നെഹ്റുട്രോഫി വള്ളംകളിയിൽ അനിശ്ചിതത്വം; സെപ്റ്റംബറിൽ തന്നെ നടത്തണം, ഇല്ലെങ്കിൽ വിട്ടുനിൽക്കും
text_fieldsനെഹ്റുട്രോഫി അനിശ്ചിത്വം മാറ്റണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ചടയംമുറി ഹാളിൽ ചേർന്ന ബോട്ട്ക്ലബുകളുടെയും വള്ളം ഉടമകളുടെയും സംയുക്തയോഗം
ആലപ്പുഴ: വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിൽ തന്നെ നടത്തണമെന്ന് വിവിധ ബോട്ട്ക്ലബുകളുടെയും വള്ളം ഉടമകളുടെയും യോഗത്തിൽ തീരുമാനം. നെഹ്റുട്രോഫി നവംബറിലേക്ക് മാറ്റിയാൽ മത്സരത്തിൽനിന്ന് വിട്ടുനിൽക്കും. ആലപ്പുഴ ചടയംമുറി ഹാളിൽ ചേർന്ന് സ്നേക്ക് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, കേരള ബോട്ട് ക്ലബ് അസോസിയേഷൻ, ചെറുവള്ളം ഉടമ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.
സെപ്റ്റംബറിൽ വള്ളംകളി നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രിയെ നേരിൽകണ്ട് അവതരിപ്പിക്കും. അടുത്തവർഷം മുതൽ ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയെന്ന പതിവ് രീതി മാറ്റി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റണം. ദുരന്തപശ്ചാലത്തിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി സെപ്റ്റംബറിൽ വള്ളംകളി നടത്താൻ തയാറായില്ലെങ്കിൽ ദുരിതബാധിതരോടുള്ള ആദരസൂചകമായി പുന്നമടയിൽ സ്വന്തം നിലയിൽ ചുണ്ടൻവള്ളങ്ങളെ അണിനിരത്തി മത്സരം നടത്തും.
മത്സരം ഉപേക്ഷിച്ചത് ക്ലബുകൾക്കും വള്ളസമിതികൾക്കും വൻസാമ്പത്തിക ബാധ്യതയാണ് വരുത്തിയത്. അതിനാൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം പുനരാരംഭിക്കണം. നിലവിൽ വിവിധവള്ളങ്ങൾക്കും ക്ലബുകൾക്കുമായി 25കോടിയിലേറെ രൂപയുടെ ബാധ്യതയാണുള്ളത്. വിവിധക്ലബുകൾ 80 ലക്ഷം മുതൽ 11ലക്ഷം ചെലവഴിച്ചിട്ടുണ്ട്. നിലവിൽ ട്രയൽ എടുത്ത വള്ളങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. ഇതിനായി എൻ.ടി.ബി.ആർ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് വള്ളങ്ങളുടെ ട്രയൽ പരിശോധിച്ച് നഷ്ടപരിഹാരത്തുക നിശ്ചിയിക്കണം. സി.ബി.എൽ പ്രതീക്ഷയിലാണ് വള്ളങ്ങൾ പരിശീലനം തുടങ്ങിയത്. ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങളുടെ എണ്ണം ഒമ്പതിൽനിന്ന് 15 ആക്കണം.
സ്നേക്ക് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.കെ. കുറുപ്പ് (ചെയർമാൻ) റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കൊച്ചുമോൻ അമ്പലക്കടവൻ (വൈസ് പ്രസി.) കേരള ബോട്ട് ക്ലബ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം. ഇക്ബാൽ (ജന. കൺ) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
യോഗത്തിൽ സ്നേക് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.കെ. കുറുപ്പ് അധ്യക്ഷത വഹിച്ചു. കൊച്ചുമോൻ അമ്പലക്കടവൻ, എസ്.എം. ഇക്ബാൽ, മാത്യു ജോസഫ് മാപ്പിളശ്ശേരി, ജെയിംസ്കുട്ടി ജേക്കബ്, റെജി വേലങ്ങാടൻ, കെ.എ. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

