ചുണ്ടൻ വള്ളങ്ങൾക്ക് ‘സുഖചികിത്സ’; പുന്നമടപ്പൂരം നാളെ
text_fieldsനെഹ്രുട്രോഫി വള്ളം കളി മത്സരം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കായി പുന്നമടയിൽ പോരിനിറങ്ങാൻ ചുണ്ടൻവള്ളങ്ങൾക്ക് ‘സുഖചികിത്സ’. പുന്നമടയിലെ പൂരത്തിന് മുന്നോടിയായിട്ടാണിത്. വെള്ളം തൊടാതെ വള്ളം പറപ്പിക്കാൻ മുമ്പ് പച്ചമുട്ടയും മീൻനെയ്യും ഗ്രീസുമൊക്കെ തേച്ചുപിടിപ്പിച്ചാണ് പണ്ട് വള്ളം സജ്ജമാക്കിയിരുന്നത്. കാലം മാറിയതോടെ വള്ളങ്ങളെ മിനുസമാക്കാൻ ഉപയോഗിക്കുന്നത് പോളിഷാണ്. സാധാരണ തടി ഉപകരണങ്ങൾക്ക് ഉപയോഗിക്കുന്ന അതേ പോളിഷ്. ഉണങ്ങിയ ശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് പ്രതലം മിനുസമാക്കും.
നിലവിൽ ചുണ്ടൻ വള്ളങ്ങളെല്ലാം കരക്കുകയറ്റി. പരിശീലന കാലയളവിൽ സ്ഥിരം വെള്ളത്തിലായതിനാൽ തടി ചീർത്തിട്ടുണ്ടാകും. ഇത് വള്ളത്തിന്റെ ഭാരം കൂട്ടും. അത് ഒഴിവാക്കാനാണ് വള്ളം ഉണക്കുന്നത്. ചെറുചൂട് നൽകിയാൽ വെള്ളം വേഗത്തിൽ വലിയുമെന്നതിനാൽ തൊണ്ടും മടലുമിട്ട് പുകച്ചാണ് മിനക്കുപണി. ജലാംശം പൂർണമായും നീക്കിയശേഷമാണ് പോളിഷ് അടിക്കുന്നത്. ഇതിന് വിദഗ്ധരായ പെയിന്റർമാരുടെ സംഘമുണ്ട്. ശനിയാഴ്ച രാവിലെയാണ് ഇനി ആഘോഷമായ നീറ്റിലിറക്കൽ. ഇതിന് മുന്നോടിയായി തുഴച്ചിലുകാരും ക്ലബുകാരും വള്ളംകളി പ്രേമികളായ കരക്കാരും ചേർന്ന് പ്രാർഥനയോടെയാണ് അങ്കത്തട്ടിലെത്തുക.
വള്ളംകളിക്ക് ‘മഴപ്പേടി’
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിക്ക് മഴപ്പേടി. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച മത്സരം മാറ്റുന്നതിന് പ്രധാനതടസ്സം മഴയായിരുന്നു. എന്നാൽ, പുതിയ തീയതിയിലും പുന്നമടയിൽ മഴയുടെ കുടമാറ്റം തീർക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം, മഴയെത്തും കളിയാവേശത്തിന് കുറവുണ്ടാകില്ലെന്നാണ് വള്ളംകളി പ്രേമികളുടെയും ക്ലബുകളുടെയും വിലയിരുത്തൽ.
ട്രാക്ക് എൻട്രിയിൽപോലും മികച്ചസമയം കണ്ടെത്തിയ ചുണ്ടൻവള്ളങ്ങൾ ലക്ഷ്യമിടുന്നത് റെക്കോഡ് വേഗത്തിൽ ഫൈനലിലെത്തുകയാണ്. സി.ബി.എല്ലിൽ മാറ്റുരക്കാൻ ആദ്യ ഒമ്പത് സ്ഥാനം നേടുകയെന്നതും വെല്ലുവിളിയാണ്. 21 ചുണ്ടൻ വള്ളങ്ങളാണ് നെഹ്റുട്രോഫിയിൽ മാറ്റുരക്കുന്നത്.
ഒരുക്കം അവസാനഘട്ടത്തിൽ
സ്റ്റാർട്ടിങ്-ഫിനിഷിങ് പോയന്റിൽ നിർമാണപ്രവർത്തനങ്ങൾ തകൃതിയാണ്. പുത്തൻഡിവൈസിന്റെ പരീക്ഷണവും നടന്നു. വെള്ളിയാഴ്ച അന്തിമമായി പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. നെഹ്റുട്രോഫി സ്റ്റാർട്ടിങ് പോയന്റിൽ ‘പുതിയനടപ്പാലം’ വന്നതും ആവേശമാണ്. വള്ളംകളി മത്സരത്തിന്റെ സ്റ്റാർട്ടിങ് അടക്കം കൃത്യതയോടെ കാണാനാകുമെന്നതാണ് സവിശേഷത.
നഗരസഭ അമൃത് പദ്ധതിയിൽ അർബൻ ട്രാൻസ്പോർട് സെക്ടറിൽ ഉൾപ്പെടുത്തിയാണ് നിർമാണം. ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയുന്നവിധം കായലിൽ തൂണുകൾ ഇല്ലെന്നതും സവിശേഷതയാണ്. കാണാൻ ഏറെ ഭംഗിയുള്ള നടപ്പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

