ചെമ്പകശേരി പാടത്ത് ആധുനിക രീതിയിൽ നെൽകൃഷി തുടങ്ങി; വിത്ത് വിതക്കാൻ ഡ്രോൺ
text_fieldsചേർത്തല: പട്ടണക്കാട് ചെമ്പകശേരി പാടശേഖരത്തിൽ ആധുനിക രീതിയിൽ നെൽകൃഷി തുടങ്ങി. ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈക്കം കരിനില കർഷക സമിതിയുടെ നേതൃത്വത്തിൽ 220 ഏക്കറിലാണ് കൃഷി. വർഷങ്ങളായി തരിശ് കിടന്ന പാടശേഖരം 60 ഓളം പേർ ചേർന്നാണ് നെൽകൃഷിക്കായി രൂപപ്പെടുത്തിയത്.
തുടർന്ന് വലിയ ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതച്ചു. ഒരേക്കറിൽ ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതയ്ക്കാൻ അഞ്ച് മിനിറ്റ് മതി. 50 കിലോയോളം വിത്ത് ഒരു സമയത്ത് വിതക്കാവുന്ന രീതിയിലുള്ളതാണ് ഡ്രോൺ. ദിവസം 35 മുതൽ 40 ഏക്കർ വരെ ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതക്കാമെന്ന് സമിതി പ്രസിഡന്റ് പി.എം സുന്ദരനും സെക്രട്ടറി ഇ. എൻ. ദാസപ്പനും പറഞ്ഞു. ചെമ്പകശേരി പാടത്ത് വർഷങ്ങൾക്ക് മുമ്പ് നെല്ലും മീനും കൃഷി ചെയ്തെങ്കിലും ലാഭകരമായിട്ടില്ല. തൊഴിലാളികളുടെ കൂലിയും വിത്തിന്റെയും വളങ്ങളുടെയും വിലക്കയറ്റവും വില്ലനാകുന്നതിനാലാണ് ഡ്രോൺ പോലുള്ള സംവിധാനം ഉപയോഗിക്കുന്നതെന്ന് പാടശേഖരസമിതി അധികൃതർ പറഞ്ഞു.
നിലവിലെ പല തൊഴിലാളികളും വിതയ്ക്കാൻ പോലും അറിയാത്തവരാണെന്നും ഇവർ വിതക്കുന്നതിന്റെ പകുതി വിത്ത് മതി ഡ്രോൺ ഉപയോഗിച്ചുള്ള വിതക്കെന്നും അവർ പറയുന്നു. 120 ദിവസം മൂപ്പുള്ള ഉമ (ഡി - വൺ) ഇനം നെല്ലാണ് വിതച്ചത്. മണിക്കൂറിന് 700 രൂപ മുതൽ 900 വരെയാണ് ചെലവ് വരുന്നത്. വളവും മരുന്നുകളും എല്ലാം ഡ്രോൺ ഉപയോഗിച്ച് ചെയ്യുമെന്ന് പട്ടണക്കാട് പഞ്ചായത്ത് കൃഷി ഓഫീസർ ആർ. അശ്വതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

