വാർധക്യത്തിൽ മധുരമൂറും കൃഷിവിജയവുമായി നകുലൻ
text_fieldsമാരാരിക്കുളം: ചൊരിമണലിൽ കരിമ്പ് വിളയിച്ച് 84കാരനായ കർഷകെൻറ നിശ്ചയദാർഢ്യം. കഞ്ഞിക്കുഴി ബ്ലോക്ക് ജങ്ഷന് കിഴക്ക് പഞ്ചായത്ത് 17ാം വാർഡ് പുഴാരത്ത് വെളിയിൽ നകുലനാണ് കൃഷി മധുരം നിറഞ്ഞതാക്കിയത്.
വർഷങ്ങളായി വീടിന് സമീപം പച്ചക്കറികൃഷി ചെയ്യുന്നുണ്ട്. കരിമ്പ് ചെയ്യണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. കാലാവസ്ഥ പിടിക്കുമോ എന്ന സംശയമുണ്ടായി. ചെങ്ങന്നൂർ കോണത്ത് ശ്രീമഹാദേവ നവഗ്രഹ ക്ഷേത്രത്തിലെ മേൽശാന്തിയായ മകൻ ഹരിദാസാണ് കരിമ്പിൻതൈകൾ നൽകിയത്. ഇപ്പോൾ മുന്നൂറ് ചുവടുവരും. 20 സെന്റോളം ഭൂമിയിലാണ് കരിമ്പ് കൃഷി.
നീലക്കരിമ്പും വെള്ളക്കരിമ്പുമുണ്ട്. കൃഷിയിടത്തിൽ തക്കാളിയും കപ്പയും ഉൾപ്പെടെ വിവിധയിനം കൃഷിയും ഉണ്ട്. നകുലെൻറ ദിനചര്യ ആരംഭിക്കുന്നതുതന്നെ കൃഷിയിടത്തിലാണ്. പുലർച്ചതന്നെ നനയും പരിചരിക്കലും വളം ഇടലുമെല്ലാം നകുലൻതന്നെ ചെയ്യും. ചാണകവും പച്ചിലയും പായലുമാണ് പ്രധാന വളം. പച്ചമരുന്ന് കടക്കാരാണ് പ്രധാന ഉപഭോക്താക്കൾ. ക്ഷേത്രങ്ങളിൽ പൂജക്കും മറ്റുമായി വാങ്ങുന്നു. നാട്ടുകാരും കരിമ്പ് വാങ്ങുന്നുണ്ട്. എട്ടുമുട്ട് കരിമ്പിൻ കഷണം 25 രൂപ നിരക്കിലാണ് വിൽക്കുന്നത്. കരിമ്പ് കൃഷി വിജയിച്ചതോടെ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് ഈ കൃഷി മുത്തച്ഛെൻറ ആഗ്രഹം. വീട്ടുകാരുടെയും കഞ്ഞിക്കുഴി പഞ്ചായത്തിെൻറയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമുണ്ട്.