മാവേലിക്കരയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ തുടങ്ങും
text_fieldsമാവേലിക്കരയിലെ കെ.എസ്.ആർ.ടി.സി. വർക്ക്ഷോപ്പ് വളപ്പിൽ ഡ്രൈവിങ് ടെസ്റ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ്കുമാറുമായി എം.എസ്. അരുൺകുമാർ എം.എൽ.എ.
ചർച്ച നടത്തുന്നു
മാവേലിക്കര: കെ.എസ്.ആർ.ടി.സി മാവേലിക്കര റീജനൽ വർക്ക്ഷോപ്പ് വളപ്പിൽ മൂന്നുമാസത്തിനകം ടെസ്റ്റിങ് ഗ്രൗണ്ട് തയാറാകുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ. താമസിയാതെ കെ.എസ്.ആർ.ടി.സി. യുടെ ഡ്രൈവിങ് സ്കൂളും തുടങ്ങും. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ്കുമാറുമായി എം.എൽ.എ. നടത്തിയ ചർച്ചയിലാണു തീരുമാനം.
റീജനൽ വർക്ക്ഷോപ്പ് വളപ്പിൽ അമ്പത് സെന്റ് ഭൂമിയിലാണ് ടെസ്റ്റിങ് ഗ്രൗണ്ട് ഒരുക്കുന്നത്. 23 മീറ്റര്‍ വീതം നീളവും വീതിയും ഉണ്ടാകും. ശുചിമുറിയും ഉദ്യോഗസ്ഥര്‍ക്കുള്ള സൗകര്യങ്ങളും മറ്റ് ആധുനിക സംവിധാനങ്ങളും ഒരുക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പ് 20.65 ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ചു. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന ആറ് കേന്ദ്രങ്ങളിൽ ഒന്നാണിത്.
നിലവില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാവേലിക്കരയിലും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ചാരുംമൂട്ടിലുമാണ് ടെസ്റ്റ് നടത്തി വരുന്നത്. കെ.എസ്.ആര്.ടി.സി വളപ്പില്‍ ടെസ്റ്റിങ് ഗ്രൗണ്ട് തയാറാകുന്നതോടെ ഇവിടെയും ചാരുംമൂട്ടിലുമായി ടെസ്റ്റ് നടക്കും.

