വണ്ടാനം മെഡിക്കല്‍ കോളജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ബന്ധുക്കളുടെ സമരം ഇന്ന് മുതൽ
text_fieldsആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിൽ പ്രസവ ശസ്ത്രക്രിയക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആറുമാസമായിട്ടും നീതി ലഭിച്ചിട്ടില്ലെന്നും ഈ ആവശ്യമുന്നയിച്ച് ചൊവ്വാഴ്ച മുതൽ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2002 ഡിസംബർ ആറിന് കൈനകരി കുട്ടമംഗലം കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്‍ണയും (21) കുഞ്ഞുമാണ് മരിച്ചത്.
ഡോക്ടറുടെ ചികിത്സപ്പിഴവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും ഫോറൻസിക് റിപ്പോർട്ട് കിട്ടാത്തതിനാലാണ് അന്വേഷണം നീളുന്നതെന്നാണ് മറുപടി. വകുപ്പുതല അന്വേഷണവും ഏങ്ങുമെത്തിയിട്ടില്ല. ചികിത്സകാലയളവിൽ മറ്റ് അസുഖങ്ങൾ ഇല്ലാതിരുന്ന അപർണയുടെ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല. ആരോപണവിധേയനായ ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യ മന്ത്രി സ്വീകരിക്കുന്നത്. ഫോൺ വിളിച്ചാൽ എടുക്കുന്നത് പേഴ്സനൽ സ്റ്റാഫാണ്. അവർ പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. ഈ സാഹചര്യത്തിൽ സർക്കാറിെൻറ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് അപർണയുടെ ഭർത്താവ് രാംജിത്, അപർണയുടെ പിതാവ് അജിമോൻ, മാതാവ് സുനിമോൾ എന്നിവരടങ്ങുന്ന ബന്ധുക്കൾ സമരം നടത്തുന്നത്. വാർത്തസമ്മേളനത്തിൽ ബന്ധു ബി.കെ. വിനോദ്, ഭർത്താവ് രാംജിത് എന്നിവർ പങ്കെടുത്തു.