ദേശീയപാത വികസനം: നിർമാണം തുടങ്ങിയപ്പോൾ നാട്ടുകാർക്ക് ‘പണി’ കിട്ടി
text_fieldsകരുവാറ്റയിൽ സമീപത്തെ വീടുകളുടെ തറനിരപ്പിനേക്കാൾ പൊക്കത്തിൽ നിർമിക്കുന്ന റോഡിന്റെ ഭാഗം
ഹരിപ്പാട്: ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുകൊടുത്തതിന്റെ പേരിൽ മോഹവില ലഭിച്ചപ്പോൾ ഇങ്ങനെയൊരു പണി കിട്ടുമെന്ന് അവർ ഓർത്തില്ല. ദേശീയപാതയുടെ പണി തുടങ്ങിയപ്പോൾ പണി കിട്ടിത്തുടങ്ങിയ വീട്ടുകാരും കച്ചവടക്കാരും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. റോഡ് നിർമാണം വേഗത്തിൽ പുരോഗമിക്കുമ്പോൾ കരുവാറ്റയിലുള്ള നിരവധി കുടുംബങ്ങൾക്ക് സങ്കടവും രോഷവും അടക്കാനാകുന്നില്ല. ഉയരത്തിൽ റോഡ് നിർമിക്കുന്നതാണ് ഇവരെ കടുത്ത പ്രതിസന്ധിയിലാക്കിയത്.
കരുവാറ്റ ഫെഡറൽ ബാങ്ക് ജങ്ഷൻ മുതൽ ആശ്രമം വരെ സർവിസ് റോഡ് ഉയർത്തിയാണ് നിർമാണം. നിലവിലെ റോഡിൽനിന്നു രണ്ട് മീറ്ററോളം ഉയരം വരും. സർവിസ് റോഡ് താഴ്ത്തിയും ആറുവരിപ്പാത ഉയർത്തിയുമാണ് പൊതുവെ നിർമിക്കുന്നത്. ഇവിടെ നിർമാണത്തിലുണ്ടായ പ്രതീക്ഷിക്കാത്ത മാറ്റം റോഡരികിലെ താമസക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന അവസ്ഥയിലെത്തിച്ചു. റോഡിന് സ്ഥലം വിട്ടുനൽകിയവർ അതിർത്തിയിൽ മതിൽ കെട്ടുകയും പൊളിച്ചുനീക്കിയ വീടിന്റെ ശേഷിക്കുന്ന ഭാഗം നിലനിർത്തി ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. സർവിസ് റോഡിലേക്ക് നേരിട്ട് ഇറങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു അവർ.
അധികപേർക്കും വീടിനും റോഡിനും ഇടയിൽ ഒരിഞ്ച് സ്ഥലംപോലും ഇല്ല. എന്നാൽ, ഇവരുടെ പ്രതീക്ഷകളെല്ലാം തകർന്നിരിക്കുകയാണ്. മതിലിന്റെ പൊക്കത്തിൽ റോഡ് വരും. ഉയരത്തിൽ നിർമിക്കുന്ന സർവിസ് റോഡും അതിനോട് ചേർന്ന ഓടയും പൂർത്തീകരിച്ചാൽ ഇവർക്ക് വീടിന് പുറത്തേക്ക് ഇറങ്ങാൻപോലും കഴിയാത്ത സ്ഥിതിയുണ്ടാകും. ഉയരത്തിൽ റോഡ് വരുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ വീട് നിർമാണത്തിൽ അതിനനുസരിച്ചുള്ള മാറ്റം വരുത്താനും കഴിഞ്ഞില്ല.
ലക്ഷങ്ങൾ ചെലവഴിച്ച് പുനർനിർമിച്ച വീട് ഉപയോഗശൂന്യമാകുന്ന അവസ്ഥയാണുള്ളത്. കളരിക്കൽ വീട്ടിൽ കൃഷ്ണകുമാറും ഡോ. വിക്രമനും സഫിയത്തും ഉൾപ്പെടെയുള്ള വീട്ടുടമകൾ പ്രശ്നത്തിൽനിന്ന് എങ്ങനെ കരകയറും എന്നറിയാതെ വിഷമിക്കുകയാണ്. നിരവധി കച്ചവടക്കാരും സമാന അവസ്ഥയിലാണ്. വാടക കൊടുക്കാനുള്ള കച്ചവടംപോലും പലർക്കും കിട്ടുന്നില്ല. കട ഒഴിയുകയല്ലാതെ മറ്റ് മാർഗമില്ല. പണി പൂർത്തീകരിക്കുമ്പോൾ റോഡിലേക്ക് പ്രവേശിക്കാൻപോലും കഴിയുമോയെന്ന ആശങ്ക ഇവർക്കുണ്ട്.
പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് റോഡ് ഉയർത്തി നിർമിക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞത്. എന്നാൽ, അങ്ങനെയൊരു പ്രശ്നം ഇവിടെ നിലനിൽക്കുന്നില്ലെന്ന് പ്രദേശവാസി സനൽ മുഹമ്മദ് പറഞ്ഞു. റോഡിന് താഴെ പെട്ടുപോയ വീട്ടുകാർക്ക് മഴക്കാലമായാൽ കടുത്ത ദുരിതമാകും പേറേണ്ടിവരുക. ഇവിടെ നിർമിക്കുന്ന കലുങ്കിലും അശാസ്ത്രീയതയുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കലുങ്കിൽ എത്തുന്ന വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലെന്നാണ് ഇവർ പറയുന്നത്. തങ്ങളുടെ സങ്കടങ്ങൾ ജനപ്രതിനിധികളോട് പറയുമ്പോൾ അവർ നിസ്സഹായരാണെന്ന മറുപടിയാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

