പോള നിറഞ്ഞ് കായൽ; ആലപ്പുഴ-കോട്ടയം റൂട്ടിൽ ബോട്ടുയാത്ര ദുരിതം
text_fieldsആലപ്പുഴ: പായലും കുളവാഴയും നിറഞ്ഞ് ആലപ്പുഴ -കോട്ടയം ജലപാതയിൽ ബോട്ടുഗതാഗതം ദുഷ്കരമായി. വെട്ടിക്കാട്ട് മുതൽ കോട്ടയം കോടിമത ജെട്ടിവരെ പോളയും പായലും തിങ്ങിയിരിക്കുകയാണ്. പോളക്കടിയിൽ കിടക്കുന്ന തടിക്കഷണങ്ങൾ, ഓല, വലസാമഗ്രികൾ തുടങ്ങിയവ ബോട്ടിന്റെ പ്രൊപ്പല്ലറിൽ കുടുങ്ങി ബോട്ടുയാത്ര മണിക്കൂറുകൾ തടസ്സപ്പെടുന്നത് പതിവാണ്. ജീവനക്കാർ വളരെസമയം പണിപ്പെട്ടാണ് തടസ്സം മാറ്റി യാത്ര തുടരുന്നത്.
വൈകുന്നേരം 5.15നുള്ള ബോട്ട് രാത്രി എട്ടോടെയാണ് കോട്ടയത്തെത്തുന്നത്. ബോട്ട് തകരാറിലാകുന്നതോടെ രാത്രിയിൽ വെളിച്ചം പോലുമില്ലാത്ത ഇടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ കുടുങ്ങിപ്പോകാറുണ്ട്. കോട്ടയത്തെത്തിയാൽ വീട്ടിലെത്താൻ വാഹനം കിട്ടില്ലെന്ന പ്രശ്നവുമുണ്ട്.
ചുങ്കത്തുമുപ്പതിലെ പൊക്കുപാലമാണ് യാത്രക്കാരെ വലക്കുന്ന മറ്റൊരു പ്രശ്നം. ഇത് പൊക്കാൻ പലപ്പോഴും ആളുണ്ടാകില്ല. ബോട്ടു നിർത്തി ജീവനക്കാർ ആളെ വിളിച്ച് കൊണ്ടുവന്നാണ് ചിലപ്പോഴൊക്കെ യാത്ര തുടരുക. കഴിഞ്ഞദിവസം വൈദ്യുതിയില്ലാത്തതിനാൽ കോട്ടയത്തുനിന്ന് ആലപ്പുഴക്കുള്ള യാത്ര തടസ്സപ്പെട്ടു. പിന്നീട് പാലത്തിന്റെ മറുവശത്ത് വേറെ ബോട്ടെത്തിച്ച് പള്ളംവഴിയാണ് യാത്ര തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

