മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ
text_fieldsറസൽ മുഹമ്മദ്, ഉണ്ണിക്കുട്ടൻ, സൂരജ്, സൂരജ് കുമാർ
മാവേലിക്കര: ഫിനാൻസ് സ്ഥാപനങ്ങളിൽ വ്യാജ ഹോൾ മാർക്ക് സീൽ പതിച്ച മുക്കുപണ്ടം പണയം വെച്ച് മൂന്ന് ലക്ഷം രൂപക്ക് മുകളിൽ തട്ടിയ സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തു. പള്ളിക്കൽ പഴകുളം റസൽ മൻസിൽ വീട്ടിൽ റസൽ മുഹമ്മദ്(20), നൂറനാട് പാലമേൽ ചെറുനാമ്പിൽ വീട്ടിൽ എസ്. സൂരജ് (19), അടൂര്‍ മോലൂട് ചരുവിൽ തറയിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ (21), പന്തളം കുരമ്പാല ജയലക്ഷമി വിലാസം വീട്ടിൽ എസ്. സൂരജ് കുമാര്‍ (19) എന്നിവരെയാണ് മാവേലിക്കര പൊലീസ് എറണാകുളത്തെ ഒരു ആഡംബര ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവർ കോയമ്പത്തൂരിൽനിന്നാണ് വ്യാജ ഹോൾമാര്‍ക്ക് ചെയ്ത സ്വർണം വാങ്ങി പണയം വെച്ചിരുന്നത്. വ്യാജ ആധാർ കാർഡും ഇതിനായി ഉപയോഗിച്ചിരുന്നു.
ചെറുകിട ഫിനാൻസ് സ്ഥാപനങ്ങളിൽ അപ്രൈസര്‍മാര്‍ ഇല്ലാതെ സ്വർണം പണയം എടുക്കുമെന്ന് സംഘം മനസ്സിലാക്കിയിരുന്നു. ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാര്‍ ഹോൾമാര്‍ക്ക് മാത്രം നോക്കി പണയം സ്വീകരിച്ചിരുന്നത് പ്രതികൾക്ക് മുതൽക്കൂട്ടായി. മാവേലിക്കര പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇതൊരു സംഘം ചേര്‍ന്നുളള തട്ടിപ്പാണെന്ന് മനസ്സിലായതോടെ ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിച്ച് അന്വേഷണം തുടങ്ങി.
തുടര്‍ന്ന് സമാന കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടുന്നത്. പോക്സോ, മോഷണം, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റസൽ മുഹമ്മദ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

