ദേശീയപാത വികസനം: ആറുവരിയിലേക്ക് ആദ്യം കൊറ്റുകുളങ്ങര–ഓച്ചിറ പാത
text_fieldsആറുവരിയിലേക്ക് ആദ്യം കൊറ്റുകുളങ്ങര–ഓച്ചിറ പാതആലപ്പുഴ: ദേശീയപാത 66 നവീകരണ-വികസന പ്രവർത്തനങ്ങൾ പുരോഗമിക്കെ ആറുവരിപ്പാതയായി ആദ്യം പൂർത്തിയാകുന്നത് കൊറ്റുകുളങ്ങര മുതൽ ഓച്ചിറ വരെയുള്ള ഭാഗം.ഈ ഭാഗത്തെ അഞ്ചുകിലോമീറ്റർ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് കലക്ടർ വി.ആർ. കൃഷ്ണതേജ പ്രഖ്യാപിച്ചിരുന്നു.കൊറ്റുകുളങ്ങര-ഓച്ചിറ ഭാഗത്ത് കേസ് നിലനിൽക്കുന്ന രണ്ടുകെട്ടിടങ്ങളും ഒരു ആയുർവേദ ആശുപത്രിയുമാണ് ഇനി പൊളിച്ചുനീക്കാനുള്ളത്. അവകൂടി പൊളിച്ചുമാറ്റുന്നതോടെ ആറുവരിപ്പാതയുടെ വീതിയാകും.
തുടർന്നാകും ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിക്കുക. കളിത്തട്ട് മുതൽ കൊമ്മാടി ജങ്ഷൻ വരെയുള്ള ഭാഗവും മാർച്ചിനകം പൂർത്തിയായേക്കും. ഇവിടങ്ങളിൽ പാതയുടെ കിഴക്കുവശത്ത് ഓടയുടെ നിർമാണം നടക്കുകയാണ്. വലതുവശത്ത് മരങ്ങൾ വെട്ടിമാറ്റാനുണ്ട്.
വൈദ്യുതി തൂണുകൾ നീക്കിയശേഷം മരങ്ങൾ നീക്കുന്നതോടെ ഭൂമി നിരപ്പാക്കലും ഓടനിർമാണവും ആരംഭിക്കും. നിലവിലെ ബൈപാസിന് സമാന്തരമായി പുതിയ ബൈപാസ് നിർമിക്കുന്നത് 13 മീറ്റർ വീതിയിലാണ്.നിലവിലെ ബൈപാസിന് 12 മീറ്ററാണ് വീതി. ഇരുവശങ്ങളിലേക്കുമായി ആറുവരിപ്പാതയാണ് വിഭാവനം ചെയ്യുന്നതെങ്കിലും പഴയ ബൈപാസ് മൂന്നുവരിയാക്കി മാറ്റുമോ എന്നതിൽ ഉറപ്പില്ല. നിലവിൽ രണ്ടുവരിയായാണ് വാഹന ഗതാഗതം.
66,000 കോടി ചെലവഴിച്ചാണ് ദേശീയപാത 66 ആറുവരിയാക്കുന്നത്. കേന്ദ്രം കേരളത്തിൽ ഏറ്റവും കൂടുതൽ തുക മുടക്കുന്ന പദ്ധതിയുമാണിത്.ഭൂമി ഏറ്റെടുക്കലിൽ 25 ശതമാനം ചെലവാണ് സംസ്ഥാനം വഹിക്കേണ്ടത്. മുംബൈ പനവേലിൽ നിന്നാരംഭിച്ച് കന്യാകുമാരി വരെയാണ് റോഡ്. നവീകരണം പൂർത്തിയാകുന്നതോടെ തുറവൂർ-അരൂർ എലവേറ്റഡ് പാത രാജ്യത്തെ ഏറ്റവും വലുതായിരിക്കും. അതിനിടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ദേവസ്വം ബോർഡും ദേശീയപാത അതോറിറ്റിയും ഉടൻ ചർച്ച നടത്തും.
ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന അരൂർ മുതൽ കൃഷ്ണപുരം വരെയുള്ള 81 കിലോമീറ്ററിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട 27 നിർമിതികളാണുള്ളത്.ദേവസ്വം ബോർഡിന്റെ പക്കലുള്ള ഭൂമി രേഖകളിൽ സർക്കാർ പുറമ്പോക്കായതാണ് പ്രശ്നമായത്. പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതിന് വില നിർണയിക്കാനോ തുക അനുവദിക്കാനോ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

