തുടർഭരണത്തിന് ആവേശം തോരാതെ എം.എസ്. അരുൺകുമാർ
text_fieldsചുനക്കര കോമല്ലൂർ കുറ്റിയിൽമുക്കിൽ നൽകിയ സ്വീകരണയോഗത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. അരുൺകുമാർ സംസാരിക്കുന്നു
മാവേലിക്കര: ഇടതുതുടർച്ചക്കായി വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മാവേലിക്കര എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. അരുൺകുമാർ. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞാണ് പര്യടനം. മണ്ഡലത്തിലാകെ ഓടിനടന്ന് നേടിയ ബന്ധങ്ങൾ കാരണം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. കത്തുന്ന മീനച്ചൂടിലും ആവേശം ഒട്ടും കുറയാതെ സ്ഥാനാർഥിക്കൊപ്പം യുവാക്കളായ പ്രവർത്തകരുമുണ്ട്. ഗ്രാമമേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന രണ്ടാംഘട്ട പര്യടനത്തിന്റെ സ്വീകരണ കേന്ദ്രങ്ങളിൽ നിരവധി പേരാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ എത്തിയത്. എല്ലാം പരിചയമുള്ള മുഖങ്ങളായതിനാൽ ആരെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
നാട്ടുപാതകളിലും ചിരപരിചിതനായ മാവേലിക്കരയുടെ സ്വന്തം എം.എസ്. അരുൺകു മാറിനെക്കുറിച്ച് സ്വീകരണ പര്യടനത്തിന്റെ ഓരോ കേന്ദ്രങ്ങളിലും അമ്മമാർ, സഹോദരിമാർ മകനേ എന്ന് വിളിച്ച് വിജയാശംസകൾ നേരുന്ന കാഴ്ച കാണാൻ കഴിഞ്ഞു. ഇടവഴികളിലെല്ലാം സ്ഥാനാർഥിയെ കാണാൻ പ്രായഭേദമന്യേയാണ് ജനങ്ങൾ ഒഴുകിയെത്തിയത്. നാടാകെ സ്വീകരണകേന്ദ്രങ്ങളിലേക്കെത്തുന്ന കാഴ്ച പലയിടത്തും കാണാനായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഷാളും തോർത്തും അണിയിച്ചും പഴങ്ങളും പച്ചക്കറികളും കണിക്കൊന്നയും പൂക്കുടകളും പുസ്തകങ്ങളും രക്തഹാരവും കൈമാറിയും നിറപറയും നിലവിളക്കും താലപ്പൊലിയും ചെണ്ടമേളവും ഒക്കെചേർന്നാണ് അവർ അരുൺകുമാറിനെ സ്വീകരിച്ചത്.
ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലായിരുന്നു ഞായറാഴ്ച സ്വീകരണം. രാവിലെ ചുനക്കര പഞ്ചായത്തിലെ കല്ലിപ്പൂന്തൽ ജങ്ഷനിൽനിന്ന് തുടങ്ങിയ പര്യടനം സി.പി.ഐ മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിവിധകേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി വള്ളികുന്നം മൂന്നാട് ജങ്ഷനിലായിരുന്നു സമാപനം. സമാപന സമ്മേളനം എൽ.ഡി.എഫ് കൺവീനർ ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. വിവിധകേന്ദ്രങ്ങളിൽ കെ. രാഘവൻ, ജി. രാജമ്മ, മുരളി തഴക്കര, ലീല അഭിലാഷ്, കെ. മധുസൂദനൻ, ജി. അജയകുമാർ, എം. മുഹമ്മദാലി, അനുശിവൻ, ഹരിലാൽ, പി. സുരേന്ദ്രൻ, ആദർശ് തുളസീധരൻ, ബി. അനിൽ, വിശ്വൻ പടനിലം, വി. വിനോദ്, അജിത്ത് തെക്കേക്കര, ബി.വിനോദ്, എസ്. സജി, എ. നൗഷാദ്, ആർ. ശശികുമാർ, എസ്. നിയാസ്, എസ്. മുകുന്ദൻ, ബിനു കെ. അലക്സ് തുടങ്ങിയവർ സംസാരിച്ചു.
തിരിച്ചുപിടിക്കാൻ മുത്താര രാജിന്റെ പടയോട്ടം
മാവേലിക്കര: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. മുത്താര രാജിന്റെ ഞായറാഴ്ച തെരഞ്ഞെടുപ്പ് aപ്രചാരണം താമരക്കുളം പഞ്ചായത്തിൽ സ്വീകരണ സമ്മേളനത്തോടെയായിരുന്നു തുടക്കം. ഷാഫിപറമ്പിൽ എം.പി നയിച്ച റോഡ് ഷോ തന്നെയായിരുന്നു പ്രധാനം. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഒരേ നയമാണെന്ന് പറഞ്ഞായിരുന്നു ഷാഫിയുടെ വിമർശനം.
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുമെന്നത് ഉറച്ച ഗാരണ്ടിയാണെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
ചുനക്കരതെരുവിൽ മുക്ക് മുതൽ ചൂനാട് വരെ നടന്ന റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. റോഡ് ഷോക്ക് ശേഷമാണ് സ്വീകരണപര്യടനത്തിൽ സജീവമായത്.
താമരക്കുളം പഞ്ചായത്ത് തല പര്യടനം രാവിലെ കിണറുമുക്ക് ജങ്ഷനിൽനിന്നാണ് തുടങ്ങിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജി. ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ കെ.എൻ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. കന്നിയങ്കത്തിന്റെ ആശങ്കയില്ലാതെയാണ് മാവേലിക്കര മണ്ഡല ചരിത്രത്തിലെ ആദ്യ വനിത സ്ഥാനാർഥിയായ മുത്താര രാജ് കത്തുന്ന വെയിലിനെ വക വെക്കാതെ വോട്ടുതേടുന്നത്.
സ്വീകരണസ്ഥലങ്ങളിൽ സ്തീകളും കുട്ടികളുമടക്കം നിരവധി പേരാണ് കാത്തുനിന്നത്. പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണ വേദികളിൽ സ്ഥാനാർഥിയെ സ്വീകരിച്ചത്. ഓരോ സ്വീകരണ വേദിയിലും സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ ആവേശപൂർവമാണ് പങ്കെടുക്കുന്നത്. ഇത് മാറ്റത്തിന്റെ സൂചനയാണെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.
മാവേലിക്കരയുടെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമാക്കുന്നതെന്നും മാവേലിക്കര മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും അഡ്വ. മുത്താര രാജ് പറയുന്നു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം താമരക്കുളം ജങ്ഷനിൽ സമാപിച്ചു. വിവിധകേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ.ആർ. മുരളീധരൻ, ജി. വേണു, മനോജ് സി. ശേഖർ, പി.ബി. ഹരികുമാർ, വൈ. മനോജ്, സുരേഷ് കുമാർ കൃപ, ശ്രീകുമാർ അളകനന്ദ, തൻസീർ കണ്ണനാകുഴി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

