നെഹ്റു ട്രോഫി വള്ളംകളി; പെരുമാറ്റച്ചട്ടത്തിലെ മാറ്റത്തിന് അംഗീകാരം, ഫിനിഷിങ് പോയന്റിൽ കാമറ
text_fieldsപ്രതീകാത്മക ചിത്രം
വള്ളങ്ങൾ ഒരേപോലെ വന്നാൽ വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തും
ആലപ്പുഴ: ഈമാസം 30ന് പുന്നമട കായലിൽ നടക്കുന്ന 71ാം നെഹ്റു ട്രോഫി വള്ളംകളിയിൽ ടീമംഗങ്ങൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിൽ വരുത്തിയ ഭേദഗതികൾക്ക് അംഗീകാരം. കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻ.ടി.ബി.ആർ) എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.
എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, എ.ഡി.എം ആശ സി. എബ്രഹാം, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി.എസ്. വിനോദ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ്, അഡീഷനൽ എസ്.പി ജിൽസൺ മാത്യു, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, എ.എ. ഷുക്കൂർ, ടെക്നിക്കൽ കമ്മിറ്റി അംഗം ആർ.കെ. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
സമയക്രമം മില്ലിസെക്കൻഡ് കണക്കാക്കും
മത്സരത്തിൽ വള്ളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിറ്റിനും സെക്കൻഡിനും ശേഷം മില്ലി സെക്കൻഡായി (മൂന്ന് ഡിജിറ്റ്) നിജപ്പെടുത്തും. ഒരേപോലെ ഒന്നിലധികം വള്ളങ്ങൾ ഫിനിഷ് ചെയ്താൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കം. അങ്ങനെ വന്നാൽ ആറുമാസം വീതം ട്രോഫി കൈവശംവെക്കാം. ആദ്യ ആറുമാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. ഒന്ന് മുതൽ നാല് വരെയുള്ള ഏതെങ്കിലും വള്ളങ്ങൾ തുല്യമായി വന്നാൽ തൊട്ടടുത്ത സ്ഥാനം ഒഴിവാക്കി അടുത്ത സ്ഥാനക്കാർക്ക് നൽകും.
ഐ.ഡി കാർഡ് വാങ്ങിയ ക്ലബുകൾ അവരുടെ ടീമംഗങ്ങളെ നിലനിർത്തേണ്ട ഉത്തരവാദിത്തം ടീം ക്യാപ്റ്റനിൽ മാത്രം നിക്ഷിപതമായിരിക്കും. കളിവള്ളങ്ങളിൽ രാഷ്ട്രീയവും മതപരവുമായി തോന്നാവുന്ന ചിഹ്നങ്ങൾ അനുവദിക്കില്ല. വള്ളങ്ങൾക്ക് തടിയുടെ നിറമോ കറുപ്പ് നിറമോ മാത്രമേ പാടുള്ളൂ.
വള്ളങ്ങളിൽ ഉപയോഗിക്കുന്ന പങ്കായങ്ങൾ, ഇടിയൻ എന്നിവ തടികൊണ്ടുള്ളതും ഇരുന്ന് തുഴയുന്ന തുഴകൾ പനയിൽ നിർമിച്ചതുമായിരിക്കണം. വിപരീതമായി പ്രവർത്തിക്കുന്ന വള്ളങ്ങളെക്കുറിച്ച് മത്സരത്തിന് മുമ്പ് പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 12 മുതൽ 21 വരെയാണ്.
പ്രധാന മാറ്റങ്ങൾ
- വള്ളങ്ങൾ സ്റ്റാർട്ടിങ് പോയന്റിൽ കൃത്യമായി ക്രമീകരിക്കാനും ചുണ്ട്, തലമരം ഫിനിഷിങ് പോയന്റ് ടച്ച് ചെയ്യുന്നത് കൃത്യമായി കാണാൻ വള്ളങ്ങളുടെ നമ്പർ പ്ലേറ്റ് മുന്നിൽ കെട്ടിവെക്കാൻ പാടില്ല. എൻ.ടി.ബി.ആർ നൽകുന്ന സ്റ്റക്കർ രൂപത്തിലുള്ള നമ്പർ പ്ലേറ്റ് കൂമ്പിന് തൊട്ട് പിന്നിൽ പതിക്കണം. ചുണ്ടൻ വള്ളങ്ങളുടെ കൂമ്പ് മറയുംവിധം ഒന്നും പ്രദർശിപ്പിക്കാൻ പാടില്ല.
- ജഡ്ജസിന്റെ വിധി കൃത്യമായി നടപ്പാക്കാൻ മൂന്നു തട്ടിൽ ഇരിപ്പിടം ഒരുക്കി കാഴ്ച വ്യക്തത വരുത്തും
- ഫിനിഷിങ് പോയന്റിൽ ഒരേ രൂപത്തിലും വലുപ്പത്തിലുമള്ള അഞ്ച് തൂണുകൾ സ്ഥാപിക്കും
- ഫിനിഷിങ് പോയന്റ് ടച്ച് ചെയ്യുന്നത് പകർത്താൻ ഇരുവശവും കാമറ സംവിധാനം ഒരുക്കും
- ഫിനിഷിങ് പോയന്റ് വെർച്യുൽ ലൈൻ ഉപയോഗിച്ച് ഇൻഡിവിജ്വൽ ടൈമിങ് സിസ്റ്റം ക്രമീകരിച്ച് സംശയനിവാരണം വരുത്തും
- ടൈമേഴ്സ് കൃത്യതയോടെ ടൈം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ഫിനിഷിങ് പോയന്റ് ടച്ച് ചെയ്യുന്ന വള്ളങ്ങളുടെ സ്ഥാനക്രമം അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന്, നാല് സമയക്രമം കൃത്യമായി ജനം കാണുംവിധം സ്ക്രീനിൽ പ്രദർശിപ്പിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

