കാട് കയറി മക്ഡവൽ കമ്പനി, എലപ്പുള്ളി ബ്രൂവറിയോടുള്ള താൽപര്യം ചേർത്തലയിലില്ല
text_fieldsചേർത്തല: സംസ്ഥാനത്ത് ബ്രൂവറി വിഷയം കത്തിക്കയറുമ്പോൾ ചേർത്തലയിൽ ഏഴുവർഷം മുമ്പ് നിലച്ച മക്ഡവൽ കമ്പനിയിൽ മദ്യോൽപാദനം പുനരാരംഭിക്കുമോ എന്ന ചോദ്യമുയരുന്നു. ഒരുകാലത്ത് സംസ്ഥാനത്ത് ഉപയോഗിച്ച മദ്യത്തിന്റെ 50 ശതമാനവും ഉൽപാദിപ്പിച്ചിരുന്ന വാരനാട് മക്ഡവൽ കമ്പനി 2018 ലാണ് പ്രവർത്തനം നിർത്തിയത്. ആയിരത്തിലധികം പേർക്ക് നേരിട്ടും 500 പേർക്ക് പരോക്ഷമായും ഇവിടെ തൊഴിൽ ലഭിച്ചിരുന്നു. ഉൽപാദനം നിലച്ചെങ്കിലും 99 വർഷത്തേക്ക് പാട്ടത്തിനു നൽകിയ ഭൂമി തിരിച്ചെടുക്കാൻ കഴിയാത്തതിനാൽ മറ്റൊന്നും ഇവിടെ നടക്കുന്നില്ല.
1961 മുതൽ ചേർത്തലയുടെ സാമ്പത്തികമേഖലയിൽ നിർണായകമായിരുന്നു സ്ഥാപനം. അവസാനകാലത്ത് യുനൈറ്റഡ് സ്പിരിറ്റെന്നും യുനൈറ്റഡ് ബ്രൂവറീസ് എന്നും പേരുമാറ്റി. ഉൽപാദനച്ചെലവ് ഉയർന്നതും തൊഴിലാളിപ്രശ്നങ്ങളും കാരണമാണ് അവസാന ഉടമയായ ഡിയാജിയോ കമ്പനി നിർത്തിയത്. പ്രമുഖ മദ്യവ്യവസായി വിജയ് മല്യയാണ് വാരനാട്ട് മക്ഡവൽ തുടങ്ങിയത്. ഇതിനായി 1957 ൽ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ മുൻകൈയെടുത്താണ് സർക്കാറിന്റെ 18 ഏക്കർ പാട്ടത്തിനുകൊടുത്തു. 61ൽ ഉൽപാദനം തുടങ്ങി.
77ൽ ബിയർ ഉത്പാദനവും ആരംഭിച്ചു. പ്രതിമാസം മൂന്നുലക്ഷംമുതൽ അഞ്ചുലക്ഷംവരെ കെയ്സ് മദ്യം ഉൽപാദിപ്പിച്ചിരുന്നു. കൂടാതെ, ഒന്നരലക്ഷം കെയ്സ് ബിയറും.
2015ഓടെ സ്ഥാപനം ഇംഗ്ലീഷ് കമ്പനിയായ ഡിയാജിയോ സ്വന്തമാക്കി. അതിനുശേഷമാണ് പ്രവർത്തനം നിലച്ചത്. 2018ൽ മദ്യ ഉൽപാദനം നിലച്ചു.
ബിയർ ഉൽപാദനം 2020 വരെ തുടർന്നെങ്കിലും അതും നിർത്തി. സ്ഥിരംജീവനക്കാരെയെല്ലാം എല്ലാ ആനുകൂല്യങ്ങളും നൽകിയാണ് പിരിച്ചുവിട്ടത്. എന്നാൽ, ബിയർ കമ്പനിയായ യുനൈറ്റഡ് ബ്രൂവറീസിലെ ആനുകൂല്യങ്ങളിന്മേൽ നിയമപോരാട്ടം നടക്കുകയാണ്.
മദ്യോൽപാദനശാലയിലെ ഉപകരണങ്ങളടക്കം വിറ്റു. ബിയർശാലയിലേത് ഇപ്പോഴുമുണ്ട്. 18 ഏക്കറും കാടുകയറിക്കിടക്കുകയാണ്. കെട്ടിടങ്ങൾ തകർന്നുതുടങ്ങി. പുറത്തു പ്രവർത്തിച്ചിരുന്ന അനുബന്ധസ്ഥാപനങ്ങളും പൂട്ടി. സ്ഥലമൊഴിയാൻ സർക്കാർ നോട്ടീസ് നൽകിയിരുന്നു. ഉൽപാദനം നിലച്ച സാഹചര്യത്തിൽ പാട്ടസ്ഥലം ഒഴിഞ്ഞുനൽകാൻ സർക്കാർ കമ്പനിക്ക് നോട്ടീസ് നൽകിയെങ്കിലും അവർ തടസ്സവാദമുയർത്തിയതോടെ നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.