മെമു ഇനി 16 കോച്ച്; 12 കോച്ചുമായി മെമു റേക്ക് എത്തി
text_fieldsആലപ്പുഴ: തീരദേശ പാതയിലെ മെമു ട്രെയിനുകളിൽ ബോഗികളുടെ എണ്ണം വർധിപ്പിക്കാൻ കോച്ചുകൾ എത്തി. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളിലെ ബോഗികൾ കൂട്ടാൻ റെയില്‍വേ ബോര്‍ഡ് അനുവദിച്ച 12 കോച്ചുകളുള്ള റേക്ക് കൊല്ലം മെമു ഷെഡില്‍ എത്തി. ദിവസങ്ങള്‍ക്കുള്ളില്‍ സാങ്കേതിക ക്രമീകരണങ്ങള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം മൂന്നു മെമു ട്രെയിനും 16 കോച്ച് വീതമാക്കി വര്‍ധിപ്പിക്കുമെന്ന് റെയില്‍വെ അറിയിച്ചു.
കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ നിർമിച്ച റേക്കുകളാണ് താംബരത്തുനിന്ന് കമീഷനിങ് നടപടി പൂര്‍ത്തിയാക്കി കൊല്ലത്ത് എത്തിച്ചത്. രാവിലെ 7.25നു യാത്രക്കാര്‍ തിങ്ങിനിറഞ്ഞു പോകുന്ന ആലപ്പുഴ - എറണാകുളം മെമുവില്‍ ഉള്‍പ്പെടെ തീരദേശ പാതയില്‍ ആളുകള്‍ അനുഭവിക്കുന്ന അനിയന്ത്രിത തിരക്കിന് കോച്ച് വര്‍ധനയിലൂടെ ആശ്വാസമാകും.
കെ.സി. വേണുഗോപാല്‍ എം.പി നിരവധി തവണ ഈ വിഷയം കേന്ദ്ര റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയും പാര്‍ലമെന്റില്‍ അടക്കം ഉന്നയിക്കുകയും ചെയ്തിരുന്നു. തീരദേശ പാതയിലൂടെയുള്ള മൂന്നു മെമു ട്രെയിനുകളില്‍ നാലു കോച്ച് വീതം ചേർക്കും. ഇതോടെ ഈ വണ്ടികളിലെ കോച്ചുകളുടെ എണ്ണം 12ല്‍ നിന്ന് 16 ആവും. ആലപ്പുഴ സ്റ്റേഷനില്‍ അമൃത് ഭാരത് പദ്ധതി പ്രകാരം നിർമിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജ് പൂര്‍ത്തിയായ ശേഷം രണ്ടു ലിഫ്റ്റും രണ്ട് എസ്കലേറ്ററും അധികമായി സ്ഥാപിക്കും.
എൻ.എസ്.ജി-3 കാറ്റഗറി പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അറിയിച്ചു. കായംകുളത്ത് അമൃത് ഭാരത് പദ്ധതി പ്രകാരം നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 70 ശതമാനം പൂര്‍ത്തിയായി. ഇവിടെ എക്സലേറ്റര്‍, ലിഫ്റ്റ് എന്നിവയുടെ പ്രവര്‍ത്തനത്തിന് ജനറേറ്റര്‍ സ്ഥാപിക്കും. അമ്പലപ്പുഴയിലും ചേര്‍ത്തലയിലും ഹരിപ്പാടും ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

