ജില്ലയിൽ വീണ്ടും മുണ്ടിനീര് വ്യാപിക്കുന്നു
text_fieldsആലപ്പുഴ: ജില്ലയിലെ കുട്ടികളിൽ വീണ്ടും മുണ്ടിനീര് (Mumps) വ്യാപിക്കുന്നു. ഒരുമാസത്തിനിടെ നാല് സ്കൂളുകൾ അടച്ചു. വ്യാഴാഴ്ച മുതൽ തമ്പകച്ചുവട് യു.പി സ്കൂളിലെ കെ.ജി വിഭാഗത്തിനും നീര്‍ക്കുന്നം എച്ച്.ഐ.എല്‍.പി സ്‌കൂളിനും 21 ദിവസത്തേക്ക് അവധി നൽകി.
മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ എൽ.പി. സെക്ഷന് കലക്ടർ നവംബർ 25 മുതൽ 21 ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. നവംബർ 13 മുതൽ മണ്ണഞ്ചേരിയിലെ അൽ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾക്ക് 21 ദിവസത്തേക്ക് അവധി നൽകിയിട്ടുണ്ട്.
രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അവധി നൽകിയത്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടരാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ പറഞ്ഞു. മൂന്ന് മാസം മുമ്പ് ജില്ലയിലെ എട്ട് സ്കൂളുകളിൽ മുണ്ടിനീര് വ്യാപനമുണ്ടായി അടച്ചിടേണ്ടിവന്നിരുന്നു.
രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 2017-നുശേഷം മുണ്ടിനീര് അടക്കം മൂന്നു രോഗങ്ങളെ ചെറുക്കുന്ന എംഎംആര്‍ വാക്‌സിന്‍ നല്‍കാത്തതാണ് രോഗബാധ കൂടാന്‍ കാരണം. കേന്ദ്രസര്‍ക്കാറാണ് വാക്‌സിന്‍ ഡോസ് അനുവദിക്കുന്നത്. 2017-ല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ വാക്‌സിനേഷന്‍ പട്ടികയില്‍ എം.എം.ആര്‍ ഉള്‍പ്പെടുത്തിയില്ല.
മീസില്‍സ്, റൂബെല്ല (എം.ആര്‍) വാക്‌സിന്‍മാത്രമാണ് കേന്ദ്രം വിതരണംചെയ്യുന്നത്. കേരളം കുറച്ചുകാലത്തേക്ക് എ.എം.ആര്‍ വാക്‌സിന്‍ വാങ്ങി കുട്ടികള്‍ക്ക് നല്‍കിയെങ്കിലും തുടര്‍ന്നില്ല. മുണ്ടിനീര് വ്യാപനം കണ്ട സാഹചര്യത്തില്‍ 2017-ലെ നയം തിരുത്തി എം.എം.ആര്‍ അനുവദിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വൈറസാണ് മുണ്ടിനീര് ബാധക്ക് കാരണം. ഗുരുതരസാഹചര്യത്തില്‍ പ്രത്യുൽപാദനവ്യവസ്ഥയെവരെ ബാധിക്കാവുന്ന രോഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

