എം.പി ഇടപെട്ടു, മാവേലിക്കര പോസ്റ്റൽ ഡിവിഷൻ നിർത്തലാക്കാനുള്ള തീരുമാനം മരവിപ്പിച്ചു
text_fieldsമാവേലിക്കര: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിനെത്തുടർന്ന് മാവേലിക്കര പോസ്റ്റൽ ഡിവിഷൻ നിർത്തലാക്കാനുള്ള നടപടികൾ പോസ്റ്റൽ വകുപ്പ് മരവിപ്പിച്ചു. ഡിവിഷൻ നിർത്തലാക്കുന്നതിനെ എതിർത്ത് കൊടിക്കുന്നിൽ കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന് കത്ത് നൽകിയിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പോസ്റ്റൽ വകുപ്പ് മന്ത്രി, പോസ്റ്റൽ സെക്രട്ടറി എന്നിവർക്കും എം.പി കത്തയച്ചിരുന്നു.
മാവേലിക്കര ഡിവിഷനിലെ മൂന്ന് സബ് ഡിവിഷനുകളും ഇല്ലാതാക്കി നിലവിലെ ആലപ്പുഴ, തിരുവല്ല ഡിവിഷനുകളിൽ പുനർവിതരണം ചെയ്യാൻ പോസ്റ്റൽ ഡയറക്ടറേറ്റിന്റെ അംഗീകാരം ലഭിച്ചതായി രേഖകളിൽ വ്യക്തമാക്കിയിരുന്നു. ഡിവിഷൻ നിർത്തലാക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എം.പി, നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ സൗകര്യം, ഭരണപരമായ കാര്യക്ഷമത, ജീവനക്കാരുടെ ജോലിഭാരം, സ്ഥാപനങ്ങളുടെ പ്രവർത്തനം, ജനങ്ങൾക്ക് ലഭിക്കുന്ന തപാൽ സേവനങ്ങളുടെ വേഗത എന്നിവയെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള മാറ്റം വ്യക്തമായ പഠനമോ പരിശോധനയോ കൂടാതെ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീരുമാനത്തിനുപിന്നിലെ യഥാർഥ കാരണം വിശദീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തിരുവനന്തപുരത്തെ പോസ്റ്റൽ ആസ്ഥാനത്ത് പരസ്യപ്രതിഷേധ സമരം നടത്തുമെന്ന് കത്തിൽ കൂട്ടിച്ചേർത്തു. ഇതേത്തുടർന്നാണ് നടപടികൾ മരവിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

