72 ജലവർഷം; തുഴയെറിയാൻ 22 ചുണ്ടനുകൾ
text_fieldsനെഹ്റുട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടനിൽ തുഴയെറിയുന്ന പുന്നമട ബോട്ട് ക്ലബിന്‍റെ പരിശീലനത്തുഴച്ചിൽ - മനു ബാബു
ആലപ്പുഴ: പുന്നമടയിൽ ജലപ്പൂരത്തിന് ഇനി നാലുനാൾ മാത്രം. തുഴവേഗം തീർക്കുന്നത് 22 ചുണ്ടനുകളടക്കം 71 വള്ളങ്ങളാണ്. മികച്ചസമയം കുറിച്ച് വെള്ളികപ്പിൽ മുത്തമിടുകയാണ് ലക്ഷ്യം. അതിനായി അവർ പുറത്തെടുക്കുന്നത് ‘വെടിക്കെട്ട്’ വേഗമാണ്. ആയിരക്കണക്കിന് ആരാധകരും ആവേശവും പ്രശസ്തിയുമുള്ള ക്ലബുകൾ മുതൽ പുതുതായി രൂപംകൊണ്ട ക്ലബുകളും ചുണ്ടനുകളും വെല്ലുവിളി ഉയർത്തുന്നുണ്ട്. മാസ് ട്രാക്ക് എൻട്രിയിൽ ഈ വർഷം നീറ്റിലിറങ്ങിയ അരോമ, പുണ്യാളൻ നിരണം, ആർപ്പൂക്കര അടക്കമുള്ള ചുണ്ടനുകൾ മികച്ച വേഗമാണ് പുറത്തെടുത്തത്. പ്രധാന ചുണ്ടൻവങ്ങളുടെയും ക്ലബുകളുടെയും വിശേഷങ്ങളറിയാം.
തിരിച്ചുവരാൻ മേൽപാടത്തിലേറി പള്ളാത്തുരുത്തി ബോട്ട് ക്ലബ്
നെഹ്റുട്രോഫി വള്ളംകളിയിൽ ശരിക്കും പോരാളി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് കുട്ടനാട്ടുകാരുടെ സ്വന്തം പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) തന്നെ. തുടർച്ചയായ അഞ്ച് തവണയാണ് കപ്പടിച്ചത്. പോരിനിറങ്ങുമ്പോൾ റെക്കോഡ് വേഗതയിൽ കുതിച്ച് കായൽകരയെ ത്രസിപ്പിച്ചാണ് തുടർച്ചയായി അഞ്ച് തവണ വെള്ളിക്കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ തവണ ഡബിൾ ഹാട്രിക് മോഹം പൊലിഞ്ഞെങ്കിലും കന്നികപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന മേൽപാടം ചുണ്ടനിലാണ് ഇത്തവണയും തുഴയെറിയുന്നത്. കഴിഞ്ഞ വർഷം 00.മില്ലി സെക്കൻഡ് വ്യത്യാസത്തിൽ വീയപുരം ചുണ്ടനെ തോൽപിച്ചാണ് നെഹ്റുട്രോഫി ആർക്കും വിട്ടുകൊടുക്കാതിരുന്നത്. 2024ൽ നീറ്റിലിറക്കിയ മേൽപാടം ചുണ്ടന്‍റെ മൂന്നാമത്തെ നെഹ്റുട്രോഫിയാണിത്.
പി.ബി.സി നേട്ടം: വിജയം ഏഴ്, തുടർച്ചയായി അഞ്ചുവർഷം: 1988,1998, 2018, 2019, 2022, 2023, 2024.
‘തല’വടിയിലൂടെ വി.ബി.സി
പഴയകാല പ്രതാപം വീണ്ടെടുത്ത് നെഹ്റുട്രോഫിയിൽ കഴിഞ്ഞതവണ മുത്തമിട്ട കൈനകരി വില്ലേജ് ബോട്ട് ക്ലബ് മികച്ച ഫോമിലാണ്. 2025ൽ ‘വീയപുരം’ ചുണ്ടനിലൂടെയാണ് നെഹ്റുട്രോഫി പിടിച്ചെടുത്തത്. ആ കരുത്തിന്‍റെ പിൻബലത്തിൽ ഇക്കുറി തലവടി ചുണ്ടനിലാണ് പോരിനിറങ്ങുന്നത്. കാരിച്ചാലിൽ 1986, 1987 വർഷങ്ങളിൽ വെള്ളക്കപ്പിൽ മുത്തമിട്ടിരുന്നു. അന്ന് ഹാട്രിക്ക് മോഹം തകർത്തത് പി.ബി.സിയായിരുന്നു. 1988നുശേഷം പിന്മാറിയ ക്ലബ് 2022ലാണ് വീണ്ടും മത്സരത്തിന് എത്തുന്നത്. 2023ൽ നീറ്റിലിറക്കിയ തലവടി ചുണ്ടൻ നെഹ്റുട്രോഫിയിൽ കരുത്ത് തെളിയിച്ചിട്ടുണ്ട്.
