മാവേലിക്കര തപാൽ ഡിവിഷൻ നിർത്തലാക്കാനുള്ള തീരുമാനം റദ്ദാക്കി
text_fieldsമാവേലിക്കര: മാവേലിക്കര തപാൽ ഡിവിഷൻ ആലപ്പുഴ ഡിവിഷനിൽ ലയിപ്പിക്കാനുള്ള മന്ത്രാലയ തീരുമാനം റദ്ദാക്കി. ലയനം സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നെങ്കിലും, കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൽ നടത്തിയ ഇടപെടലിനെത്തുടർന്ന് ലയന നിർദേശം റദ്ദാക്കിയതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു.മാവേലിക്കര തപാൽ ഡിവിഷൻ ആലപ്പുഴ ഡിവിഷനിൽ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി സെപ്റ്റംബർ 10ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തുനൽകി.
തീരുമാനം പിൻവലിക്കണമെന്നും മാവേലിക്കര തപാൽ ഡിവിഷൻ നിലവിലുള്ള രീതിയിൽ നിലനിർത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു. എം.പിയുടെ കത്ത് പരിഗണിച്ച് വിഷയം പരിശോധിച്ച ശേഷമാണ് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക മറുപടി ലഭിച്ചത്. ഒക്ടോബർ ഏഴിന് നൽകിയ കത്തിൽ തപാൽ വകുപ്പിന്റെ ഭരണസംവിധാനം പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെങ്കിലും മാവേലിക്കര തപാൽ ഡിവിഷൻ ലയിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ കേരള പോസ്റ്റൽ സർക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിങ്ങും മാവേലിക്കര തപാൽ ഡിവിഷൻ ലയിപ്പിക്കാനോ നിർത്തലാക്കാനോ പദ്ധതിയില്ലെന്ന് എം.പിയെ അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

