കായംകുളത്ത് വോട്ട് ചോർച്ചയിൽ അടിപതറി എൻ.ഡി.എ
text_fieldsകായംകുളം: ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം ആവർത്തിക്കാൻ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ എൻ.ഡി.എയിലെ വോട്ട് ചോർച്ചയിൽ മുന്നണിയിൽ കലഹം. ലോക്സഭയിൽ ബി.ജെ.പി മുന്നിൽ വന്ന പത്തിയൂരിലും ചെട്ടികുളങ്ങരയിലും സംഭവിച്ച തിരിച്ചടിയാണ് ചർച്ചയാകുന്നത്.
ഇടത് പഞ്ചായത്തുകളായ രണ്ടിടത്തും യു.ഡി.എഫിലെ എം. ലിജുവാണ് ലീഡ് പിടിച്ചത്. എൻ.ഡി.എക്കായി കളത്തിലിറങ്ങിയ ബി.ഡി.ജെ.എസിലെ തമ്പി മേട്ടുതറയുടെ സ്വന്തം പഞ്ചായത്തായ പത്തിയൂരിൽപോലും കാര്യമായ പ്രകടനം കാഴ്ചവെക്കാൻ ഇവർക്കായില്ല. സി.പി.എമ്മിൽനിന്ന് ബി.ജെ.പിയിലെത്തിയ ബിബിൻ സി. ബാബുവിന്റെ സാന്നിധ്യവും ഇവിടെ സഹായകമായില്ലെന്ന ചർച്ചയാണ് ഉയരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് ശക്തികേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടികുളങ്ങര, ദേവികുളങ്ങര എന്നിവിടങ്ങളിലായി ആയിരം വീതം വോട്ടിന്റെയും യു.ഡി.എഫ് ഭരിച്ചിരുന്ന കണ്ടല്ലൂരിൽ 500 വോട്ടിന്റെയും മുന്നേറ്റം നടത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. എന്നാൽ, തദ്ദേശത്തിൽ ഇടതുപക്ഷം മുന്നിൽ വന്നത് ബി.ജെ.പി പ്രതീക്ഷ തകിടംമറിച്ചു. ഇതിന് പരിഹാരമെന്നവണ്ണം വോട്ട് വർധന ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇക്കുറി നടത്തിയത്. എന്നാൽ 17,000ത്തോളം വോട്ട് മാത്രമാണ് മൊത്തത്തിൽ പിടിക്കാനായത്.
ബി.ജെ.പി പ്രത്യേക ഊന്നൽ നൽകിയ മണ്ഡലം ബി.ഡി.ജെ.എസിന്റെ പിടിവാശി മൂലമാണ് വിട്ടുനൽേകണ്ടി വന്നത്. ഇതുകാരണം ബി.ജെ.പിയുടെ ഒരുവിഭാഗം വോട്ടുകൾ എൻ.ഡി.എയുടെ പെട്ടിയിൽ വീണില്ലെന്നും സംസാരമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരത്തിലും ആറ് പഞ്ചായത്തുകളിലുമായി 23 പേരോളം വിജയിച്ചിരുന്നു. ഇതിന്റെ രണ്ടിരട്ടി വാർഡുകളിൽ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ 225 ബൂത്തുകളിൽ ഒന്നിൽപോലും മുന്നിലെത്താൻ കഴിയാതിരുന്നത് കനത്ത തിരിച്ചടിയായി. ചെട്ടികുളങ്ങരയിലെ ഒരു ബൂത്തിൽ മാത്രമാണ് 217 വോട്ട് നേടി രണ്ടാംസ്ഥാനത്ത് എത്താൻ കഴിഞ്ഞത്. ഇവിടെ യു.ഡി.എഫാണ് 333 വോട്ട് നേടി മുന്നിലെത്തിയത്.
ഭൂരിപക്ഷം വാർഡുകളിലും നൂറിൽ താഴെ വോട്ടുകളാണ് ബി.ഡി.ജെ.എസിന് നേടാനായത്. നഗരത്തിലെ നിരവധി ബൂത്തുകളിൽ 10ൽ താഴെ മാത്രമാണ് വോട്ട് ലഭിച്ചത്. ഒരു വോട്ട് മാത്രം ലഭിച്ച ബൂത്തുമുണ്ട്.
നഗരത്തിൽ 3,741 വോട്ടാണ് എൻ.ഡി.എക്ക് ലഭിച്ചത്. ചെട്ടികുളങ്ങരയിൽ 3,672ഉം പത്തിയൂരിൽ 2,458 വോട്ടുമാണ് ലഭിച്ചത്. ഭരണിക്കാവ് 2,112, കൃഷ്ണപുരം 2,033, ദേവികുളങ്ങര 1,520, കണ്ടല്ലൂർ 1,135 എന്നീ ക്രമത്തിലുമാണ് വോട്ടുകൾ നേടാനായത്. ഇവിടെയെല്ലാം തദ്ദേശത്തിൽ ലഭിച്ചതിന്റെ പകുതി വോട്ട് മാത്രമാണ് ഇക്കുറി കിട്ടിയത്.
ഇതോടൊപ്പം മണ്ഡലത്തിൽ ബി.ഡി.ജെ.എസിനെ കൈവിടുന്ന സമീപനം എസ്.എൻ.ഡി.പി സ്വീകരിച്ചതും ചർച്ചയാവുകയാണ്. വെള്ളാപ്പള്ളി നടേശന്റെ നിലപാട് സംബന്ധിച്ച് ഇടത് സ്ഥാനാർഥിയായിരുന്ന യു. പ്രതിഭയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം ചർച്ചയായത്. കൂടാതെ ബി.ജെ.പിയിലെ വോട്ട് ചോർച്ചയും എൻ.ഡി.എക്ക് വോട്ട് കുറയുന്നതിന് കാരണമായെന്ന ചർച്ച സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