വി.ബി.സി നേട്ടം: വിജയം മൂന്ന് വർഷം: 1986,1987, 2025
വീയപുരത്തെ കാക്കാൻ യു.ബി.സി കൈനകരി എഫ്.സി
നിലവിലെ ചാമ്പ്യന്മാരായ വീയപുരം ചുണ്ടൻ പുതിയ പരീക്ഷണവുമായാണ് തുഴയെറിയുന്നത്. രണ്ട് ഹാട്രിക്ക് അടക്കം നെഹ്റുട്രോഫി ഏറ്റവും കൂടുതൽ തവണ നേടിയ (12) ടീമായ യു.ബി.സി കൈനകരിയുടെ പെരുമ നിലനിർത്താണ് അവർ പോരിനിങ്ങുന്നത്. മത്സരത്തിൽനിന്ന് പിന്മാറിയ ക്ലബിന്‍റെ ഫാൻസിനെ കൂടെകൂട്ടിയാണ് പുതിയക്ലബ് രൂപവത്കരിച്ചത്. യു.ബി.സി കൈനകരി എഫ്.സിയാണ് തുടർച്ചയായ നേട്ടത്തിന് ഇക്കുറി തുഴയെറിയുന്നത്. കഴിഞ്ഞ സീസണിൽ നെഹ്റുട്രോഫിയും ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടവും സ്വന്തമാക്കിയതിന്‍റെ കരുത്തിലാണ് പുന്നമടയിലെത്തുന്നത്. 2023ൽ ജേതാക്കളായിരുന്നു. 2024ൽ 0.005 മില്ലിസെക്കൻഡിനാണ് വിജയം നഷ്ടമായത്. 2025ൽ അത് തിരിച്ചുപിടിച്ചു.
വീയപുരം നേട്ടം: വിജയം രണ്ട്, 2023, 2025 (നെഹ്റുട്രോഫി, സി.ബി.എൽ)
‘നടുഭാഗം’ തുഴയെറിയുന്നത് പി.ബി.സി
നെഹ്റുവിനെ സ്വീകരിക്കാൻ കുട്ടനാട്ടിൽ നടത്തിയ ആദ്യ ജലോത്സവത്തിൽ വിജയിയായ ‘നടുഭാഗം ചുണ്ടൻ പോരിനിറങ്ങുന്നത് പാരമ്പര്യത്തിന്‍റെ കരുത്തിൽ. ആദ്യവിജയത്തിനുശേഷം കപ്പടിക്കാൻ 66 വർഷം കാത്തിരിക്കേണ്ടിവന്നു. 2019ൽ പി.ബി.സിയുടെ കരുത്തിലാണ് നെഹ്റുട്രോഫിയിൽ മുത്തമിട്ടത്. അക്കൊല്ലം സി.ബി.എൽ കിരീടവും സ്വന്തമാക്കി. 12 കളികളിൽ 11 കളികളും ജയിച്ചായിരുന്നു സി.ബി.എൽ നേട്ടം. 2015ൽ പുതുക്കിപ്പണിത വള്ളത്തിൽ ഇക്കുറി തുഴയെറിയുന്നത് പുന്നമട ബോട്ട് ക്ലബും (പി.ബി.സി) എൻ.സി.എഫ്.സിയും (നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്) ആണ്. അവരുടെ സ്വന്തം തട്ടകമാണെന്ന സവിശേഷതയുണ്ട്. കഴിഞ്ഞവർഷം രണ്ടാംസ്ഥാനം നേടി മികച്ചപ്രകടനം. 2006ൽ രൂപവത്കരിച്ച ക്ലബ് നാല് സി.ബി.എൽ സീസണുകളിൽ പങ്കെടുത്തിട്ടുണ്ട്.
പി.ബി.സി നേട്ടം: നാല് സി.ബി.എൽ സീസണുകളിൽ പങ്കെടുത്തു.
ജലരാജാവ് കാരിച്ചാൽ തന്നെ
ഒരു വള്ളത്തിനും എത്തിപ്പിടിക്കാത്ത നേട്ടമാണ് ജലരാജാവ് കാരിച്ചാൽ ചുണ്ടന്‍റേത്. 1970ൽ നീറ്റിലിറങ്ങിയ കാരിച്ചാൽ ഇതുവരെ രണ്ട് ഹാട്രിക് അടക്കം 16 തവണയാണ് നെഹ്റുട്രോഫിയിൽ മുത്തമിട്ടത്. കാരിച്ചാലിന്‍റെ നേട്ടങ്ങൾക്ക് പിന്നിൽ അപ്പർകുട്ടനാട്ടിലെ വീയപുരം പഞ്ചായത്തിലെ നാലുവാർഡുകൾ മാത്രമടങ്ങുന്ന ഒരു കൊച്ചുഗ്രാമത്തിന്‍റെ ആത്മസമർപ്പണമാണ്. ഇത്തവണ പോരിനിറങ്ങുന്നത് തെക്കേക്കര ബോട്ട് ക്ലബ്-ടി.ബി.സി ആണ്. 2024ൽ പി.ബി.സിയുടെ കരുത്തിലാണ് അവസാനമായി നെഹ്റുട്രോഫിയിൽ മുത്തമിട്ടത്.
കാരിച്ചാൽ ചുണ്ടൻ നേട്ടം: രണ്ടുതവണ ഹാട്രിക് ഉൾപ്പെടെ 16 കിരീടം. 1974,1975,1976,1980,1982,1983,1984,1986,1987,2000, 2001, 2003, 2008,2011,2016, 2024
(തുടരും).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

