നെഹ്റു ട്രോഫി വിധിത്തർക്കം; മത്സരത്തിന്റെ വിഡിയോ ദൃശ്യ പരിശോധന നാളെ
text_fieldsആലപ്പുഴ: വിധിത്തർക്കത്തിന് പിന്നാലെ നെഹ്റു ട്രോഫി ഫൈനൽ മത്സരത്തിലെ വിഡിയോ ദൃശ്യം വീണ്ടും പരിശോധിക്കും. ജില്ല കലക്ടർ അലക്സ് വർഗീസ്, സബ് കലക്ടർ സമീർ കിഷൻ, എ.ഡി.എം എന്നിവർ അംഗങ്ങളായ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സൂക്ഷമപരിശോധന നടത്തി വിജയിയെ പ്രഖ്യാപിക്കും.
ഫൈനൽ മത്സരത്തിൽ അന്തിമവിശലകനം നടത്താതെ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ വി.ബി.സി കൈനകരിയും (വീയപുരം ചുണ്ടൻ), സ്റ്റാർട്ടിങ് പോയന്റിലെ അപാകതമൂലം ട്രോഫി നഷ്ടപ്പെട്ടെന്ന് ആരോപിച്ച് നടുഭാഗം ചുണ്ടൻ വള്ളസമിതിയും (കുമരകം ടൗൺ ബോട്ട് ക്ലബ്) നൽകിയ പരാതി പരിഗണിച്ചാണ് എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻകൂടിയായ ജില്ല കലക്ടറുടെ ഇടപെടൽ. ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയെ ബുധനാഴ്ച തെരഞ്ഞെടുക്കും. വിജയിയെ തെറ്റായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം.
വിവിധ മത്സരങ്ങൾക്കിടിയിൽ ഓളത്തിലൂടെയും ഒഴുക്കിലൂടെയും നീന്തിവന്ന പലരും തുണുകളിൽ പിടിച്ചുകിടന്നതിനാൽ സ്ഥാനചലനമുണ്ടായി. ഈസാഹചര്യത്തിൽ 0.5 മില്ലി സെക്കൻഡിൽ കാരിച്ചാൽ വിജയിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നും ദൃശ്യങ്ങളിൽ വീയപുരം ചുണ്ടൻ ആദ്യമെത്തുന്നത് വ്യക്തമാണെന്നും പരാതിയിലുണ്ട്. ഫൈനൽ മത്സരത്തിന് മുമ്പ് ഒഫീഷ്യൽ ബോട്ട് ട്രാക്കിൽ കയറ്റിയതിനാൽ തുഴയാൻ തയാറെടുപ്പ് നടത്തിയിരുന്നില്ല. തുഴച്ചിലുകാർ തുഴ ഉയർത്തി കാണിച്ചിട്ടും ചീഫ് സ്റ്റാർട്ടർ അവഗണിച്ച് മത്സരം ആരംഭിച്ചുവെന്നാണ് നടുഭാഗം ചുണ്ടന്റെ പരാതി. ഇക്കാര്യങ്ങളടക്കം പരിഗണിച്ചാണ് ‘മത്സരദൃശ്യം’ വീണ്ടും പരിശോധിക്കുന്നത്.
ശനിയാഴ്ച നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ 0.5 മില്ലി മൈക്രോ സെക്കൻഡ് വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (4.29.785) ജേതാവായത്. വി.ബി.സി കൈനകരിയുടെ വീയപുരം ചുണ്ടൻ (4.29.790) രണ്ടും കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4.30.56) നാലും സ്ഥാനവും നേടി.
പാകപ്പിഴയുണ്ടായാൽ വള്ളങ്ങളുടെ ക്യാപ്റ്റൻമാരുമായും ക്ലബ് പ്രതിനിധികളുമായും സംസാരിച്ച് ബോധ്യപ്പെടുത്തിയാണ് സാധാരണ ഫലപ്രഖ്യാപനം നടത്തുന്നത്. മത്സരത്തിന് ഉപയോഗിച്ചത് ഒളിമ്പിക്സിലെ സാങ്കേതികവിദ്യയായിരുന്നു. മത്സരം കഴിഞ്ഞയുടൻ വീയപുരവും കാരിച്ചാലും ഒരേസമയം (4.29 മിനിറ്റ്) ഫിനിഷ് ചെയ്ത സമയമാണ് ടൈംമറിൽ കാണിച്ചത്.
തൊട്ടുപിന്നാലെയാണ് മില്ലി മൈക്രോ സെക്കൻഡ് എഴുതിക്കാണിച്ച് തിരുത്തിയത് രാഷ്ട്രീയപ്രേരിതമായ അട്ടിമറിയാണെന്നാണ് വി.ബി.സി കൈനകരിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.