തൊട്ടതെല്ലാം പൊന്നാക്കി കാഥികൻ പാവുമ്പ കെ.പി
text_fieldsകാഥികൾ പാവുമ്പ കെ.പി
മാവേലിക്കര: അന്യം നിന്നു പോയ കഥാപ്രസംഗ കലയെ നെഞ്ചോട് ചേർത്ത് ഒരു കാലത്ത് ഉത്സവവേദികളിൽ നിറഞ്ഞുനിന്നിരുന്ന പാവുമ്പ കെ.പി എന്ന കേശവപിള്ള ഇപ്പോൾ കവിതയെഴുത്തിന്റെ തിരക്കിലാണ്. ബാലസാഹിത്യ കൃതിയായ ‘കുന്നിമണികൾ’ ഉടൻ പ്രസിദ്ധീകരിക്കും. ‘ആദി കവി വാല്മീകി’ എന്ന ഇതിഹാസ നാടകത്തിന്റെ രചനയിലുമാണ്. കഥാപ്രസംഗങ്ങൾ രചിച്ചതും മിക്ക പാട്ടുകൾക്കും ഈണം പകർന്നതും പാവുമ്പ കെ.പി തന്നെയായിരുന്നു.
വള്ളികുന്നം പഞ്ചായത്തിലെ വാളാച്ചാലിലാണ് ജനനമെങ്കിലും അച്ഛന്റെ വീടായ പാവുമ്പയിലെ ജീവിതത്തിനിടയിലാണ് സാഹിത്യ രചന തുടങ്ങിയത്. അന്നുമുതലാണ് പാവുമ്പ കെ.പി എന്ന പേര് സ്വീകരിച്ചത്. 22ാം വയസ്സിലാണ് ആദ്യ കഥാപ്രസംഗം തയാറാക്കിയത്. 1967ൽ ചത്തിയറ ദേവി ക്ഷേത്രത്തിൽ അരങ്ങേറ്റം. ‘പ്രതിജ്ഞ’യായിരുന്നു ആദ്യ കഥാപ്രസംഗം. ആദ്യ അവതരണത്തിനുശേഷം നാട്ടുകാർ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയപ്പോൾ തന്റെ പാത ഇതാണെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് 25 വർഷം ആയിരക്കണക്കിന് വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ‘പ്രതിജ്ഞ’, ‘പ്രതികാരം’, ‘പാർവതി കല്യാണം’ തുടങ്ങി നിരവധി കഥകളാണ് അവതരിപ്പിച്ചത്. ഇതിനിടെ നാടകങ്ങളും എഴുതി. സംഗീത സംവിധാനം, ആലാപനം, നാടക അഭിനയം, സംവിധാനം തുടങ്ങിയവയിലും തിളങ്ങി. ‘ശൃംഖല’, ‘മൃതസഞ്ജീവനി’, ‘പത്മവ്യൂഹം’, ‘സത്യം മരിക്കില്ല’, ‘വിളംബരം’, ‘ദൃക്സാക്ഷി’, ‘ധിക്കാരി’ എന്നീ നാടകങ്ങൾ രചിച്ച് നിരവധി വേദികളിൽ അവതരിപ്പിച്ചു.
കഥാപ്രസംഗത്തിന്റെ സുവർണകാലത്ത് രാഷ്ട്രീയവും ഹാസ്യവും ചില പൊടിക്കൈകളും ചേർത്ത് പറഞ്ഞ് വേദി കൈയിലെടുക്കുമ്പോൾ ഏറെ ആവേശമായിരുന്നുവെന്ന് പാവുമ്പ കെ.പി ഓർക്കുന്നു. എഴുതിയ പാട്ടുകൾ കേട്ട്നിരവധി പ്രഫഷണൽ നാടക സമിതികൾ പാട്ടെഴുതാൻ സമീപിച്ചതായും ചില നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതി കൊടുത്തതായും അദ്ദേഹം പറഞ്ഞു.
സാഹിത്യ പ്രവർത്തനത്തിനൊപ്പം 15 വർഷം ട്രേഡ് യൂനിയൻ രംഗത്തും പാവുമ്പ കെ.പി സജീവമായിരുന്നു. നൂറനാട് ലപ്രസി സാനിറ്റോറിയത്തിൽ കഥാപ്രസംഗം അവതരിപ്പിച്ച ശേഷം കണ്ണീരോടെ അന്തേവാസികൾ അടുത്ത് വന്ന് അഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവാത്ത ഓർമയാണ്. കഥാപ്രസംഗരംഗത്ത് നാട്ടുകാർ നൽകിയ പ്രോത്സാഹനത്തിന് ഏറെ നന്ദിയുണ്ടെന്നും പാവുമ്പ കെ.പി. പറഞ്ഞു. ‘പുത്രകാമേഷ്ടി’, ‘മണ്ണിന്റെ മക്കൾ’, ‘കാട്ടു കുയിൽ’ എന്നീ നാല് കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഖണ്ഡകാവ്യമായ ‘കാട്ടു കുയിൽ’ ഏറെ ശ്രദ്ധ നേടി. പുരോഗമന കലാസാഹിത്യസംഘമടക്കം നിരവധി സംഘടനകൾ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. 58 വർഷമായി താമരക്കുളം പഞ്ചായത്തിലെ വേരപ്ലാവിൽ പിച്ചി നാട് കിഴക്ക് എന്ന വീട്ടിൽ ഭാര്യ പൊന്നമ്മക്കൊപ്പം താമസിക്കുന്നു. ജയശ്രീ, രാജശ്രീ, പത്മശ്രീ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

