ഇറച്ചി വിൽപന വിവാദം; കായംകുളം മാർക്കറ്റിൽ സി.സി ടി.വി നിരീക്ഷണം വേണമെന്ന്
text_fieldsകായംകുളം: ചത്ത പശുവിനെ വിൽപനക്കെത്തിച്ച സംഭവം വിവാദമായതോടെ ഇറച്ചി മാർക്കറ്റിന്റെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ സി.സി ടി.വി നിരീക്ഷണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ബുധനാഴ്ച ചേരുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ മാർക്കറ്റിലെ പ്രവർത്തനങ്ങൾക്ക് സുതാര്യത ഉറപ്പാക്കാനുള്ള കർശന തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
അതേസമയം, സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആക്ഷേപമുണ്ട്. ചത്ത പശുവിനെ മാർക്കറ്റിൽ എത്തിച്ച വാഹനത്തിന്റെ ഡ്രൈവർക്കെതിരെ മാത്രം കേസെടുത്ത് പിന്നിൽ പ്രവർത്തിച്ചവരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. മാർക്കറ്റ് കേന്ദ്രീകരിച്ച് അനധികൃത മാംസവിൽപന നടത്തുന്ന വൻ ഇടനില സംഘം പിന്നിലുണ്ടെന്നാണ് സൂചന.
പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമായി ഇടനിലക്കാർ സജീവമായി രംഗത്തുണ്ട്. രാഷ്ട്രീയ നേതാക്കളെയും കൗൺസിലർമാരെയും സ്വാധീനിക്കാനാണ് ശ്രമം. കേസ് തേച്ചുമായ്ച്ചുകളയാൻ വൻ വാഗ്ദാനങ്ങളാണ് ഇടനിലക്കാർ രഹസ്യമായി മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇറച്ചി മാർക്കറ്റ് വിഷയമാക്കി വിതരണംചെയ്ത നഗരസഭ കൗൺസിൽ യോഗത്തിന്റെ അജണ്ട
ഇറച്ചി വിവാദം നഗരത്തിലെ ഹോട്ടൽ വ്യവസായത്തെയും പ്രതിസന്ധിയിലാക്കി. ചത്ത പശുവിനെ കണ്ടെത്തിയ വാർത്ത പുറത്തുവന്നതോടെ ഹോട്ടലുകളിൽനിന്ന് ഇറച്ചി വിഭവങ്ങൾ കഴിക്കാൻ ഉപഭോക്താക്കൾ മടികാണിക്കുകയാണ്. ഇത് കച്ചവടത്തിൽ ഗണ്യമായ ഇടിവുണ്ടാക്കിയതായി വ്യവസായികൾ പറയുന്നു. ഈ സാഹചര്യത്തിൽ മാർക്കറ്റിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ കാമറ നിരീക്ഷണം ഉടൻ ഏർപ്പെടുത്തണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച കൂടുന്ന കൗൺസിൽ യോഗത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ. അജണ്ട വെച്ച് നോട്ടീസ് ഇറങ്ങിയതിനാൽ കാഴ്ചപ്പാടുള്ള നിർദേശങ്ങൾ മുന്നണികളുടെയും കൗൺസിലർമാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

