നവകേരള സദസ്സിന് സംഭാവന നൽകൽ; നഗരസഭ കൗണ്‍സില്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം
text_fieldsആലപ്പുഴ: നവ കേരള സദസ്സിന് സംഭാവന നൽകാനുള്ള ആലപ്പുഴ നഗരസഭ കൗൺസിൽ തീരുമാനത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിൽ യോഗം നടത്തി. യോഗം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റീഗോ രാജു ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ പദ്ധതി തുകയിൽ നിന്ന് 2.5 കോടി രൂപ തിരികെ എടുക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കുന്നതിന്റെ പേരിൽ കഴിഞ്ഞ കൗൺസിൽ യോഗവും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ തദ്ദേശസ്ഥാപനങ്ങളുടെ വികസനം സ്തംഭിച്ച അവസ്ഥയിലാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പെൻഷൻ പോലും പൂർണമായി നൽകാൻ കഴിയാത്ത സാഹചര്യത്തിലും നവകേരള സദസ്സ് പോലെയുള്ള ആർഭാട പരിപാടികൾ നടത്തുന്നത് വിരോധാഭാസമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

