സംവരണമണ്ഡലമായ മാവേലിക്കരയിൽ ഇടതുതേരോട്ടം; തിരിച്ചുവരവിനായി യു.ഡി.എഫ്
text_fieldsമാവേലിക്കര: തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ വലത്-ഇടത് മുന്നണികളെ ഒരേപോലെ സ്വീകരിക്കുകയും തള്ളുകയും ചെയ്ത പാരമ്പര്യമാണ് മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തിലകക്കുറിയായ മാവേലിക്കര മണ്ഡലത്തിനുള്ളത് .
കേരളത്തിലെ 12 ദ്വയാംഗ മണ്ഡലങ്ങളിലൊന്നായിരുന്നു മാവേലിക്കര. ദ്വയാംഗമണ്ഡലം മാറി ഏകാംഗ മണ്ഡലം വന്നപ്പോഴും മാവേലിക്കരയിലെ തെരഞ്ഞെടുപ്പ് ചൂടിന് കുറവുണ്ടായില്ല. രൂപവത്കരണഘട്ടം മുതല്‍ പ്രകടിപ്പിച്ചുപോന്ന ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യം കൂടുതല്‍ കരുത്ത് കാട്ടാൻ കഴിയുമെന്ന് ഇടതുപക്ഷവും തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും.
1965ൽ ആണ് മണ്ഡലം രൂപവത്കരിച്ചത്. ഇതിനകം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി വിജയം നേടി. 1965ൽ നടന്ന കന്നിമത്സരത്തില്‍ കോൺഗ്രസിലെ കെ.കെ. ചെല്ലപ്പന്പിള്ളക്കായിരുന്നു ജയം. 67ലും 70 ലും സപ്തകക്ഷി മുന്നണിയിലെ എസ്.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന ജി. ഗോപിനാഥപിള്ള ജയിച്ചു. 77ല്‍ കോൺഗ്രസ് മുന്നണിയിലെ എന്‍.ഡി.പി സ്ഥാനാര്‍ഥി എന്‍. ഭാസ്കരന്‍നായര്‍ ജയിച്ചു. 80, 82, 87 തെരഞ്ഞെടുപ്പുകളില്‍ സി.പി.എം ലെ എസ്. ഗോവിന്ദക്കുറുപ്പിനു വിജയം, എന്നാൽ, 91 മുതല്‍ ചിത്രം മാറി. തുടർച്ചായി 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ എം. മുരളി ഇവിടെ വിജയം ആവര്‍ത്തിച്ചു.
2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ജില്ലയിലെ ഏക സംവരണ മണ്ഡലമായി മാറിയ മാവേലിക്കരയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ആര്. രാജേഷിനായിരുന്നു ജയം. യു.ഡി.എഫിലെ ജെ.എസ്.എസ് സ്ഥാനാർഥിയായിരുന്ന കെ.കെ. ഷാജുവിനെ 5149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്പിച്ചത്.
