ദേശീയപാത വികസനം; ഗതാഗത മാനേജ്മെന്റ് നിർദേശങ്ങൾ പാലിക്കാതെ
text_fieldsആലപ്പുഴ: ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്നത്, നിർമാണസമയത്ത് പാലിക്കേണ്ട ഗതാഗത മാനേജ്മെന്റ് നിർദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടെന്ന് പരാതി. നിർമാണ സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്കടക്കം സുഗമമായും സുരക്ഷിതമായും കടന്നുപോകാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ഗതാഗത മാനേജ്മെന്റ് നിർദേശങ്ങൾ.
കരാറിൽ വ്യക്തമായി ഉൾപെടുത്തിയ നിർദേശങ്ങൾ കരാറുകാർ അവഗണിക്കുന്നതാണ് ജില്ലയിൽ ദേശീയപാത നിർമാണ ഇടങ്ങളിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നത്. കരാർ പ്രകാരമുള്ള ഗതാഗത മാനേജ്മെന്റ് നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജില്ല ഭരണകൂടമാണ്. കലക്ടറടക്കം ഉന്നത ഉദ്യോഗസ്ഥർ ഇത് ഉറപ്പാക്കാത്തതിനാൽ പൊലിയുന്നത് നിരവധി പേരുടെ ജീവനാണ്. ഇന്ത്യൻ റോഡ് കോൺഗ്രസാണ് (ഐ.ആർ.സി) നിർമാണം നടക്കുന്ന ഇടങ്ങളിൽ പാലിക്കേണ്ട ഗതാഗത മാനേജ്മെന്റ് പ്ലാൻ പുറത്തിറക്കിയിട്ടുള്ളത്.
റോഡുകളുടെയും ദേശീയപാത നിർമാണത്തിന്റെയും മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിനും രൂപകൽപന ചെയ്യുന്നതിനുമുള്ള ഇന്ത്യയുടെ ദേശീയ സംവിധാനമാണ് ഇന്ത്യൻ റോഡ്സ് കോൺഗ്രസ്. വർക്ക് സോൺ ട്രാഫിക് മാനേജ്മെന്റ് പ്ലാൻ (ഡബ്ലിയു.ടി.എം.പി) എന്ന് അറിയപ്പെടുന്ന നിർദേശങ്ങളിൽ റോഡ് നിർമാണ മേഖലകളിലെ സുരക്ഷയെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ വ്യക്തമായി പറയുന്നുണ്ട്.
റോഡ് ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ കാലതാമസത്തോടെ, നിർമാണ മേഖലകളിലൂടെയും പരിസരങ്ങളിലൂടെയും സുരക്ഷിതമായി കടന്നുപോകാൻ കഴിയണമെന്നതാണ് പ്രധാന നിർദേശം. നിർമാണവേളയിൽ ഗതാഗത സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും കരാറുകാരൻ കൈക്കൊള്ളുകയും യാത്രക്കാരുടെ സംരക്ഷണത്തിനായി ആവശ്യമായ അടയാളങ്ങൾ, പതാകകൾ, ലൈറ്റുകൾ, ഫ്ലാഗ്മാൻ എന്നിവ സ്ഥാപിക്കുകയും പരിപാലിക്കുകയും വേണമെന്ന് നിർദേശിക്കുന്നു.
സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗതം ഉറപ്പാക്കുംവിധം നിയന്ത്രണവും നിർമാണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കണം. ഒന്നിലധികം സൈറ്റുകളിൽ അല്ലെങ്കിൽ സമാന്തര റൂട്ടുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത്, നിർമാണ പ്രവർത്തനങ്ങളും റോഡ് ഉപയോക്താക്കളുടെ ചലനവും ഏകോപിപ്പിച്ച് മൊത്തം കാലതാമസം പരമാവധി ഒഴിവാക്കുന്നതിന് സംവിധാനം ഒരുക്കണം.
വ്യവസ്ഥകൾ പാലിക്കേണ്ട ചുമതല കരാറുകാരന്
റോഡ് നിർമാണ വേളയിൽ അനുവർത്തിക്കുന്നതിന് ഐ.ആർ.സി നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ നടപ്പാക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ചുമതല കരാറുകാരനാണ്. ഹൈവേയിലെ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാത്ത തരത്തിൽ പ്രവൃത്തി നടത്തണം. എല്ലാ പ്രവർത്തികൾക്കും കരാറുകാരൻ, എൻജിനീയറുടെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കണം.
ബദൽ റൂട്ടുകളിൽ ഭാഗികമായി റോഡ് അടക്കേണ്ട പ്രവർത്തികൾ ഘട്ടംഘട്ടമായി നടത്തണം. പ്രവർത്തി നടക്കുമ്പോൾ ഒരു ഭാഗത്ത് ഗതാഗതത്തിനുള്ള മെച്ചപ്പെട്ട പാത ഉണ്ടാകണം. അല്ലെങ്കിൽ ഹൈവേയോട് ചേർന്ന് നിർമിച്ച താൽക്കാലിക പാതയിലൂടെ വഴിതിരിച്ചുവിടണം. തുടങ്ങിയവയൊക്കെയാണ് നിർദേശങ്ങൾ.
മുന്നറിയിപ്പുകൾ നൽകുന്നതിന് ചുവന്ന റിഫ്ലക്ടറുകൾ, ലൈറ്റുകൾ, വെള്ള, മഞ്ഞ വരകൾ, മിററുകൾ തുടങ്ങിയവ ഡ്രൈവർമാർക്ക് കാണാനാകുംവിധം സ്ഥാപിക്കണം. റോഡ് നിർമാണത്തിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷക്കായുള്ള നിർദേശങ്ങളും ഡബ്ലിയു.ടി.എം.പിയിൽ വ്യക്തമായി പറയുന്നുണ്ട്.
ഉറപ്പാക്കേണ്ടത് ജില്ല ഭരണകൂടം
വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല ജില്ലാ ഭരണകൂടത്തിനാണ്. ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന ഇടങ്ങളിൽ ഡബ്ലിയു.ടി.എം.പി പാലിക്കുന്നത് പേരിന് മാത്രമാണ്. ബദൽപാത, സിഗ്നൽ ലൈറ്റുകളുടെ സ്ഥാപിക്കൽ, തൊഴിലാളികളുടെ സുരക്ഷ തുടങ്ങിയവയൊക്കെ പേരിനുമാത്രമാണ് കരാറുകാർ പാലിക്കുന്നത്.
സുഗമമായ ഗതാഗതം ഉറപ്പാക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതാണ് ജില്ലയിൽ വ്യാപക പരാതികൾക്കിടയാക്കുന്നത്. ആരോഗ്യ സുരക്ഷ, പരിസര മലിനീകരണ നിയന്ത്രണം തുടങ്ങിയവയും പാലിക്കണമെന്ന് നിർദേശത്തിലുണ്ട്. പൊടിപടലങ്ങളും ചളിയും നിമിത്തം യാത്രക്കാരും പരിസരവാസികളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതങ്ങൾ ജില്ലാഭരണകുടം പോലും കണ്ടില്ലെന്ന് നടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

