കലക്ടറേറ്റ് കെട്ടിടം തകർന്നാൽ രക്ഷാപ്രവർത്തനമായി മോക്ഡ്രിൽ
text_fieldsദേശീയ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ സേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കലക്ടറേറ്റിൽ സംഘടിപ്പിച്ച മോക്ഡ്രിൽ
ആലപ്പുഴ: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ. എഫ്) ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കലക്ടറേറ്റിൽ മോക്ഡ്രിൽ നടത്തി. ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് കലക്ടറേറ്റ് കെട്ടിടം തകർന്നുവീഴുന്നതും രക്ഷാപ്രവർത്തനവും മോക് ഡ്രില്ലായി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി 11ഓടെ അപായ സൈറൺ മുഴങ്ങി. ആദ്യം കുതിച്ചെത്തിയ ഫയർഫോഴ്സ് ടീമിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തുടർന്നെത്തിയ ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിക്കേറ്റവർക്കുള്ള പരിചരണവും അതിവേഗത്തിൽ നടന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫ് സംഘം എത്തി. പരിക്കേറ്റവരെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതായും കെട്ടിട അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കോൺക്രീറ്റ് കട്ട് ചെയ്ത് എൻ.ഡി.ആർ.എഫ് രക്ഷപ്പെടുത്തുന്നതായും മുകൾഭാഗത്ത് കുടുങ്ങിയവരെയും അബോധാവസ്ഥയിൽ ആയവരെയും കൊച്ചുകുട്ടികളെയും റോപ്പ് റെസ്ക്യൂവിലൂടെ പുറത്തെത്തിക്കുന്നതായുമുള്ള നടപടികൾ പൂർത്തിയാക്കി. 30 എൻ.ഡി.ആർ.എഫ് അംഗങ്ങൾ, രണ്ട് ആംബുലൻസ്, പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ, ആരോഗ്യ വകുപ്പ് ടീം, റവന്യൂ വിഭാഗം, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, ആർ.ടി.ഒ തുടങ്ങിയ സർക്കാർ വകുപ്പുകൾ പങ്കാളിയായി. ദുരന്തനിവാരണം റെസ്പോൺസിബ്ൾ ഓഫിസർ ജില്ല കലക്ടർ അലക്സ് വർഗീസിന്റെ മേൽ നോട്ടത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് വൈദ്യലിംഗം, എൻ.ഡി.ആർ.എഫ് ടീം കമാൻഡർ പ്രശാന്ത് ജി. ചീനത് എന്നിവർ നേതൃത്വം നൽകി.
ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ സി. പ്രേംജി കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും മോക്ഡ്രിൽ നടപടികളും നിയന്ത്രിച്ചു. ഇൻസിഡന്റ് കമാൻഡർ അമ്പലപ്പുഴ തഹസിൽദാർ എസ്. അൻവർ, ജില്ല ഫയർ ഓഫിസർ പ്രതാപ ചന്ദ്രൻ, ഡിവൈ.എസ്.പി മധു ബാബു, സൗത്ത് പൊലീസ് സ്റ്റേഷൻ സി.ഐ റെജി രാജ്, ഡോ. സെൻ, ഡോ. അനീഷ്, ഡി.എം പ്ലാൻ കോ ഓഡിനേറ്റർ എസ്. രാഹുൽ കുമാർ, ഹസാർഡ് അനലിസ്റ്റ് ചിന്തു, ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

