മാവേലിക്കരയിൽ മത്സരം പൊടിപാറും
text_fieldsമാവേലിക്കര: മാവേലിക്കര നിയോജക മണ്ഡലത്തിൽ ഏഴ് പഞ്ചായത്തും ഒരു നഗരസഭയും രണ്ട് ബ്ലോക്ക് പഞ്ചായത്തുമാണുള്ളത്. നഗരസഭയും താമരക്കുളം പഞ്ചായത്തും യു.ഡി.എഫും ബാക്കി പഞ്ചായത്തുകളിൽ എൽ.ഡി.എഫുമാണ് ഭരണം.
മാവേലിക്കര നഗരസഭ, തെക്കേക്കര, തഴക്കര ചുനക്കര, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിൽ പ്രസിഡന്റ് പദവി വനിതകൾക്കാണ്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമാണ്. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടികയും ഏകദേശം പൂർണമായിട്ടുണ്ട്.
ഇടതുമുന്നണിയിൽ സീറ്റ് ധാരണ അന്തിമഘട്ടത്തിലാണ്. സി.പി.എമ്മും സി.പി.ഐയും സീറ്റുകളുടെ കാര്യത്തിൽ ചില പഞ്ചായത്തുകളിൽ ഉറച്ച നിലപാട് എടുത്തതോടെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാതിരിക്കുന്നതെന്നും പറയുന്നു.
പഞ്ചായത്തുകളിൽ എൽ.ഡി.എഫിൽ ഘടകകക്ഷി സീറ്റ് ചർച്ച പലതവണ നടത്തിയെങ്കിലും പൂർണതയിൽ എത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് താമരക്കുളം, പാലമേൽ, നൂറനാട്, ചുനക്കര, വള്ളികുന്നം പഞ്ചായത്തുകളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കുള്ള സ്ഥാർഥി പട്ടികയും ഇതുവരെ പൂർണമായില്ല. കൂടുതൽ സീറ്റുകൾ നേടിയ താമരക്കുളം, തഴക്കര പഞ്ചായത്തിലും മാവേലിക്കര നഗരസഭയിലും അധികാരത്തിൽ എത്തുകയും സമീപ പഞ്ചായത്തുകളിൽ പരമാവധി സീറ്റുകൾ നേടുകയുമാണ് ബി.ജെ.പി ലക്ഷ്യം.
മാവേലിക്കര നഗരസഭ
തുടക്കത്തിൽ സ്വതന്ത്രനെ ചെയർമാനാക്കി കോൺഗ്രസ് ഭരണംപിടിച്ച നഗരസഭയാണ് മാവേലിക്കര. എന്നാൽ, നാലര വർഷത്തിനുശേഷം കോൺഗ്രസ് തന്നെ അവിശ്വാസം കൊണ്ടുവന്ന് ചെയർമാനെ പുറത്താക്കി. പിന്നീട് ഇടതുമുന്നണിയിലെ ജനാധിപത്യ കേരള കോൺഗ്രസ് അംഗത്തിന്റെ പിന്തുണയിൽ കോൺഗ്രസ് ഭരണം നിലനിർത്തി. തുടർന്ന്സ സ്വതന്ത്രൻ സി.പി.എമ്മിനൊപ്പം ചേർന്നു.