തുടർന്ന് നടന്ന 2014ൽ ലോക്സഭ തെരഞ്ഞെടുപ്പിലും മണ്ഡലം ഇടത്തോട്ട് ചാഞ്ഞാണ് നിന്നത്. 6,467 വോട്ട് യു.ഡി.എഫിനേക്കാള്‍ കൂടുതല്‍ കിട്ടി. 2016ൽ ആർ. രാജേഷിലൂടെ മാവേലിക്കര വീണ്ടും ചുവന്നു. ജില്ലയിൽതന്നെ രണ്ടാമത്തെ ഭൂരിപക്ഷമായ 31,542 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ബൈജു കലാശാലയെ തോൽപിച്ചാണ് എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചത്.. എന്നാൽ, തുടർന്നു വന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം കോട്ടയെന്ന് കരുതപ്പെട്ടിരുന്ന നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കൊടിക്കുന്നിൽ സുരേഷ് ആദ്യമായി 969 വോട്ടുകളുടെ ലീഡ് നേടിയിരുന്നു. എന്നാൽ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനമാകെ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും മാവേലിക്കര നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 1396 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ പുതുമുഖമായി വന്ന എം.എസ് അരുൺ കുമാർ, ജെ.എസ്.എസ് വിട്ട് കോൺഗ്രസിലെത്തിയ കെ.കെ. ഷാജുവിനെ 24,539 വോട്ട് ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
മണ്ഡല സ്ഥിതിവിവരം
മാവേലിക്കര മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകളായ തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട്, പാലമേൽ, താമരക്കുളം, വള്ളികുന്നം എന്നിവ ഉൾക്കൊള്ളുന്നതാണ് മണ്ഡലം. നൂറനാട് ജില്ല പഞ്ചായത്ത് ഡിവിഷൻ പൂർണമായും, വെണ്മണി , ചെന്നിത്തല, ഭരണിക്കാവ്, കൃഷ്ണപുരം ഡിവിഷനുകൾ ഭാഗികമായും മാവേലിക്കര നിയമസഭ മണ്ഡലത്തിലാണ്. ഇതിൽ ഭരണിക്കാവ് ഡിവിഷൻ ഒഴിച്ചുള്ള ഡിവിഷനുകൾ എൽ.ഡി.എഫ് നേടി. മാവേലിക്കര, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയും എൽ.ഡി.എഫ് നിലനിർത്തി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ചെറിയ നേട്ടം അവകാശപ്പെടാമെങ്കിലും വള്ളികുന്നം, പാലമേൽ പഞ്ചായത്തുകളിൽ ഭരണം നിലനിർത്താനായില്ല. മാവേലി നഗരസഭ, പാലമേൽ പഞ്ചായത്തുകളിൽ യു.ഡി.എഫിനാണ് മുൻതൂക്കം.
താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകൾ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരത്തിൽ എത്തുകയും ചെയ്തു. തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് എന്നിവിടങ്ങളിൽ ഭരണസാരഥ്യം നിലനിർത്തുകയും ചെയ്തു. എല്ലാ തദ്ദേശ സ്വയംഭരണ പ്രാതിനിധ്യവുമുള്ള ബി.ജെ.പി, മാവേലിക്കര നഗരസഭയിലും തെക്കേക്കര ഗ്രാമ പഞ്ചായത്തിലും മുഖ്യപ്രതിപക്ഷമാണ്. തഴക്കര പഞ്ചായത്തിൽ യു.ഡി.എഫിനൊപ്പം ബി.ജെ.പി സീറ്റുകൾ നേടുകയും ചെയ്തു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 57,261 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫ് നേടിയത് 47,401 വോട്ടുകളുമാണ്. എൻ.ഡി.എ മുന്നണി 38,447 വോട്ടുകളും നേടി. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എം.എസ് അരുൺ കുമാറിന് 68,654 വോട്ടുകളാണ് ലഭിച്ചത്. ഭൂരിപക്ഷം 24, 539 വോട്ടായിരുന്നു. എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വോട്ടുനില 57,261 ആയി കുറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി കെ.കെ. ഷാജു നിയമസഭ തെരഞ്ഞെടുപ്പിൽ 44,115 വോട്ടുകൾ ലഭിച്ചപ്പോൾ തദ്ദേശത്തിൽ 47,401 വോട്ടുകൾ നേടാനായി. നിയമസഭ തെരഞ്ഞെടുപ്പിൽ 27,110 വോട്ടുകൾ നേടിയ ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ 38,447 ആയി വർധിച്ചു.
മണ്ഡലത്തിൽ നടപ്പാക്കിയതും ഭരണാനുമതി ലഭിച്ചതുമായ നൂറുകണക്കിന് പദ്ധതികളുടെ പേരിൽതന്നെയാകും എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക. മാവേലിക്കര ജില്ല ആശുപത്രിയുടെ നിർമാണമടക്കം നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞതും എൽ.ഡി.എഫ് നേട്ടമായി ചൂണ്ടിക്കാട്ടുന്നു.
ചില പദ്ധതികളിൽ ഉണ്ടായ പാളിച്ചകളും ഇടതുസർക്കാറിന്റെ ഭരണവിരുദ്ധതയും തുറന്നുകാട്ടിയാണ് യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

