ദേശീയപാതയിൽ എരമല്ലൂരിൽ കാന നിർമിക്കാനുള്ള നീക്കം തടഞ്ഞു
text_fieldsഎരമല്ലൂരിൽ കാന നിർമാണം നാട്ടുകാർ തടഞ്ഞപ്പോൾ.
അരൂർ : അരൂർ -തുറവൂർ ഉയരപ്പാതനിർമാണം നടക്കുന്ന ദേശീയപാതയിൽ എരമല്ലൂരിൽ കാന പണിയാൻ എത്തിയ നിർമാണ കമ്പനി അധികൃതരെ നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച രാവിലെ എരമല്ലൂർ ജംഗ്ഷന്റെ വടക്കുവശത്തായിരുന്നു സംഭവം. ദേശീയപാതയിൽ നിന്ന് തൊട്ടരികിലേക്കുള്ള വീടുകളിലേക്കും കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും പ്രവേശിക്കാൻ കഴിയാത്ത വിധം ഉയരം കൂട്ടി കാനയുടെ ഭിത്തികൾ നിർമിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. കമ്പനിയുടെ ആളുകൾ എത്തിയെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ പരിസരവാസികൾ തയ്യാറാകാത്തതിനെ തുടർന്ന് പണികൾ നിർത്തിവച്ചു. അശാസ്ത്രീയമായ കാന നിർമാണത്തിനെതിരെ സമീപവാസികൾ ദേശീയപാത അതോറിറ്റി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. നീതിക്കുവേണ്ടി കോടതിയിൽ നിയമപോരാട്ടത്തിലുമാണ്. ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയ്ക്കരികിലെ 500 ഓളം താമസക്കാരും കച്ചവടക്കാരും പ്രതിഷേധം നിർമാണ കമ്പനിയെയും അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച എരമല്ലൂരിൽ എത്തിയ നിയമസഭ ഡെപ്യൂട്ടി സ്പീക്കറും അരൂർ എം.എൽ.എയുമായ ഷാനിമോൾ ഉസ്മാന് പരാതിക്കാർ നിവേദനം സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഉയരം കൂട്ടി നിർമിച്ച കാനയുടെ മുകളിലേക്ക് വാഹനങ്ങൾക്ക് കടക്കാൻ കഴിയുന്ന വിധം പണിത മണൽ റാമ്പുകൾ കഴിഞ്ഞ ദിവസം നീക്കംചെയ്തത് പരാതിക്കിടയാക്കിയിരുന്നു.
ദേശീയപാതയുടെ ചില സ്ഥലങ്ങളിൽ മാത്രം ഉയരത്തിൽ പണിത കാനകളുടെ മുകളിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റുന്നതിനായി മണലിന്റെ റാമ്പുകൾ നിർമിച്ചു കൊടുത്തിരുന്നു.
എന്നാൽ ഞായറാഴ്ച രാവിലെ ഇത്തരം റാമ്പുകൾ മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ നീക്കം ചെയ്തു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ അരൂർ പെട്രോൾ പമ്പിന്റെ മുന്നിൽ റാമ്പുകൾ പുതിയതായി പണിഞ്ഞു നൽകിയത് ദുരൂഹതയ്ക്ക് ഇടയാക്കുന്നുണ്ട്. വെള്ളമൊഴുകി കാനയിലേക്ക് പോകുന്നതിന് റാമ്പുകൾ തടസ്സമാണെന്നാണ് നീക്കംചെയ്തതിന് കാരണമായി പറഞ്ഞത്.
റാമ്പുകൾ സൈക്കിൾ ചവിട്ടുന്നതിന് ഉണ്ടാക്കുന്ന പാതകൾക്ക് തടസ്സമാകുമെന്നും അധികൃതർ പറയുന്നു. ഇവിടെയുമുണ്ട് ആശയക്കുഴപ്പം. ദേശീയപാതയ്ക്ക് ചിലസ്ഥാപനങ്ങൾക്ക് വേണ്ടി കാനതാഴ്ത്തി പണിതത് ആക്സിസ് പെർമിറ്റ് എടുത്തത് കൊണ്ടാണെന്ന് കമ്പനി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