അധ്യക്ഷ പദവി വനിത സംവരണമായതോടെ കൂടുതൽ വനിതകളെ ജനറൽ, വനിത സംവരണ സീറ്റുകളിൽ മത്സരിപ്പിക്കാൻ മുന്നണികൾ തയാറായിട്ടുണ്ട്. കഴിഞ്ഞതവണ ഒമ്പതുവീതം സീറ്റുകൾ നേടിയ നഗരസഭയിലെ ഭരണം പിടിക്കുകയെന്നത് മൂന്നു കൂട്ടരുടെയും അഭിമാനപ്രശ്നമാണ്. കോൺഗ്രസ് ഇത്തവണയും അധികാരം നിലനിർത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ഭരണം തിരിച്ചു പിടിക്കുമെന്ന് സി.പി.എം നേതൃത്വവും പറയുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം കൂടിയ സി.പി.എം ഏരിയ കമ്മിറ്റി യോഗത്തിൽ മുൻ ചെയർപേഴ്സന് സീറ്റു നൽകുന്നതിൽ എതിർപ്പുമായി ഒരുവിഭാഗം രംഗത്തെത്തിയത് സി.പി.എമ്മിലെ ഭിന്നത രൂക്ഷമായതായും പറയുന്നു. ആകെയുള്ള 28 വാർഡുകളിൽ 18 വാർഡുകളിലെ സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. 2015-20ൽ വൈസ് ചെയർപേഴ്സനായിരുന്ന സി.പി.ഐയിലെ ഗീതാകുമാരിയും ബി.ജെ.പി പട്ടികയിലുണ്ട്.
തെക്കേക്കര
എൽ.ഡി.എഫിന് എന്നും മുൻതൂക്കമുള്ള പഞ്ചായത്ത്. വനിത സംവരണമാണ് പ്രസിഡന്റ് സ്ഥാനം. വികസന വിഷയങ്ങളിൽ പ്രതികരിച്ച് ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്. ഡി.സി.സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പ്രവർത്തകർ പഞ്ചായത്തിലെ 20 വാർഡുകളിലെ 16 ഇടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
തഴക്കര
ഇത്തവണ അധികാരത്തിൽ എത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. എൽ.ഡി.എഫും ആത്മവിശ്വാസത്തിലാണ്. വനിത സംവരണമാണ് പ്രസിഡന്റ് സ്ഥാനം. സ്വതന്ത്രയെ പ്രസിഡന്റാക്കി എൽ.ഡി.എഫ് ആണ് ഭരണം.
ചുനക്കര
വർഷങ്ങളായി എൽ.ഡി.എഫ് ഭരണം. ഇത്തവണയും മാറ്റമുണ്ടാകില്ലെന്ന് എൽ.ഡി.എഫ് അവകാശപ്പെട്ടു. ബി.ജെ.പിയും യു.ഡി.എഫും പ്രചാരണ രംഗത്ത് സജീവമാണ്. വനിത സംവരണമാണ് പ്രസിഡന്റ് സ്ഥാനം.
താമരക്കുളം
വനിത സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യു.ഡി.എഫും എൽ.ഡി.എഫും മാറി മാറി ഭരിച്ച ചരിത്രം. യു.ഡി.എഫാണ് ഭരണം. ഇക്കുറി തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും അധികാരത്തിലെത്താൻ ബി.ജെ.പിയും സജീവ സാന്നിധ്യമായി രംഗത്തുണ്ട്. എല്ലാ വാർഡിലും ത്രികോണ മത്സരം നടക്കും.
പാലമേൽ
വനിത സംവരണമാണ് പ്രസിഡന്റ് സ്ഥാനം. എൽ.ഡി.എഫിന് മൂൻതൂക്കമുള്ള പഞ്ചായത്ത്. ഇത്തവണ യു.ഡി.എഫ് ചരിത്രവിജയം നേടി അധികാരത്തിലെത്തുമെന്ന് നേതൃത്വം. ബി.ജെ.പിയും രംഗത്തുണ്ട്.
നൂറനാട്
എൽ.ഡി.എഫാണ് ഭരണം. യു.ഡി.എഫും ബി.ജെ.പിയും രംഗത്തുണ്ട്. ഇത്തവണയും ഭരണം നിലനിർത്താൻ പോരാട്ടത്തിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്.
വള്ളികുന്നം
എൽ.ഡി.എഫാണ് ഭരണം. ഇരുമുന്നണികളും ഭരണത്തിലെത്തിയിട്ടുണ്ട്. ബി.ജെ.പിയും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

