫി വള്ളംകളി; ടെക്നിക്കൽ കമ്മിറ്റി ശിപാർശകൾക്ക് അംഗീകാരം
text_fieldsആലപ്പുഴ: ആഗസ്റ്റ് 30ന് നടക്കുന്ന നെഹ്റു ട്രോഫിയുടെ നടത്തിപ്പിന് ടെക്നിക്കൽ കമ്മിറ്റി സമർപ്പിച്ച ശിപാർശകൾക്ക് അംഗീകാരം. നിയമാവലി പരിഷ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച ചേർന്ന ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയിലാണ് തീരുമാനം. ടെക്നിക്കൽ കമ്മിറ്റി മുന്നോട്ടുവെച്ച ശിപാർശകൾക്കെതിരെ എതിർപ്പുകളും കൂടുതൽ നിർദേശങ്ങളും ഉണ്ടായിരുന്നില്ല. ഈസാഹാചര്യത്തിൽ വള്ളംകളി നടത്തിപ്പിനുള്ള പുതിയ മാർഗനിർദേശം പുറപ്പെടുവിക്കും. മാർഗനിർദേശം നടപ്പാക്കാൻ തീരുമാനിച്ചതോടെ വള്ളംകളി പ്രേമികളും ക്ലബുകാരും ആവേശത്തിലാണ്.
നിലവിൽ നെഹ്റു ട്രോഫി വള്ളംകളിക്ക് 22 ചട്ടങ്ങളാണുള്ളത്. ടെക്നിക്കൽ കമ്മിറ്റിയുടെ ശിപാർശകൾ കൂടി നടപ്പാക്കുമ്പോൾ കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഇക്കുറി ജലോത്സവം നടക്കുക. കഴിഞ്ഞവർഷം ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിലെ വിധിനിർണയത്തിലെ തർക്കം കോടതിവരെ കയറിയ സാഹചര്യത്തിലാണ് പുതിയനിർദേശം മുന്നോട്ടുവെച്ചത്. ഇതിൽ ഫൈനലിൽ വള്ളങ്ങളുടെ സമയക്രമം നിജപ്പെടുത്തണമെന്നാണ് ടെക്നിക്കൽ കമ്മിറ്റിയുടെ പ്രധാന ശിപാർശ.
സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മൂന്ന് ഡിജിറ്റായി (സെക്കൻഡിന്റെ ആയിരത്തിലൊന്ന് അംശം) നിജപ്പെടുത്തും. ഒന്നിലധികം വള്ളങ്ങൾ ഒരേസമയം ഫിനിഷ് ചെയ്താൽ അവയെ ഉൾപ്പെടുത്തി നറുക്കെടുത്ത് ആര് ആദ്യംട്രോഫി കൈവശം വെക്കണമെന്ന് തീരുമാനിക്കും.
വള്ളങ്ങളുടെ ചുണ്ട് ഒരുപോലെ ക്രമീകരിച്ച് സ്റ്റാർട്ടിങ്ങിൽ തുല്യത ഉറപ്പാക്കും. ഇതിനൊപ്പം ഫിനിഷിങ് സമയത്തെ ആശയക്കുഴപ്പം ഒഴിവാക്കാൻ, വള്ളങ്ങളിലെ നമ്പർ പ്ലേറ്റ് മുന്നിൽ കെട്ടിവെക്കുന്നതിന് പകരം കൂമ്പിന് തൊട്ടുപിന്നിൽ സ്റ്റിക്കർ പതിക്കണം. സ്റ്റാർട്ടിങ് പോയന്റിലും ഫിനിഷിങ്ങിലേതുപോലെ കാമറ സംവിധാനം ഒരുക്കണമെന്നതാണ് മറ്റൊരു നിർദേശം.
ഫിനിഷിങ് ലൈനിൽ വിധികർത്താക്കൾക്കായി മൂന്ന് തട്ടിലുള്ള ഇരിപ്പിടം തയാറാക്കണം. ട്രോഫി ഏറ്റുവാങ്ങാൻ ടീമിൽനിന്ന് നാലുപേർ മാത്രമേ വേദിയിൽ എത്താൻ പാടുള്ളൂവെന്നതടക്കം പുതിയ നിർദേശങ്ങളാണ് അംഗീകരിച്ചത്.
വള്ളംകളിക്ക് ഇനി അവശേഷിക്കുന്നത് ഒന്നരമാസമാണ്. അതിനുള്ളിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. ക്യാപ്റ്റൻസ് ക്ലിനിക്കിന് മുമ്പ ഇത്തരം നടപടികൾ പൂർത്തിയാക്കണം. ഇത്തവണ 3.78 കോടിയുടെ ബജറ്റാണുള്ളത്. ഇതിനൊപ്പം ടെൻഡർ വിളിക്കാനും അനുമതി നൽകിയിട്ടുണ്ട്. സ്റ്റാർട്ടിങ് ഡിവൈസ് തയാറാക്കുന്നവരുടെ ടെൻഡറാവും ആദ്യം ക്ഷണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

