കാരുണ്യം കനിവായി; ചികിത്സ സഹായമായി മണിക്കൂറിനുള്ളിൽ പിരിഞ്ഞു കിട്ടിയത് പതിനേഴര ലക്ഷത്തോളം രൂപ
text_fieldsrepresentational image
മണ്ണഞ്ചേരി: പഞ്ചായത്തിലെ പത്ത് വാർഡുകളിലെ നാട്ടുകാർ ഒന്നിച്ചപ്പോൾ ചികിത്സ സഹായമായി മണിക്കൂറിനുള്ളിൽ പിരിഞ്ഞു കിട്ടിയത് പതിനേഴര ലക്ഷത്തോളം രൂപ. ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മത്സ്യതൊഴിലാളി മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കമ്പിയകത്ത് വീട്ടിൽ പ്രകാശന്റെ ചികിത്സക്ക് വേണ്ടിയാണ് പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10,16,17 എന്നീ വാർഡുകളിൽ നിന്നും ഫണ്ട് ശേഖരണം നടത്തിയത്.
ആറാം വാർഡിൽ നിന്ന് മാത്രം മൂന്ന് ലക്ഷത്തി അറുപത്തി എണ്ണായിരത്തി എഴുപത് രൂപ സംഭരിക്കുവാൻ കഴിഞ്ഞു. പ്രകാശനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. പ്രകാശന്റെ ഭാര്യ സഹോദരിയുടെ മകൾ അമ്പലപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡ് വെളിമ്പറമ്പ് വീട്ടിൽ രമേശിന്റെ ഭാര്യ നീനുമോളാണ് (33) കരൾ നൽകുന്നത്. 30 ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്കായി ചെലവ് വരും.
മണ്ണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പറന്മാർ ചെയർമാൻന്മാരായി വാർഡ്തല സമിതി രൂപീകരിച്ചാണ് ഫണ്ട് ശേഖരണം നടന്നത്. ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജൻ മുഖ്യരക്ഷാധികാരിയായും, അഡ്വ.ആർ.റിയാസ്, കെ.വി. മേഘനാഥൻ, വി.പി. ചിദംബരൻ എന്നിവർ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റി.വി. അജിത്കുമാർ ചെയർമാനും, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എസ്.സന്തോഷ് കൺവീനറും, ആറാം വാർഡ് മെമ്പർ ബഷീർ മാക്കിണിക്കാട് ഖജാൻജിയുമായുള്ള പഞ്ചായത്ത്തല സമിതിയും പഞ്ചായത്ത് അംഗങ്ങളായ എം. പി. സുനിൽകുമാർ, കെ.എസ്. ഹരിദാസ്, നവാസ് നൈന , ദീപ സുരേഷ്, കെ.ലതിക, ആർ. ഉദയമ്മ, രാജേഷ്, ബിന്ദു സതീശൻ, ജാസ്മിൻ ഷാജി എന്നിവരുടെയും, എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

