മുപ്പാലം ഡിസംബറിനകം പൂര്‍ത്തീകരിക്കും
text_fieldsഎസ്.പി ഓഫിസിന് സമീപം നിർമാണം പുരോഗമിക്കുന്ന മുപ്പാലം
ആലപ്പുഴ: എസ്.പി ഓഫിസിന് സമീപത്തെ മുപ്പാലം നാൽപാലമാക്കുന്ന നിർമാണം ഡിസംബറിനകം പൂർത്തീകരിക്കും. ജില്ലയിൽ നടക്കുന്ന നിര്‍മാണ പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ല വികസന സമിതി യോഗം. ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുപ്പാലത്തിന്റെ നിര്‍മാണം ഡിസംബറിനകം പൂര്‍ത്തീകരിക്കാനാവുമെന്ന് യോഗം വിലയിരുത്തി.
റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ സ്ഥലമേറ്റെടുപ്പ്, നിര്‍മാണം തുടങ്ങിയവ നീണ്ടുപോകുന്നത് ഒഴിവാക്കണം. റോഡുകളുടെ പുനരുദ്ധാരണ നടപടി പൂര്‍ത്തീകരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രവൃത്തി ആരംഭിക്കാമെന്ന് ഉറപ്പാക്കിയശേഷമേ റോഡുകളും പാലങ്ങളും പൊളിക്കാവൂ. ജില്ല കോടതി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കലക്ടര്‍ ഹരിത വി.കുമാർ നിര്‍ദേശിച്ചു.
കുട്ടനാട്ടിലെ ജലാശയങ്ങളില്‍ വളരുന്ന പോളയില്‍നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന പ്രവൃത്തി നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിലേതുപോലെ മുട്ടാര്‍, കൈനകരി, നെടുമുടി, തകഴി ഗ്രാമപഞ്ചായത്തുകളില്‍ കൂടി നടപ്പാക്കുന്നതിന് നവകേരള മിഷന് ജില്ല കോഓഡിനേറ്റര്‍ക്ക് നിർദേശം നല്കി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് യൂനിറ്റിനുവേണ്ടിയുള്ള കെട്ടിട നിർമാണം, മാവേലിക്കര ജില്ല ആശുപത്രി കെട്ടിട നിര്‍മാണം തുടങ്ങിയ പ്രവൃത്തി പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചു.
കുട്ടനാട് കുടിവെള്ള പദ്ധതി, കാവാലം തട്ടാശ്ശേരി പാലം, ഗോവേന്ദ പാലം, ആയിരവേലി, സൊസൈറ്റി പാലങ്ങളുടെ നിര്‍മാണ പ്രവൃത്തിയുടെ നിര്വഹണസ്ഥിതി തോമസ് കെ.തോമസ് എം.എല്‍.എ വിലയിരുത്തി. കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഊര്‍ജിതപ്പെടുത്തണമെന്നും ജലാശയങ്ങളുടെ ആഴംകൂട്ടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. എ.സി റോഡില്‍ നിര്‍മാണം നടക്കുന്ന പാലത്തിന് സമീപത്തുകൂടി പോകുന്ന 120 കെ.വി ലൈന്‍ ഉയര്‍ത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. മാവേലിക്കര മിച്ചല്‍ ജങ്ഷന് നവീകരണം, കുറത്തികാട് വള്ളികുന്നം കുടിവെള്ള പദ്ധതി, വള്ളിക്കുന്നം ചിറ ടൂറിസം എന്നിവ വേഗത്തിലാക്കണമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
കലക്ടര്‍ ഹരിത വി.കുമാർ അധ്യക്ഷതവഹിച്ചു. തോമസ് കെ.തോമസ് എം.എല്‍.എ, എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി സഞ്ജയ് നാഥ്, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി കെ. ഗോപകുമാര്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ എം.പി. അനില്‍കുമാര്‍, മറ്റ് ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

