നെഹ്റു ട്രോഫി വള്ളംകളി; ബോണസ് വിതരണം ഇന്ന് മുതൽ
text_fieldsആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും.
സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടിരൂപ ലഭിക്കാത്തതിനാൽ എൻ.ടി.ബി.ആറിന്റെ തനത് ഫണ്ടിൽനിന്നാണ് ബോണസ് നൽകുന്നത്. 2025ലെ വള്ളംകളി നടത്തിപ്പിൽ ബാക്കി വന്ന 1.50 കോടിയിൽനിന്നാണ് തുക വിതരണം ചെയ്യുന്നത്. ഇതിൽനിന്നാണ് 30 ലക്ഷം രൂപ ബോണസ് അഡ്വാൻസും നൽകിയത്. വെള്ളിയാഴ്ച മുതൽ ചെറുവള്ളങ്ങളുടെയും തിങ്കളാഴ്ച മുതൽ ചുണ്ടൻ വള്ളങ്ങളുടെയും ബോണസുകൾ നൽകും.
നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ട് 19 ദിവസം പിന്നിട്ടശേഷമാണ് വിതരണം നടക്കുന്നത്. കൃത്യസമയത്ത് സമ്മാനത്തുകയും ബോണസും നൽകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ വർഷം മുതൽ സമ്മാനത്തുകയിൽ വലിയ വർധനവാണുണ്ടായത്. അതിനാൽ മത്സരത്തിൽ പങ്കെടുക്കുവാൻ വള്ളങ്ങൾക്ക് വലിയ ആവേശമായിരുന്നു. ചുണ്ടൻ വള്ളങ്ങളിലെ ഫൈനലിൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷവും നാലാം സ്ഥാനക്കാർക്ക് 10 ലക്ഷവുമായാണ് സമ്മാനത്തുക വർധിപ്പിച്ചത്. മുൻ വർഷങ്ങളിൽ അഞ്ചു ലക്ഷം രൂപ മാത്രമായിരുന്നു മൊത്തം സമ്മാനത്തുക. ചില ചുണ്ടനിൽ മത്സരിച്ചവർ എൻ.ടി.ബി.ആർ നൽകിയ യൂനിഫോം ധരിച്ചിരുന്നില്ല. അതിനാൽ ഇവരിൽനിന്ന് പിഴകൂടി ഈടാക്കിയശേഷം മാത്രമേ ബോണസ് നൽകുകയുള്ളു. സർക്കാർ സഹായധനമായ രണ്ടുകോടി ലഭിച്ചാൽ മാത്രമേ സമ്മാനത്തുക നൽകാനാവൂ. കൂടാതെ വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ഗ്രാന്റിന്റെ വിതരണവും വൈകിയേക്കും. ബോണസ് ലഭിച്ചാൽ തന്നെ പല ക്ലബുകൾക്കും ആശ്വാസമാണ്. ചുണ്ടൻ വള്ളസമിതിയും ക്ലബുകളും ലക്ഷങ്ങൾ കടമെടുത്തും പിരിവെടുത്തും ആണ് മത്സരത്തിൽ പങ്കെടുക്കുന്നത്. സമ്മാനത്തുക ഉയർത്തിയതിനാലാണ് ഇത്തവണ ഗ്രാന്റും സർക്കാർ രണ്ടുകോടിയായി ഉയർത്തിയത്. മുൻ വർഷങ്ങളിൽ സർക്കാർ ഗ്രാന്റ് ഒരുകോടിയായിരുന്നു. ഇത്തവണ സമ്മാനത്തുക നൽകുവാൻ മാത്രം 75 ലക്ഷം വേണം. സർക്കാർ ഗ്രാന്റ് എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിവരമില്ല. ഇനി വരാനിരിക്കുന്നത് സി.ബി.എൽ പോരാട്ടങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

