വയോധികന്റെ കൊലപാതകം:31 വർഷത്തിനുശേഷം പ്രതി പിടിയിൽ
text_fields31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ജയപ്രകാശ് പൊലീസ് പിടിയിലായപ്പോൾ
ചെങ്ങന്നൂർ: കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി 31വർഷത്തിനുശേഷം പിടയിൽ. ചെറിയനാട് അരിയന്നൂർശ്ശേരി കുട്ടപ്പ പണിക്കരെ (71) കൊലപ്പെടുത്തിയ കേസിൽ 31വർഷമായി പിടികിട്ടാപ്പുള്ളിയായിരുന്ന ചെറിയനാട് അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെയാണ് (57) ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്.
ഇതോടെ 28 വർഷമായി മുടങ്ങിയ കേസ് വിസ്താരം പുനരാരംഭിക്കും. 1994 നവംബർ 19 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ഇപ്പോൾ താമസിക്കുന്ന ചെന്നിത്തല ഒരിപ്രം ഇന്ദീവരത്തിനു സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
1994 നവംബർ 15ന് രാത്രി 7.15ന് വീടിനു സമീപത്തെ കനാൽ റോഡിലിട്ടാണ് കുട്ടപ്പ പണിക്കരെ ക്രൂരമായി മർദിച്ചത്. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ നാലിന് മരിച്ചു. ഇതിനു ശേഷം മുംബൈയിലേക്കും മരണം സ്ഥിരീകരിച്ച ശേഷം സൗദിയിലെ ജോലി സ്ഥലത്തേക്കും പ്രതി കടന്നു കളഞ്ഞു.
അന്വേഷണം വഴിമുട്ടിയിരിക്കെ 97 ഏപ്രിൽ 30ന് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം ഹാജരാക്കുകയായിരുന്നു. നിരവധി തവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തിവരുകയായിരുന്നു. കൊലപാതകത്തിനുശേഷം പ്രതിയുടെ സഹോദരിയും സഹോദരനും വീടും വസ്തു വകകളും വിറ്റ് വിവിധ സ്ഥലങ്ങളിലേക്ക് മാറിപ്പോയിരുന്നു.
ജയ്പ്രകാശിന്റെ നിലവിലെ വിലാസവും വീടും കണ്ടെത്തിയ ശേഷം ഗൾഫിൽ നിന്നും അവധിക്കു വന്ന സമയത്താണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ നേരിട്ട് ചെങ്ങന്നൂരിലെത്തി അന്വേഷണസംഘത്തെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

