മാവേലിക്കരയിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനം
text_fieldsപ്രതീകാത്മക ചിത്രം
മാവേലിക്കര: നഗരപരിധിയിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനം. നഗരസഭ തല ഗതാഗത ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം. ഇതിനായി പൊതുമരാമത്ത് നിരത്ത് വിഭാഗം, പൊലീസ്, മോട്ടോർവാഹന വകുപ്പ് എന്നിവരുടെ സഹായം തേടും. നഗര ഗതാഗതത്തിന് തടസ്സമാകുന്ന തരത്തിൽ പലയിടത്തും റോഡ് കൈയേറി വഴിയോര കച്ചവടം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ, സിവിൽ സ്റ്റേഷന് സമീപം, പുതിയകാവ്, ആശുപത്രി ജങ്ഷന് സമീപം എന്നിവിടങ്ങളിലെല്ലാം വഴിയോരക്കച്ചവടം ഗതാഗതത്തിനു തടസ്സമാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. വഴിയോരക്കച്ചവടക്കാരുടെ താൽകാലിക ഷെഡുകൾ നീക്കാനും തീരുമാനിച്ചിട്ടുണ്ട്.
നഗരത്തിൽ വഴിയോര മത്സ്യവിൽപ്പനയും നിരോധിക്കും. മത്സ്യ കച്ചവടക്കാരോട് കണ്ടിയൂർ, പുന്നമൂട് മാർക്കറ്റുകളിലേക്ക് കച്ചവടം മാറ്റാൻ നിർദേശം നൽകും. പെട്ടി വണ്ടികളിൽ മത്സ്യം കൊണ്ടുനടന്ന് വിൽക്കുന്നതിന് നിരോധനമില്ല. ഒഴിപ്പിക്കുന്നതിന് മുന്നോടിയായി കച്ചവടക്കാരുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗം അടുത്തിടെ വിളിച്ചിരുന്നു. 140ഓളം വഴിയോരക്കച്ചവടക്കാർ നഗര പരിധിയിലുള്ളതായാണ് കണക്ക്.
ഇവരിൽ നഗരസഭയുടെ കാർഡുള്ളത് 38 പേർക്കു മാത്രമാണ്. പുതിയകാവ് മാർക്കറ്റിൽ ബയോ മൈനിങ് പൂർത്തിയാകുമ്പോൾ കാർഡുള്ളവർക്ക് പുനരധിവാസം നൽകുന്നത് പരിഗണിക്കും. മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കുന്നതിനായി കത്തു നൽകും. വിദ്യാർഥികൾക്ക് ലഹരി കൈമാറുന്ന സംഘങ്ങൾ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പലതവണ പരാതി ഉയർന്നിരുന്നു. ലഹരി ഉപയോഗിച്ചശേഷം വിദ്യാർഥികൾ തമ്മിലുള്ള സംഘർഷവും പലപ്പോഴും ബസ് സ്റ്റാൻഡിൽ ഉണ്ടാകാറുണ്ട്.
നഗരസഭ പ്രദേശത്ത് പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുക, മിച്ചൽ ജങ്ഷന് പടിഞ്ഞാറുള്ള സ്ലാബിളക്കി ഓട വൃത്തിയാക്കി വെള്ളക്കെട്ടൊഴിവാക്കുക, നഗരത്തിൽ ബസ് സ്റ്റോപ്പ് ഇല്ലാത്തിടങ്ങളിൽ സ്വകാര്യ ബസ് നിർത്തുന്നത് നിരോധിക്കുക, കെ.എസ്.ആർ.ടി.സി ബസുകൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിലൂടെ കയറിയിറങ്ങി പോകുന്നതിന് അധികൃതർക്ക് കത്ത് നൽകുക തുടങ്ങിയ തീരുമാനങ്ങളും യോഗത്തിലുണ്ടായി. നഗരസഭ അധ്യക്ഷ ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എസ്.ഐ എബി വർഗീസ്, എം.വി.ഐ രാജേഷ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ആർ. ബിനോയ്, പി.ഡബ്ല്യു.ഡി ഓവർസിയർ അശ്വതി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

