നെറ്റിപ്പട്ടത്തിനും ആലവട്ടത്തിനും നൂറഴക്; ദേശീയ സരസ് മേളയിൽ വനിത സംരംഭകരുടെ നിറക്കൂട്ട്
text_fieldsചെങ്ങന്നൂരിലെ കുടുംബശ്രീ ദേശീയ സരസ് മേളയിൽ വനിത സംരംഭകർ ഒരുക്കിയ നെറ്റിപ്പട്ടങ്ങളുടെ സ്റ്റാൾ
ആലപ്പുഴ: ചെങ്ങന്നൂരിലെ കുടുംബശ്രീ സരസ് ദേശീയമേളയിൽ വനിത സംരംഭകരുടെ നിറക്കൂട്ട്. വിവിധങ്ങളായി ഉൽപന്നങ്ങളുമായാണ് ഇവർ എത്തിയിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ ഉത്തർപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, ഒഡിഷ, മഹാരാഷ്ട്ര, ജമ്മു-കശ്മീർ, ഹരിയാന, ബിഹാർ, ആന്ധ്രപ്രദേശ്, അസം, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കൈത്തറി വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, ചുരിദാറുകൾ, കുർത്തകൾ, കറി പൗഡറുകൾ, ഡ്രൈ ഫ്രൂട്ട്സ്, ഭക്ഷ്യ ഉൽപന്നങ്ങൾ, അലങ്കാര വസ്തുക്കൾ, ചെരിപ്പുകൾ, ബാഗുകൾ എന്നിവയുമുണ്ട്.
കേരളത്തിലെ കുടുംബശ്രീ വനിത സംരംഭകരുടെ 15ലധികം സ്റ്റാളുമുണ്ട്. മാസങ്ങളുടെ അധ്വാനത്തിലൂടെ തയാറാക്കിയ ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ഏറെയും. ശുദ്ധമായ ചെറുതേൻ, വൻതേൻ, തേൻ ഉൽപന്നങ്ങളുമായി കൊല്ലം വട്ടപ്പാറ വെളിനല്ലൂറിന്റെ സ്റ്റാളുമുണ്ട്. ഹണിസോപ്പ്, ബീ വാക്സ്, തേനീച്ച മെഴുക്, ഹണി കാൻഡിൽ, ബീ വാക്സ് ക്രീ, ബീ വാക്സ് ലിപ് ബാം, ബ്രഹ്മി ഹണി, കോമ്പ് ഹണി, കാന്താരി തേൻ, ചെറുതേനീച്ച കോളനി, തുളസി ഹണി, ജിഞ്ചർ തേൻ, ചെറുതേൻ, ഗാർളിക് തേൻ, ടർമറിക് തേൻ എന്നിങ്ങനെ തേൻ വിഭവങ്ങളേറെ.
ഇസബെല്ല അലൻ കണ്ണാട്ട് സരസ് വേദിയിൽ കോൽത്താരി അവതരിപ്പിക്കുന്നു
കറങ്ങുന്ന ചക്രത്തിൽ മണ്ണിൽ തീർത്ത പാത്രങ്ങളും വേറിട്ടതാണ്. നിലമ്പൂർ ഹസ്തശിൽപ സംരംഭക വിജയലക്ഷമിയും ഭർത്താവ് രാജേഷുമാണ് മൺപാത്ര നിർമാണത്തിലെ പുതുമകളുമായി എത്തിയത്. ഗ്യാസ് സ്റ്റൗവിലും അടുപ്പിലും വെക്കാൻകഴിയുന്ന തരത്തിലെ മൺചട്ടികൾ, തവകൾ എന്നിവയുമുണ്ട്. വനിതകളുടെ കരവിരുതിൽ പിറന്ന നെറ്റിപ്പട്ടങ്ങൾക്കും ആലവട്ടങ്ങൾക്കും നൂറഴകാണ്. ചെങ്ങന്നൂർ മംഗലം നോർത്ത് വാർഡ് ഏഴിലെ 14 വനിതകൾ ചേർന്ന് തയാറാക്കിയ സംരംഭമാണിത്. 13 മാസമായി നെറ്റിപ്പട്ട, ആലവട്ട നിർമാണത്തിൽ സ്വയംതൊഴിൽ പരിശീലനം നടത്തുന്ന ടീമാണിവർ.
ഇതുവരെ ഇവർക്ക് എണ്ണായിരത്തോളം ഓർഡർ ലഭിച്ചിട്ടുണ്ട്. പിറന്നാളിനും വിവാഹത്തിനും ഗൃഹപ്രവേശനത്തിനുമെല്ലാം സമ്മാനമായി നെറ്റിപ്പട്ടവും ഫോട്ടോവെച്ച ആലവട്ടങ്ങളും വാങ്ങാറുണ്ടെന്ന് ഇവർ പറയുന്നു. ഫുഡ് സ്റ്റാളിൽ വിവിധ ജില്ലകളിലെ ഭക്ഷണം രുചിച്ചറിയാൻ കഴിയുമെന്നതാണ് സവിശേഷത. ഇവിടെ തിരക്കും ഏറെയാണ്. വയനാടിൽനിന്നുള്ള ‘വനസുന്ദരി’കോഴിയാണ് താരം. കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വ്യത്യസ്ത ഭക്ഷണങ്ങളും ഇടംപിച്ചിട്ടുണ്ട്. ജ്യൂസ് കൗണ്ടറിന് മുന്നിലും തിരക്കേറെയാണ്. വൈറൈറ്റി സോഡകൾ, സ്മൂത്തികൾ, ലെസികൾ, സ്പെഷൽ ജ്യൂസുകൾ, സർബത്തുകൾ, വിവിധതരം ഷെയ്ക്ക്, എഗ്റോൾ, പൊട്ടേറ്റോ റോൾ, ഫ്രഷ് ഫ്രൂട്ട് ലൈമുകൾ, വെജിറ്റബിൾസ് ഫ്രൂട്ട്സ്, മിക്സ് ജ്യൂസ് എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

